നിലമ്പൂർ-ഷൊർണൂർ പാതയിൽ പുതിയ രണ്ടു ക്രോസിങ് സ്റ്റേഷൻ കൂടി
text_fieldsപെരിന്തൽമണ്ണ: ജില്ലയുടെ കിഴക്കൻ മേഖലയിൽനിന്ന് തുടങ്ങുന്ന നിലമ്പൂർ-ഷൊർണൂർ റെയിൽപാതയിൽ നിലവിലെ രണ്ട് ക്രോസിങ് സ്റ്റേഷനു പുറമെ പുതിയ രണ്ടെണ്ണം കൂടി സ്ഥാപിക്കാൻ നടപടി തുടങ്ങി. കുലുക്കല്ലൂരിലും മേലാറ്റൂരിലുമാണ് ഇവ വരുക. ഇവക്ക് റെയിൽവേ ടെൻഡർ ക്ഷണിച്ചു. പാതയിൽ ഒരേസമയം കൂടുതൽ ട്രെയിനുകൾ കടന്നുപോവാൻ സൗകര്യമൊരുക്കുന്നതാവും കുലുക്കല്ലൂർ, മേലാറ്റൂർ ക്രോസിങ് സ്റ്റേഷനുകളുടെ വരവ്. കുലുക്കല്ലൂരിൽ 9.01 കോടിയും മേലാറ്റൂരിൽ 8.04 കോടി രൂപയുമാണ് പദ്ധതിക്ക് ചെലവിടുക. നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കും. 65 കി.മീ ദൂരമാണ് നിലമ്പൂർ-ഷൊർണൂർ പാതക്ക്. അങ്ങാടിപ്പുറത്തും വാണിയമ്പലത്തും മാത്രമാണ് നിലവിൽ ക്രോസിങ് സ്റ്റേഷനുകളുള്ളത്.
ഒറ്റവരി പാതയായതിനാൽ ട്രെയിനുകൾക്ക് പരസ്പരം കടന്നുപോവാൻ ഏറെ ദൂരംചെന്നശേഷമേ സാധിക്കൂ. ഇതിനായി ട്രെയിനുകൾ ക്രോസിങ് സ്റ്റേഷനിൽ കൂടുതൽ നേരം പിടിച്ചിടുകയാണിപ്പോൾ. അതിലുപരി പുതിയ പാസഞ്ചർ ട്രെയിനുകൾക്ക് അനുവദിക്കുന്നതിനും തടസ്സം പരസ്പം ക്രോസ് ചെയ്ത് പോവാൻ വേണ്ടത്ര സ്റ്റേഷനുകളില്ലെന്നാണ്. ഇനി ഷൊർണൂരിൽനിന്ന് 14 കി.മീ. ദൂരം പിന്നിട്ടാൽ കുലുക്കല്ലൂർ, അവിടെനിന്ന് 13 കി.മീ. ദൂരം കഴിഞ്ഞാൽ അങ്ങാടിപ്പുറം, വീണ്ടും 12 കി.മീ. ദൂരം പിന്നിട്ടാൽ മേലാറ്റൂർ, 15 കി.മീ. പിന്നിട്ടാൽ വാണിയമ്പലം എന്നിങ്ങനെയാണ് ഇതോടെ ക്രോസിങ് സൗകര്യം വരുക.
രണ്ട് ക്രോസിങ് സ്റ്റേഷനുകൾ കൂടി യാഥാർഥ്യമായാൽ നാലിടത്തുവെച്ച് ട്രെയിനുകൾക്ക് പരസ്പരം കടന്നുപോവാം. കൂടുതൽ ട്രെയിനുകളെ ഒരേസമയം ഈ പാതയിൽ കടത്തിവിടാനാവുമെന്നാണ് പ്രത്യേകത.
പാസഞ്ചർ ട്രെയിനുകൾക്ക് പുറമെ അങ്ങാടിപ്പുറത്തെ എഫ്.സി.ഐ ഗോഡൗണിലേക്ക് ഗുഡ്സ് ട്രെയിനുകൾ വരുന്നതുകൊണ്ട് പലപ്പോഴും യാത്രാവണ്ടികൾ പിടിച്ചിടേണ്ട സ്ഥിതിയുണ്ട്. രണ്ടു സ്റ്റേഷനുകളിൽകൂടി ക്രോസിങ് സൗകര്യമാവുന്നതോടെ കൂടുതൽ യാത്രാവണ്ടികൾക്കും സാധ്യതയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.