പെരിന്തൽമണ്ണയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് ലീഗ് കരിങ്കൊടി പ്രതിഷേധം
text_fieldsപെരിന്തൽമണ്ണ: സർക്കാർ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാഹനത്തിന് നേരേ യൂത്ത് ലീഗ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് കരിങ്കൊടി വീശി. പെരിന്തൽമണ്ണ ശിഫ കൺവെൻഷൻ സെൻററിൽ കൃഷി വകുപ്പിന്‍റെ കർഷകക്കൂട്ടങ്ങളുടെ പ്രഖ്യാപനവും ഉൽപന്നങ്ങളുടെ പ്രദർശനവും ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോഴായിരുന്നു പ്രതിഷേധം.
പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് സമീപമാണ് യൂത്ത് ലീഗ് പ്രവർത്തകർ രാവിലെ 11.30 ഒാടെ കരിങ്കൊടി വീശിയത്. റോഡിലേക്കിറങ്ങി കരിങ്കൊടി വീശിയ യൂത്ത് ലീഗ് പ്രവർത്തകർക്കെതിരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ലാത്തി വീശി.
മുഖ്യമന്ത്രിയുടെ വാഹനത്തിന് പിറകെയെത്തിയ അകമ്പടി വാഹനം യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരേയാണ് അതിവേഗമെത്തിയത്. പ്രവർത്തകർ പിറകിലേക്ക് ചാടിയതിനാൽ വാഹനം ഇടിക്കാതെ രക്ഷപെടുകയായിരുന്നു.
റോഡ് ക്യാമറ പദ്ധതിയിൽ പുറത്തുവന്ന അഴിമതിയുടെ ഉത്തരവാദിത്തവും താനൂർ ബോട്ട് ദുരന്തത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാൻ ശ്രമിക്കുന്നതും ആരോപിച്ചായിരുന്നു കരിങ്കൊടി. മുഖ്യമന്ത്രി വരുന്നതോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.