പെരിന്തൽമണ്ണയിൽ ഗതാഗതക്കുരുക്ക്: പുലാമന്തോളിൽ യാത്രക്കാർ നട്ടംതിരിയുന്നു
text_fieldsപുലാമന്തോൾ: പെരിന്തൽമണ്ണ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ പുലാമന്തോളിലെ ബസ് യാത്രക്കാർ നട്ടം തിരിയുന്നു. പുലാമന്തോളിൽനിന്ന് വളപുരം ഭാഗത്തേക്ക് പോവുന്ന യാത്രക്കാരാണ് സമയത്തിന് ബസ് കിട്ടാതെ നട്ടം തിരിയുന്നത്. പുലാമന്തോളിൽനിന്ന് വളപുരം, മൂർക്കനാട് ഭാഗത്തേക്ക് വൈകീട്ട് 4.20ന് ബസ് പോയിക്കഴിഞ്ഞാൽ അടുത്ത ബസിന് ഒന്നര മണിക്കൂർ കഴിയണം.
മലപ്പുറത്തുനിന്ന് പുറപ്പെട്ട് അങ്ങാടിപ്പുറം-പെരിന്തൽമണ്ണ വഴി 5.45ന് പുലാമന്തോളിലെത്തിയാണ് ഈ ബസ് വളപുരത്തേക്ക് പോവുന്നത്. പെരിന്തൽമണ്ണയിലെ ട്രാഫിക് പരിഷ്കരണവും റോഡ് നവീകരണവും കാരണം അങ്ങാടിപ്പുറം ജങ്ഷൻ മുതൽ തുടങ്ങുന്ന ഗതാഗതക്കുരുക്ക് അഴിയാൻ ആറു കിലോമീറ്റർ ടൗണിലൂടെ സഞ്ചരിച്ച് പെരിന്തൽമണ്ണ പട്ടാമ്പി- ചെർപ്പുളശ്ശേരി ജങ്ഷനിലെത്തണം. ഇതോടെ 5.45ന് എത്തേണ്ടുന്ന ബസ് ആറിന് ശേഷമാണ് പുലാമന്തോളിലെത്തുന്നത്.
വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരായ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു വിഭാഗം യാത്രക്കാർ ബസ് വൈകിയെത്തുന്നത് കാരണം അന്തിമയങ്ങിയിട്ടും വീടണയാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
വൈകുന്നേരങ്ങളിലെ ഇടിയും മിന്നലും കാറ്റും മഴയും കൂടിയാവുന്നതോടെ ഈ നിസ്സഹായരുടെ ദുരിതം ഇരട്ടിയാവുകയാണ്. ശേഷം പെരിന്തൽമണ്ണയിൽനിന്ന് പുറപ്പെട്ട് ആറിന് പുലാമന്തോളിലെത്തി വളാഞ്ചേരി ഭാഗത്തേക്ക് പോവുന്ന ബസും ഗതാഗതക്കുരുക്ക് കാരണം വൈകിയാണെത്തുന്നത്.
മുമ്പ് ഈ റൂട്ടിൽ 4.20നും 5.45നും ഇടയിൽ വളപുരം ഭാഗത്തേക്ക് മൂന്ന് ബസ് സർവിസുകൾ നിലവിലുണ്ടായിരുന്നു. അവയിൽ പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ട് 5.30ന് പുലാമന്തോളിലെത്തി വളാഞ്ചേരിയിലേക്കുള്ള ഒരു കെ.എസ്.ആർ.ടി.സി സർവിസും ഉണ്ടായിരുന്നു. അവയെല്ലാം വിവിധ കാരണങ്ങൾ പറഞ്ഞ് പിൻവലിയുകയായിരുന്നു. കെ.എസ്.ആർ.ടി.സി സർവിസെങ്കിലും പുനഃസ്ഥാപിക്കണമെന്ന നാട്ടുകാരുടെ പരാതി ഇതുവരെയും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.