30 കോടി വായ്പ കാത്ത് പെരിന്തൽമണ്ണ നഗരസഭയുടെ പൂർത്തിയാവാത്ത പദ്ധതികൾ
text_fieldsപെരിന്തൽമണ്ണ: നഗരസഭയിൽ മുടങ്ങിക്കിടക്കുന്ന വികസന പദ്ധതികൾ പൂർത്തിയാക്കാൻ കേരള അർബൻ ആൻഡ് റൂറൽ െഡവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷനിൽ (കെ.യു.ആർ.ഡി.എഫ്.സി) നിന്ന് പെരിന്തൽമണ്ണ നഗരസഭ ആവശ്യപ്പെട്ട 30 കോടിയിൽ പ്രതീക്ഷയർപ്പിച്ച് നിരവധി പദ്ധതികൾ.
വായ്പ നൽകാൻ ഫലത്തിൽ സർക്കാർ സമ്മതിക്കുകയും ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത്ര ഭീമമായ തുക ഒരു നഗരസഭക്ക് നൽകുന്നതിലെ സങ്കീർണതകളിൽ മാസങ്ങളായി നടപടികൾ ഇഴയുകയാണ്. അതേസമയം വായ്പ ലഭ്യമാക്കേണ്ട നടപടിയിൽ 90 ശതമാനം വരെ പൂർത്തിയായെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
പ്രധാനമായും പെരിന്തൽമണ്ണ നഗരത്തിൽ ഉയരുന്ന ഇൻഡോർ മാർക്കറ്റാണ് പൂർത്തിയാക്കാനുള്ളത്. 38.5 കോടി എസ്റ്റിമേറ്റ് തുക കണക്കാക്കി ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഏൽപ്പിച്ച പദ്ധതിയിൽ 47 ശതമാനം വരെ പൂർത്തിയായതായാണ് കണക്ക്. പൂർത്തിയാക്കിയ പ്രവൃത്തിക്ക് ഏഴു കോടിയോളം ഇവർക്ക് നൽകാനുണ്ട്.
പൊതുജനങ്ങളിൽനിന്ന് മുൻകൂർ പണം പിരിച്ചാണിത് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടത്. 2019 ഫെബ്രുവരിയിൽ ശിലാസ്ഥാപനം നടത്തി. നാലു നിലകളിൽ നിർമിക്കുന്ന മാർക്കറ്റിൽ മുറികൾ വാടകക്ക് ലഭിക്കാൻ ഡെപ്പോസിറ്റായി കോടികൾ നൽകിയവരാണ് കാത്തിരിക്കുന്നത്. 20 കോടിയോളം രൂപ ഇത്തരത്തിൽ ഡെപ്പോസിറ്റാണ്.
പണം മുടക്കിയവരോട് നഗരസഭ നൽകിയിരുന്ന ഉറപ്പ് പണം നൽകി ഒരു വർഷം കൊണ്ട് കെട്ടിടം പൂർത്തിയാക്കുമെന്നായിരുന്നു. 2020 നവംബറിലായിരുന്നു നിക്ഷേപ സമാഹരണം. പിരിച്ച മുഴുവൻ പണവും പദ്ധതിക്ക് വിനിയോഗിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുറികൾ വിളിച്ചെടുത്തവർ രംഗത്ത് വന്നിരുന്നു.
താലൂക്ക് തലത്തിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ നിക്ഷേപകർ കൂട്ടമായെത്തി മന്ത്രി ആന്റണി രാജുവിനോട് പരാതി അവതരിപ്പിച്ചിരുന്നെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.
30 ന് മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ വിഷയം വീണ്ടും ഉയർത്താനാണ് പണം മുടക്കിയവരുടെ ആലോചന. പെരിന്തൽമണ്ണ നഗരസഭക്ക് മുമ്പിൽ മൂന്ന് വർഷമായി സങ്കീർണമായി തുടരുന്നതാണ് പൂർത്തിയാക്കാത്ത വികസന പദ്ധതികൾ. ഏഴു കോടി രൂപ ചെലവിൽ നാലു വർഷം മുമ്പ് പ്രാഥമിക പ്രവൃത്തികൾ നടത്തിയ പെരിന്തൽമണ്ണ മുനിസിപ്പൽ ടൗൺഹാളും പാതി വഴിയിൽ കിടക്കുകയാണ്.
നാലു വർഷമായി നഗരസഭയുടെ പൊതു പരിപാടികൾ പോലും ഓഡിറ്റോറിയം വാടകക്കെടുത്താണ് നടത്താറ്. ഫണ്ടിന്റെ അഭാവമാണ് ഇതും പാതിവഴിയിൽ കിടക്കാൻ കാരണം. ആയുർവേദ ആശുപത്രിക്കുള്ള കെട്ടിടം ഇത്തരത്തിൽ മുടങ്ങിക്കിടക്കുന്ന മറ്റൊരു വികസന പദ്ധതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.