നരണിപ്പുഴ-കുമ്മിപ്പാലം കോൾപടവിലെ സ്ഥിരം ബണ്ട്; നിർമാണം അന്തിമഘട്ടത്തിൽ
text_fieldsവെളിയങ്കോട്: പൊന്നാനി കോൾമേഖലയിലെ പ്രധാന കോൾനിലമായ വെളിയങ്കോട് ഗ്രാമ പഞ്ചായത്തിലുൾപ്പെട്ട നരണിപ്പുഴ-കുമ്മിപ്പാലം കോൾ പടവിൽ സ്ഥിരം ബണ്ട് നിർമാണം അന്തിമഘട്ടത്തിൽ. ഇതിനകം 95 ശതമാനം നിർമാണം പൂർത്തിയായി. കാലാവസ്ഥ അനുകൂലമായാൽ റാമ്പ്, സ്ലൂയിസ്, എൻജിൻ തറ, കെട എന്നിവയുടെ നിർമാണവും മാസങ്ങൾക്കകം പൂർത്തീകരിക്കും. മോട്ടോർ ഷെഡ്, രണ്ട് സ്ലൂയിസുകൾ, രണ്ട് റാമ്പുകൾ എന്നിവ പുതുതായി നിർമിക്കുകയും ഉൾത്തോടിന്റെ നവീകരണ പ്രവൃത്തികൾ നടത്തുകയും ചെയ്യും. ബണ്ട് നിർമാണം നടക്കുന്നതിന് തടസ്സമില്ലാതിരിക്കാൻ വേണ്ടി ഈ വർഷം കൃഷിയിറക്കേണ്ടെന്ന തീരുമാനം കർഷകർ കൈകൊണ്ടിരുന്നു. കാലങ്ങളായുള്ള കർഷകരുടെ മുറവിളികൾക്കൊടുവിൽ കഴിഞ്ഞ വർഷം ബണ്ട് നിർമാണത്തിന് തുക അനുവദിച്ചിരുന്നെങ്കിലും നിർമാണം വൈകിയിരുന്നു. ഇതേത്തുടർന്ന് കർഷകരും പ്രതിഷേധത്തിലായിരുന്നു.
ഈ സാമ്പത്തിക വർഷത്തിൽ ബണ്ട് നിർമാണം ആരംഭിച്ചില്ലെങ്കിൽ തുക ലാപ്സാവുമെന്നതിനാലാണ് നിർമാണം അടിയന്തരമായി ആരംഭിച്ചത്. നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി നരണിപ്പുഴ കുമ്മിപ്പാലം പുറം ബണ്ട് പുനരുദ്ധാരണത്തിനും രണ്ട് എൻജിൻ തറകളുടെ നിർമാണത്തിനുമായി 3.92 കോടി രൂപക്കുള്ള ഭരണാനുമതി ലഭിച്ചിരുന്നു. കെ.എൽ.ഡിയുടെ മേൽനോട്ടത്തിലാണ് പ്രവൃത്തി നടക്കുന്നത്. മൂന്ന് കിലോമീറ്റർ ദൂരത്തിലാണ് ബണ്ട് നിർമിക്കുക.
220 ഏക്കർ വിസ്തൃതിയും വർഷംതോറും 600 ടൗൺ വരെ നെല്ല് സംഭരിക്കുന്നതുമായ പാടശേഖരത്തെ ആശ്രയിച്ച് 250ഓളം കർഷകരും നൂറുകണക്കിന് കർഷക തൊഴിലാളികളുമാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.