കാത്തിരുന്നത് 30 വർഷം; 13 കുടുംബങ്ങൾ മൂന്ന് സെൻറിന് അവകാശികളാവും
text_fieldsപെരിന്തൽമണ്ണ: പതിച്ചു കിട്ടാത്ത മണ്ണിൽ മൂന്നു പതിറ്റാണ്ടായി കഴിയുന്ന എരവിമംഗലം 90 സെൻറ് കോളനിയിലെ 13 കുടുംബങ്ങൾക്ക് പ്രസ്തുത മണ്ണ് പതിച്ചു നൽകും. 1995ൽ നഗരസഭ രൂപീകൃതമായ കാലം മുതൽ നിലനിന്നിരുന്ന പട്ടയ പ്രശ്നത്തിനാണ് പരിഹാരമാകുന്നത്.
നിരവധി നിയമ പോരാട്ടങ്ങളും പ്രതിസന്ധികളും നിറഞ്ഞ നീണ്ടകാലത്തെ ഇടപെടലുകൾക്ക് ശേഷമാണ് 13 കുടുംബങ്ങളുടെ കാത്തിരിപ്പിന് അറുതിയാവുന്നത്. നഗരസഭയുടെ ഉടമസ്ഥതയിലുള്ള 90 സെൻറ് സ്ഥലത്തിന്റെ ഒരു ഭാഗത്താണ് ഈ കുടുംബങ്ങൾ താമസിച്ചിരുന്നത്. അഞ്ചു പട്ടികജാതി കുടുംബങ്ങളും ബാക്കി ഒ.ബി.സി വിഭാഗം കുടുംബങ്ങളുമാണിതിൽ.
കഴിഞ്ഞ 30 വർഷമായി കുടുംബങ്ങൾ ഉന്നയിക്കുന്നതാണ് കിടപ്പാടത്തിന് പട്ടയം നൽകി മണ്ണ് പതിച്ച് നൽകണമെന്ന്. എന്നാൽ, പലവിധ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് പ്രശ്നം പരിഹരിച്ചില്ല. ഇതിനിടയിൽ നഗരസഭയിൽ കേന്ദ്രാവിഷ്കൃത അടിസ്ഥാന വികസന പദ്ധതി (വാംബെ) നടപ്പാക്കിയപ്പോൾ കുടുംബങ്ങൾക്ക് നഗരസഭ വീട് അനുവദിച്ചിരുന്നു.
90 സെൻറ് വരുന്ന ഭൂമിയുടെ ഒരു ഭാഗം നഗരസഭ വനിതാ വികസന കോർപറേഷന് വനിത ഹോസ്റ്റൽ നിർമിക്കാൻ വിട്ടു നൽകിയിരുന്നു. ശേഷിക്കുന്ന ഭാഗത്താണ് കൂലിവേലക്കാരും സാധാരണക്കാരുമായ 13 കുടുംബങ്ങളും ഒരു കാവും. ഇവർക്ക് മൂന്ന് സെൻറ് വീതമാണ് പതിച്ച് നൽകുക. ഭൂമി നഗരസഭ റവന്യൂ വകുപ്പിന് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.