പെരിന്തൽമണ്ണ ബൈപാസ് മാലിന്യമുക്തമാക്കി സന്നദ്ധ സേവകർ
text_fieldsപെരിന്തൽമണ്ണ: നഗരസഭയും വിവിധ സന്നദ്ധ സംഘടനകളും ഒരുകൂട്ടം വനിത സന്നദ്ധ പ്രവർത്തകരും സംയുക്തമായി ഇറങ്ങിയതോടെ 'ശുചിത്വ നഗരം സുന്ദര നഗരം' പ്രമേയമുയർത്തി പെരിന്തൽമണ്ണയിൽ നടത്തിയ നഗര ശുചീകരണം വ്യത്യസ്തമായി.
പെരിന്തൽമണ്ണ-കോഴിക്കോട് റോഡിലെ ബൈപാസ് ജങ്ഷൻ മുതൽ ഊട്ടി റോഡിലെ ബൈപാസ് ജങ്ഷൻ വരെ എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു ശുചീകരണം.
ഒരു ലോഡ് മാലിന്യം ശേഖരിച്ചു. നഗരസഭ അംഗങ്ങൾ, ജീവനക്കാർ, വ്യാപാരി വ്യവസായി ഏകോപന സമിതി, മർച്ചൻറ് അസോസിയേഷൻ യുവജന വിഭാഗം, വ്യാപാരി വ്യവസായി സമിതി, 'കൂടെ' വനിത കൂട്ടായ്മ, ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ്, സായി സ്നേഹതീരം, പെരിന്തൽമണ്ണ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് അംഗങ്ങൾ, പെരിന്തൽമണ്ണ ഏർലി ബേർഡ്സ് കൂട്ടായ്മ, സോൾസ് ഓഫ് പെരിന്തൽമണ്ണ, പോസ, ലൈഫ് കെയർ യോഗതെറപ്പി തുടങ്ങിയവർക്ക് പുറമെ യുവജന സംഘടന പ്രവർത്തകരും ശുചീകരണത്തിനെത്തി. ശുചീകരണം നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു.
കൂടെ വനിത കൂട്ടായ്മ പ്രതിനിധികളായ ഡോ. ഫെബീന സീതി, സബിത സലീം, സുമിത പ്രമോദ്, വ്യാപാരി വ്യവസായി പ്രതിനിധികളായ ഫസൽ മലബാർ, ഖാജാ മുഹ്യുദ്ദീൻ, കെ.ആർ. രവി, ഏർലി ബേർഡ്സ് പ്രിതിനിധി ഷംസുദ്ദീൻ, സോഴ്സ് ഒാഫ് പെരിന്തൽമണ്ണ പ്രതിനിധി വിനയൻ, പ്രസേൻറഷൻ സ്കൂൾ പൂർവ വിദ്യാർഥി സംഘടനയുടെ ഹനീഷ്, ഫയർ ആൻഡ് റസ്ക്യൂ വിഭാഗത്തിലെ മുഹമ്മദ് സലീം, വിന്നർ ഷരീഫ് തുടങ്ങി വിവിധ സംഘടന പ്രതിനിധികൾ നേതൃത്വം നൽകി. മാലിന്യം ശേഖരിക്കാനുള്ള ചാക്കുകളും ൈകയുറകളും നഗരസഭ നൽകി. ബൈപാസ് റോഡിൽ ഇടവിട്ട സ്ഥലങ്ങളിൽ പാഴ്വസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും നിക്ഷേപിക്കാൻ കൊട്ടകൾ നിക്ഷേപിക്കും.
പെരിന്തൽമണ്ണ നഗരത്തിൽ മുഴുവൻ റോഡുകളും ഇത്തരത്തിൽ ശുചീകരണം നടത്തണമെന്നും മാലിന്യമില്ലാത്ത നഗരമെന്ന സ്വപ്നം യാഥാർഥ്യമാക്കണമെന്നും ശുചീകരണത്തിൽ പങ്കെടുത്തവർ നിർദേശമായി മുന്നോട്ടു വെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.