വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതി: രണ്ടാം ഘട്ടത്തിന് 118 കോടിയുടെ ഭരണാനുമതി
text_fieldsപെരിന്തല്‍മണ്ണ: താഴെക്കോട്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിൽ വർഷങ്ങൾക്ക് മുമ്പ് തുടങ്ങി പാതിവഴിയിൽ കിടക്കുന്ന വെട്ടിച്ചുരുക്ക് കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ട പ്രവൃത്തികള്‍ക്ക് 118 കോടി രൂപയുടെ ഭരണാനുമതി. 30 കോടി രൂപ ചെലവഴിച്ച് ആദ്യഘട്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിരുന്നു. തൂതപ്പുഴയിലെ വെട്ടിച്ചുരുക്കില്‍ പദ്ധതിയുടെ ഭാഗമായുള്ള കിണര്‍, പമ്പ്ഹൗസ്, ജല ശുദ്ധീകരണ പ്ലാൻറ് എന്നിവയുടെ പ്രവൃത്തികളാണ് പൂര്‍ത്തീകരിച്ചത്.
12,086 കുടുംബങ്ങളാണ് വർഷങ്ങളായി പദ്ധതി പൂർത്തിയാവുന്നത് കാത്ത് കഴിയുന്നത്. താഴേക്കോട് ഗ്രാമപഞ്ചായത്തില്‍ 7362ഉം ആലിപ്പറമ്പില്‍ 4724ഉം ഗുണഭോക്താക്കളുണ്ട്. പദ്ധതി പൂർത്തിയാക്കാൻ നാട്ടുകാർ ജനപ്രതിനിധികളെയും സർക്കാറിനെയും നിരന്തരം സമീപിച്ചുകൊണ്ടിരിക്കുകയായിരുന്നു. പദ്ധതിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജലജീവന്‍ മിഷന് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് എൻ.ആർ.ഡബ്ല്യു.പി/ എസ്.എല്‍.എസ്.എസ്.സി-2013 എന്നിവയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി തുടങ്ങിയത്. ആറു മീറ്റർ വ്യാസവുമുള്ള കിണറും പമ്പ് ഹൗസ്, റോ വാട്ടർ പമ്പിങ് മെയിൻ, 12 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാല, ക്ലിയർ വാട്ടർ ഭൂഗർഭ സംഭരണി, ആലിപ്പറമ്പ് പഞ്ചായത്തിലെ കൈനിശ്ശേരി കോട്ടയിൽ നിർമിക്കാനുദ്ദേശിക്കുന്ന 19 ലക്ഷം ലിറ്റർ ശേഷിയുള്ള ഉപരിതല സംഭരണിക്കുള്ള 300 മി. മീറ്റർ വ്യാസമുള്ള ക്ലിയർ വാട്ടർ പമ്പിങ് മെയിൻ എന്നിവയാണ് പൂർത്തീകരിച്ചത്.
ഒന്നാം ഘട്ടത്തിൽ ഉൾപ്പെടാത്ത 19 ലക്ഷം ലിറ്റർ ശേഷിയുള്ള രണ്ട് ഉപരിതല സംഭരണികളും ആലിപ്പറമ്പ് പഞ്ചായത്തിലെ ഇലക്ട്രോ മെക്കാനിക്കൽ പമ്പ് സെറ്റുകൾ, ട്രാൻസ്ഫോർമറുകൾ, അനുബന്ധ പ്രവൃത്തികൾ എന്നിവക്ക് രണ്ടാം ഘട്ടമായി 28.75 കോടി രൂപയുടെ വിശദമായ പദ്ധതിരേഖ വാട്ടർ അതോറിറ്റി തയാറാക്കിയിരുന്നെങ്കിലും ഫണ്ട് അനുവദിക്കുന്നത് നീണ്ടു. രണ്ട് പഞ്ചായത്തുകളിലായി വിതരണ ശൃംഖല സ്ഥാപിക്കാൻ 330 കിലോമീറ്റർ ഗ്രാഫിക് സർവേ പ്രവൃത്തികൾ പൂർത്തിയാക്കണം. വിതരണ ശൃംഖല സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിക്കുന്ന ചെലവ് ഉൾപ്പെടെ ഏകദേശം 109.25 കോടി രൂപ ചെലവാണ് മൂന്ന് വർഷം മുമ്പ് കണക്കാക്കിയിരുന്നത്. സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാവുമെന്ന് നജീബ് കാന്തപുരം എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.