പിടിച്ചുപറിച്ച മാലകൾ വിൽക്കാൻ സഹായിക്കുന്ന രണ്ടു പേർ അറസ്റ്റിൽ
text_fieldsപെരുമ്പടപ്പ്: അന്തർ ജില്ല മാല മോഷണ കേസിലെ രണ്ട് പേരെ കൂടി പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ മുഖ്യ പ്രതികളായ രണ്ടു പേർ നേരത്തെ പിടിയിലായിരുന്നു. പ്രതികളുടെ സഹായികളെയാണ് ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തത്.
ആലപ്പുഴ കുട്ടനാട് കാവാലം സ്വദേശി ചെങ്കൽത്തിൽ ഹൗസിൽ ദീപക് (49), ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി രാജ് ഭവനിൽ ബൈജു (49) എന്നിവരെയാണ് പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലായി നാൽപതോളം മാല മോഷണ കേസുകളിൽ ഉൾപ്പെട്ട സംഘാംഗങ്ങളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. ഇതേ കേസിൽ കുപ്രസിദ്ധ മാല മോഷ്ടാക്കളായ ആലപ്പുഴ ഹരിപ്പാട് മണ്ണാറശാല സ്വദേശി തറയിൽ ഉണ്ണികൃഷ്ണൻ (31), കൊല്ലം അഞ്ചാലുംമൂട് പെരുനാട് സ്വദേശി കൊച്ചുഴിയത്ത് പാണയിൽ വീട്ടിൽ ശശി (43) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.
ഒറ്റക്ക് പോകുന്ന സ്ത്രീകളുടെ മാല ബൈക്കിൽ കറങ്ങി പിടിച്ചു പറിച്ച ശേഷം സ്വർണ്ണാഭരണങ്ങൾ വിൽക്കാനായി ഏൽപ്പിച്ചിരുന്നത് ദീപക്കിനെയും, ബൈജുവിനെയുമായിരുന്നു. ഇരുവരും വിവിധയിടങ്ങളിലായി മാല വിൽക്കുകയും, പണം മോഷ്ടാക്കളെ ഏൽപ്പിക്കുകയുമായിരുന്നു. ഇതിനായി ഇവർക്ക് പണം നൽകിയിരുന്നു.
ഉണ്ണികൃഷ്ണനേയും, ശശിയേയും ചോദ്യം ചെയ്തതിൽ നിന്നാണ് മാല വിൽക്കാനായി രണ്ട് പേർ തങ്ങളെ സഹായിച്ചതായി വിവരം ലഭിച്ചത്. തുടർന്ന് പെരുമ്പടപ്പ് പൊലീസ് ഇവരെ ദിവസങ്ങളോളം നിരീക്ഷിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. പെരുമ്പടപ്പ് സി.ഐ വി .എം കേഴ്സൺ മാർക്കോസ്, പൊന്നാനി എസ്.ഐ രതീഷ് ഗോപി എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടുപ്രതികളെയും അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.