ട്രഷറിക്കുരുക്ക്: പെരിന്തൽമണ്ണ ബ്ലോക്കിലെ ജനകീയ പദ്ധതികളുടെ തുക പാസായില്ല
text_fieldsപെരിന്തൽമണ്ണ: സർക്കാർ നൽകിയ പണം ചെലവഴിച്ച് സമയബന്ധിതമായി ബിൽ സമർപ്പിച്ചിട്ടും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രധാനപ്പെട്ട പദ്ധതികളുടെ ബില്ലുകൾ പാസാക്കിയില്ല. ഭിന്നശേഷി സ്കോളർഷിപ്, ലൈഫ് ഭവന പദ്ധതി, ക്ഷീര കർഷകർക്കുള്ള സബ്സിഡി, നെൽ കർഷകർക്കുള്ള സബ്സിഡി തുടങ്ങിയവ ഇതിൽ ഉൾപ്പെടും.
പരിസരത്തുള്ള ട്രഷറികൾ കാണിച്ച ജാഗ്രതയും താൽപര്യവും പെരിന്തൽമണ്ണ സബ് ട്രഷറി ജീവനക്കാരിൽനിന്ന് ഉണ്ടായില്ല. ദൈനംദിന ചെലവുകൾക്കുള്ള ബില്ലുകളും പിടിച്ചുവെച്ചു. നിബന്ധനകൾ പാലിച്ച് തയാറാക്കിയ മരാമത്ത് പണികളുടെ ബില്ലുകൾ തൊട്ടുനോക്കിയതുപോലുമില്ല. സർക്കാറും ട്രഷറി ഡയറക്ടറും നൽകിയ നിബന്ധനകൾ അനുസരിച്ച് ബില്ലുകൾ പാസാക്കാതെ ഫണ്ട് ലാപ്സ് ആക്കിയെന്നാണ് പരാതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നടത്തിപ്പിനുള്ള അവസാന ഗഡു ലഭ്യമായത് മാർച്ച് 23ന് അർധരാത്രിയോടെയാണ്. തുടർന്നുള്ള ദിവസങ്ങളിൽ ബില്ലുകൾ പാസാക്കാനായി മാനദണ്ഡങ്ങൾ വെച്ച് ട്രഷറി ഡയറക്ടറുടെ കൃത്യമായ നിർദേശവും ഉണ്ടായിരുന്നു. ടോക്കൺ കൊടുക്കണം എന്ന വ്യവസ്ഥ പെരിന്തൽമണ്ണയിൽ പാലിക്കപ്പെട്ടില്ല.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കുള്ള കഴിഞ്ഞ മാസത്തെ ശമ്പളം മറ്റു ട്രഷറികൾ രണ്ടോ മൂന്നോ ദിവസം മുമ്പേ പാസാക്കിയെങ്കിലും പെരിന്തൽമണ്ണ സബ് ട്രഷറിയിൽ ഇപ്പോഴും പാസായിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. ഉദ്യോഗസ്ഥ അനാസ്ഥക്കെതിരെ ജനപ്രതിനിധികൾ ട്രഷറി ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചു. ട്രഷറി ഡയറക്ടർക്ക് പരാതിയും നൽകി. നഷ്ടപ്പെടുത്തിയ പദ്ധതി ചെലവുകൾക്ക് പണം വകവെച്ചു നൽകണമെന്നും കൃത്യവിലോപം കാണിച്ച സബ് ട്രഷറി ഓഫിസർക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ, ട്രഷറി വകുപ്പ് നൽകിയ നിർദേശങ്ങൾ പാലിക്കുകമാത്രമാണ് ചെയ്തതെന്നും ബോധപൂർവം ഒരു ബില്ലും പാസാക്കാതെ മാറ്റിവെച്ചിട്ടില്ലെന്നും പെരിന്തൽമണ്ണ സബ് ട്രഷറി ഓഫിസർ ഇബ്രാഹീം വിശദീകരിച്ചു. മറിച്ചെന്തെങ്കിലും പരാതികളുണ്ടെങ്കിൽ ജില്ല ട്രഷറി ഓഫിസറെ സമീപിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അറിയിച്ചു.
പ്രതിഷേധം പെരിന്തൽമണ്ണ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.ടി. അഫ്സൽ, സി.എം. മുസ്തഫ, കെ.പി. സഈദ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളായ പി.കെ. അയമു, പി. അബ്ദുൽ അസീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ഷീജ മോൾ, കെ. ജയ, ബ്ലോക്ക് അംഗങ്ങളായ ഷൗക്കത്ത് നാലകത്ത്, മുഹമ്മദ് നയീം, വിൻസി അനിൽ, യു.ടി. മുൻഷിർ, പ്രബീന ഹബീബ്, ഗിരിജ, ഉസ്മാൻ, കെ. ഉബൈദ്, യൂസഫ് ഹാജി, അബ്ദുൽ മജീദ്, വാഹിദ, ഹിഷാം മേലാറ്റൂർ, മുബാറക്, ജൂബില ലത്തീഫ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.