അരീക്കോട് മറ്റൊരു ബ്രഹ്മപുരമാകുമോ ?
text_fieldsഅരീക്കോട്: വാഴക്കാട് ജങ്ഷനിലെ സ്വകാര്യവ്യക്തികളുടെ ഭൂമിയിൽ പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതായി പരാതി. രാത്രി വാഹനങ്ങളിലും മറ്റും എത്തിച്ചാണ് മാലിന്യം കത്തിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിന് പരിസരത്തുനിന്ന് പുക ഉയരുന്നത് ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ചശേഷം അതിന് മുകളിൽ മണ്ണിട്ട നിലയിൽ കണ്ടെത്തി. രണ്ട് മാസമായി ഇത്തരത്തിൽ ഇവിടെ മണ്ണിൽനിന്ന് പുക ഉയരുന്നുണ്ട്. എന്നാൽ, ആരും കാര്യമായി എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം വലിയ രീതിയിൽ പുക ഉയർന്നതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് വലിയ രീതിയിൽ ഇവിടെ പ്ലാസ്റ്റിക് ഉൾെപ്പടെ മാലിന്യം തള്ളി കത്തിക്കുകയും തുടർന്ന് അതിന്മേൽ മണ്ണിട്ട് മൂടിയതും കണ്ടെത്തിയത്.
മണ്ണ് നീക്കിയതോടെ വലിയ രീതിയിൽ കറുത്ത പുക ആകാശത്തേക്ക് ഉയർന്നു. ഇതോടെ ഡ്രൈവർമാരുടെ നേതൃത്വത്തിൽ 4000 ലിറ്റർ വെള്ളം എത്തിച്ചാണ് തീ പൂർണമായി അണച്ചതെന്ന് അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ അംഗം കെ. സാദിൽ പറഞ്ഞു. ഇപ്പോഴും ഈ ഭാഗത്തുനിന്ന് പുക ഉയരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
േഡറ്റ ബാങ്കിൽ ഉൾപ്പെടുന്ന പ്രദേശം ഭൂമാഫിയയും മാലിന്യ മാഫിയയും ഒത്തുകളിച്ച് മണ്ണിട്ട് നികത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതിന് ഹൈകോടതി കർശന വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ കത്തിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ പരിശോധിക്കണമെന്നും ഹൈകോടതി നിർദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും വകവെക്കാതെയാണ് അരീക്കോട് അങ്ങാടിയുടെ ഹൃദയഭാഗത്ത് പ്ലാസ്റ്റിക് മാലിന്യം കൂമ്പാരമായി കത്തിക്കുന്നതെന്നാണ് ആരോപണം.
അരീക്കോട് പഞ്ചായത്തിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യം കൃത്യമായ രീതിയിൽ സംഭരിക്കാനും സംസ്കരിക്കാനും ഉതകുന്നയിടം പഞ്ചായത്തിലില്ല. ഇതാണ് ഇത്തരത്തിൽ മാലിന്യം പൊതുസ്ഥലത്ത് കത്തിക്കാൻ ഇടയാക്കുന്നതെന്ന് അരീക്കോട് പഞ്ചായത്ത് പ്രതിപക്ഷ അംഗം സി.കെ. അഷ്റഫ് ആരോപിച്ചു. യു.ഡി.എഫ് ഭരണസമിതിയുടെ കഴിവുകേടാണ് ഇതിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഈ മാലിന്യപ്പുക ശ്വസിച്ചാൽ പൊതുജനങ്ങൾക്ക് വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പഞ്ചായത്ത് ഉൾപ്പെടെ അധികൃതർ ഇടപെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അരീക്കോട് പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം.
സംഭവസ്ഥലം അരീക്കോട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.കെ. അഷ്റഫ്, കെ. സാദിൽ, രതീഷ്, സി.പി.എം ലോക്കൽ സെക്രട്ടറി കെ. അബ്ദുറഹ്മാൻ, വൈ.പി. റഹ്മത്ത് ഉൾപ്പെടെയുള്ളവർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.