പെരിന്തൽമണ്ണ: എരവിമംഗലം ഒലിങ്കരയിൽ പലവട്ടമായി കണ്ണിൽപ്പെട്ട അജ്ഞാത ജീവി നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. ചൊവ്വാഴ്ച രാവിലെ 11ന് എരവിമംഗലം വെട്ടിയിൽ ചോലോത്ത് സൈതലവിയുടെ മകൾ വീട്ടിൽ വസ്ത്രം അലക്കുന്നതിനിടെ കഴുതപ്പുലി പോലുള്ള മൃഗത്തെ കണ്ട് ഭയന്ന് വീട്ടിലേക്കോടി. നിലവിളി കേട്ട് എത്തിയ നാട്ടുകാർ സമീപത്തുള്ള കുറ്റിക്കാട്ടിൽ തിരച്ചിൽ നടത്തി. യുവതിയുടെ അടുത്തേക്ക് പതുങ്ങി എത്തി കുതിച്ചു ചാടാൻ ഒരുങ്ങുമ്പോഴേക്കും കണ്ടെന്നും വീട്ടിലേക്ക്...
പെരിന്തൽമണ്ണ: എരവിമംഗലം ഒലിങ്കരയിൽ പലവട്ടമായി കണ്ണിൽപ്പെട്ട അജ്ഞാത ജീവി നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. ചൊവ്വാഴ്ച രാവിലെ 11ന് എരവിമംഗലം വെട്ടിയിൽ ചോലോത്ത് സൈതലവിയുടെ മകൾ വീട്ടിൽ വസ്ത്രം അലക്കുന്നതിനിടെ കഴുതപ്പുലി പോലുള്ള മൃഗത്തെ കണ്ട് ഭയന്ന് വീട്ടിലേക്കോടി. നിലവിളി കേട്ട് എത്തിയ നാട്ടുകാർ സമീപത്തുള്ള കുറ്റിക്കാട്ടിൽ തിരച്ചിൽ നടത്തി. യുവതിയുടെ അടുത്തേക്ക് പതുങ്ങി എത്തി കുതിച്ചു ചാടാൻ ഒരുങ്ങുമ്പോഴേക്കും കണ്ടെന്നും വീട്ടിലേക്ക് ഓടിയതിനാൽ രക്ഷപ്പെടുകയായിരുന്നുവെന്നും പറയുന്നു. ഒരാഴ്ച മുമ്പ് സൈതലവിയുടെ ഭാര്യയും രാവിലെ ആറോടെ ഇതേ സ്ഥലത്തുവെച്ചുതന്നെ വന്യജീവിയെ കണ്ടു. നാട്ടുകാരും ജനപ്രതിനിധികളും അറിയിച്ചത് പ്രകാരം വനപാലകർ വൈകീട്ട് നാലോടെ സ്ഥലത്തെത്തി. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗവും പൊലീസും നഗരസഭ ഉപാധ്യക്ഷ എ. നസീറ, കൗൺസിലർ ഷാഹുൽ ഹമീദ് എന്നിവരും സ്ഥലത്തെത്തി. പരിസരത്തെ കാട് വെട്ടിത്തെളിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
കുന്നപ്പള്ളി അടിവാരത്ത് പലയിടങ്ങളിലും വന്യജീവിയെ കണ്ടവരുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് എരവിമംഗലം വെട്ടിയിലെ കോഴിഫാമിൽ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളി ജീവിയെ കണ്ടത്. രാത്രി ശബ്ദംകേട്ട് ടോർച്ച് തെളിച്ച് നോക്കിയപ്പോൾ ജീവി ഇയാൾക്കുനേരെ ചാടി. നവംബർ എട്ടിന് എരവിമംഗലം പച്ചിലത്തുരുത്തിലെ പുത്തനാപറമ്പിൽ വീട്ടിലെ സുനിലിന്റെ വീട്ടിലെ ആടുകള അജ്ഞാത ജീവി ആക്രമിച്ചിരുന്നു. രാത്രി ഒരു മണിയോടെ സുനിലിന്റെ പിതാവാണ് ആടിനെ കൊന്ന നിലയിൽ കണ്ടത്.
മറ്റൊരു ആടിനെ ജീവി ആക്രമിക്കുന്നതും അദ്ദേഹം കണ്ടു. ടോർച്ച് തെളിയിച്ചതോടെ ആടിനെ ഉപേക്ഷിച്ച് ജീവി ഓടി. ഒരു ആടിനെ പകുതിയോളം തിന്നു തീർത്തിരുന്നു. സമീപ പ്രദേശങ്ങളിൽ മുമ്പ് പുലി ഭീഷണി ഉണ്ടായിരുന്നു എങ്കിലും എരവിമംഗലത്ത് ആദ്യമായാണ് വളർത്തുജീവികൾ ആക്രമിക്കപ്പെട്ടത്. പ്രദേശത്ത് കണ്ടത് പുലിയാണെന്നാണ് നാട്ടുകാരുടെ വാദം.