വാഹനങ്ങൾക്ക് മുകളിലേക്ക് കൂറ്റൻ മരക്കൊമ്പ് വീണു; സ്കൂട്ടർ യാത്രികർ കൊമ്പുകൾക്കിടയിൽ കുടുങ്ങി
text_fieldsപെരിന്തൽമണ്ണ: ദേശീയപാതയിൽ പാണമ്പിയിൽ തിരക്കുള്ള റോഡിലേക്ക് കൂറ്റൻ മരത്തിെൻറ വലിയ ശിഖരം നിലംപതിച്ചു. ഒാടിക്കൊണ്ടിരുന്ന സ്കൂട്ടറിനും ടാങ്കർലോറിക്കും മുകളിലേക്കാണ് മരം പതിച്ചത്.
കൊമ്പുകൾക്കും ഇലപ്പടർപ്പുകൾക്കും ഇടയിൽപെട്ട് സ്കൂട്ടർ യാത്രികരായ രണ്ടുപേർ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സ്കൂട്ടറിെൻറ മുൻഭാഗം മരത്തിനിടയിൽപെട്ട് തകർന്നു. യാത്രക്കാരിലൊരാളുടെ കൈക്കും പരിക്കേറ്റു. പൊന്നാനി പാറപ്പുര വളപ്പിൽ സജീഷും അദ്ദേഹത്തിെൻറ പിതാവുമായിരുന്നു സ്കൂട്ടറിൽ.
തലനാരിഴക്കാണ് രണ്ടുപേരും രക്ഷപ്പെട്ടത്. താഴേക്കോട് ഭാഗത്തുനിന്ന് പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്നു സ്കൂട്ടർ യാത്രികർ. ബുധനാഴ്ച ഉച്ചക്ക് 1.50ഒാടെയാണ് അപകടം. വൈദ്യുതിക്കമ്പികളും തകർന്നു. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും കൃത്യം മരത്തിനു ചുവടെയെത്തിയിരുന്നെങ്കിലും ഭാരമുള്ള കൊമ്പുകൾ ലോറിയിൽ പതിച്ചിട്ടില്ല. അരമണിക്കൂറോളം കഴിഞ്ഞാണ് ലോറി പുറത്തെടുത്തത്.
കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ ഒരുമണിക്കൂർ ഗതാഗതം മുടങ്ങി. ലീഡിങ് ഫയർമാൻ സുരേഷിെൻറ നേതൃത്വത്തിൽ പെരിന്തൽമണ്ണ ഫയർ ആൻഡ് റസ്ക്യൂ വിഭാഗവും സിവിൽ ഡിഫൻസ് വളൻറിയർമാരും ചേർന്നാണ് മരം വെട്ടിമാറ്റിയത്. മരത്തിെൻറ പകുതിയോളം ഭാഗമാണ് അടർന്നുവീണത്. ബാക്കി ഭാഗവും അപകടാവസ്ഥയിലാണ് നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.