കനോലി കനാലിന് കുറുകെ നാട്ടുകാരുടെ വക ഇരുമ്പുപാലം
text_fieldsപെരുമ്പടപ്പ്: അധികൃതരോട് പലതവണ പറഞ്ഞിട്ടും ഫലംകണ്ടില്ല. ഒടുവിൽ കനോലി കനാലിന് കുറുകെ നാട്ടുകാരുടെ മുൻകൈയിൽ ഒരുങ്ങിയത് മനോഹരമായ ഇരുമ്പുപാലം. പുതിയിരുത്തിയിലാണ് ഇരുചക്രവാഹനങ്ങൾക്കുൾപ്പെടെ കടന്നുപോകാവുന്നതരത്തിൽ പാലം നിർമിച്ചത്.
പലതവണ തകർന്നുവീഴുകയും അധികൃതരോട് നിരവധി തവണ നാട്ടുകാർ പറഞ്ഞിട്ടും ഫലം കാണാതായ പുതിയിരുത്തി- അയിരൂർ പാലമാണ് മൂന്നു മാസത്തെ പരിശ്രമത്തിനൊടുവിൽ പ്രദേശവാസികൾ ചേർന്ന് യാഥാർഥ്യമാക്കിയത്. 1985ൽ കനോലി കനാലിന് കുറുകെ ആദ്യം മരപ്പാലം നിർമിച്ചിരുന്നു. വർഷങ്ങൾക്കുശേഷം പാലം തകർന്നതോടെ കോൺക്രീറ്റ് പാലം നിർമിച്ചെങ്കിലും കാലപ്പഴക്കംമൂലം ഇതും തകർന്നു.
ഇറിഗേഷൻ വകുപ്പിന് കീഴിലുള്ളതിനാൽ ഫണ്ട് അനുവദിക്കാനാവില്ലെന്നായിരുന്നു പഞ്ചായത്തധികൃതരുടെ വിശദീകരണം. ഇതിനിടെ ഓരോവർഷവും പാലം തകരുകയും നിരവധിപേർ അപകടത്തിൽപെടുകയും ചെയ്തു. നാട്ടുകാർ ചേർന്ന് താൽക്കാലിക മരപ്പാലം നിർമിച്ചാണ് ഇതുവരെ ഇതിലൂടെ സഞ്ചരിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെയും രണ്ടുപേർ മരപ്പാലത്തിൽനിന്ന് കനാലിൽ വീണ് പരിക്കേറ്റു. അധികൃതർ കൈയൊഴിഞ്ഞ പാലം നിർമിക്കാൻ ഒടുവിൽ നാട്ടുകാർതന്നെ രംഗത്തെത്തി.
പ്രദേശവാസികളിൽനിന്ന് സമാഹരിച്ച രണ്ടര ലക്ഷം രൂപ ചെലവിൽ മൂന്ന് മാസം കൊണ്ട് ഇവർതന്നെ ഇരുമ്പുപാലം നിർമിച്ചു. പി. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ലത്തീഫ് മണ്ണാറയിൽ, ഇടിയാട്ട് ചന്ദ്രൻ, കമറു, ഖാദർ, സക്കീർ, ഹസ്സൻ, ഷാഹുൽ, ഷെഹീർ, പി. കുഞ്ഞിമോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.