ഇന്ന് ലോക ഫാർമസി ദിനം; ഉപഭോഗത്തിനനുസരിച്ച് മരുന്നുൽപാദനമില്ലാതെ കേരളം
text_fieldsപെരിന്തൽമണ്ണ: ഉപഭോഗത്തിനനുസരിച്ച് ഉൽപാദനമോ മതിയായ ഗുണനിലവാര പരിശോധനയോ ഇല്ലാതെ കേരളത്തിലെ മരുന്ന് വിപണി. രാജ്യത്തെ സംസ്ഥാനങ്ങളിൽ കേരളമാണ് ജനസംഖ്യാനുപാതികമായി മരുന്നുപയോഗത്തിൽ മുന്നിൽ. എന്നാൽ, മരുന്നുൽപാദന കേന്ദ്രങ്ങളുടെ എണ്ണത്തിൽ വളരെ പിറകിലാണ്. ആലപ്പുഴയിലെ കെ.എസ്.ഡി.പിയാണ് ഈ രംഗത്തുള്ള ഏക സ്ഥാപനം. ഫാർമസി പാർക്കുമായി മരുന്നുൽപാദന രംഗത്തേക്ക് ചുവടുറപ്പിക്കുന്നതിന്റെ പ്രാഥമിക ഘട്ടത്തിലാണ് ഇപ്പോഴും. 15,000 കോടി രൂപയുടെ മരുന്നാണ് പ്രതിവർഷം കേരളത്തിൽ വിറ്റഴിയുന്നതെന്നും എന്നാൽ, 500 കോടിയുടെ മരുന്നേ ഉൽപാദിപ്പിക്കുന്നുള്ളൂവെന്നും മൗലാന ഫാർമസി കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. പി.പി. നസീഫ് പറഞ്ഞു.
മരുന്നുകളുടെ ഗുണനിലവാര പരിശോധനയാകട്ടെ ദയനീയമാണ്. പുറത്തുനിന്ന് വരുന്ന മരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാൻ മതിയായ സൗകര്യമില്ല. ചില കമ്പനികളുടെ മരുന്നുകൾ പഠനഭാഗമായി പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത് ഗുണനിലവാരം തീരെയില്ലെന്നാണെന്ന് ഫാർമസി കോളജുകളിലെ വിദ്യാർഥികൾ പറയുന്നു. ഉൾപ്പെടേണ്ട ഘടകങ്ങൾ മതിയായ അളവിലില്ലാത്തതും വിലകൂടിയ ഘടകങ്ങൾ നാമമാത്രമാണെന്നതുമാണ് പല മരുന്നുകളിലും കണ്ടെത്തുന്നത്.
തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നീ മൂന്ന് ലാബുകളാണ് സംസ്ഥാനത്തുള്ളത്. ഇവിടെ വേണ്ടത്ര സൗകര്യങ്ങളില്ല. ഘടകങ്ങൾ ശാസ്ത്രീയമായി തെളിയിക്കാത്തതിനാൽ മരുന്ന് കഴിച്ച് രോഗികളാവുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. സംസ്ഥാന ഫാർമസി കൗൺസിലിന്റെ ഫാർമസി ദിനാചരണ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച പെരിന്തൽമണ്ണ മൗലാന ഫാർമസി കോളജിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.