എൺപതിലേറെ തൊഴിലാളികളെ വെച്ച് പ്രവർത്തിച്ച ഒാൺലൈൻ കച്ചവട കേന്ദ്രം അടപ്പിച്ചു
text_fieldsപെരിന്തൽമണ്ണ: ലൈസൻസില്ലാതെ എൺപതിലേറെ തൊഴിലാളെകളെ വെച്ച് പ്രവർത്തിച്ച ഒാൺലൈൻ വ്യാപാര സ്ഥാപനം കേരള വ്യാപാരി വ്യവസായി സമിതി പ്രവർത്തകരുടെ ഇടപെടലിൽ അടപ്പിച്ചു. രാവിലെ പത്തോടെ പ്രതിഷേധവുമായി വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് കെ. സുബ്രഹ്മണ്യെൻറ നേതൃത്വത്തിൽ പ്രവർത്തകർ കൊടിയുമായി എത്തി മുദ്രാവാക്യം വിളിച്ചു.
ശേഷം അവർ അറിയിച്ചത് പ്രകാരം പൊലീസും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറുമെത്തിയാണ് സ്ഥാപനം അടപ്പിച്ചത്. പെരിന്തൽമണ്ണ ഒലിങ്കര എരവിമംഗലത്തെ ഒാൺലൈൻ വ്യാപാര കേന്ദ്രമാണ് അടപ്പിച്ചത്.
കടകളിൽ വിൽക്കുന്ന മൊബൈൽ ഫോൺ, ചെരിപ്പ്, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെയാണ് തൊഴിലാളികളെ വെച്ച് ആവശ്യക്കാർക്കെത്തിക്കുന്നത്. ജില്ലയിൽ കടകൾ അടച്ചിട്ട് വ്യാപാരി സമൂഹം സഹകരിക്കുമ്പോഴും വൻകിട കുത്തക സ്ഥാപനങ്ങൾ ഒാൺലൈൻ മറവിൽ നിയന്ത്രണങ്ങൾ പാലിക്കാതെ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് തടയുമെന്ന് ഭാരവാഹികൾ പറഞ്ഞു.
പ്രതിഷേധത്തിന് വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറും നഗരസഭ അംഗവുമായ കെ. സുബ്രഹ്മണ്യൻ, ഏരിയ സെക്രട്ടറി പി.പി. അബ്ബാസ്, യൂനിറ്റ് സെക്രട്ടറി മുജീബ് കാളിപ്പാടൻ, നഗരസഭ അംഗം നെച്ചിയിൽ മൻസൂർ, റിയാസ് കൈപ്പുള്ളി, ആർ.എസ്. റിയാസ്, വി.പി നൗഷാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.