പ്ലസ് വൺ: ജനറൽ വിഭാഗത്തിൽ ഒഴിവുള്ളത് 3,678 സീറ്റുകൾ
text_fieldsമലപ്പുറം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് മുന്നോടിയായി പുറത്തുവിട്ട കണക്ക് പ്രകാരം ജില്ലയിൽ ജനറൽ വിഭാഗത്തിൽ ഒഴിവുള്ളത് 3,678 സീറ്റുകൾ. മുസ്ലിം വിഭാഗത്തിൽ 328, ഈഴവ- തിയ്യ-ബില്ലവയിൽ 375, വിശ്വകർമ 94, എസ്.സി 832, എസ്.ടി 555, ആഗ്ലോ ഇന്ത്യൻ 140, കുശവൻ 47, കുടുംബി 47, ഹിന്ദു ഒ.ബി.സി 140, സാമ്പത്തിക പിന്നാക്കം 468, ഭിന്നശേഷി 92, ധീരവ 94, ക്രിസ്റ്റ്യൻ ഒ.ബി.സി 47 എന്നിങ്ങനെയാണ് ഒഴിവുകൾ. ആകെ 6,937 ഒഴിവുകളാണുള്ളത്.
നിലവിൽ 32,432 പേരാണ് സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് ഇവരെ പരിഗണിച്ചാൽ 25,495 പേർ പ്രവേശനം ലഭിക്കാതെ പുറത്താണ്. സർക്കാർ വാദപ്രകാരം സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് കോട്ടകളിലെല്ലാം കൂടി 9,215 ഒഴിവുണ്ടെന്നാണ് പറയുന്നത്. പ്ലസ് വൺ മുഖ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ ഏകജാലകം, മോഡൽ റസിഡൻഷ്യൽ സ്കൂൾ കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിലൂടെ 50,014 പേർ പ്രവേശനം നേടിയിരുന്നു. മുഖ്യ അലോട്ട്മെന്റിന് 82,446 പേരാണ് അപേക്ഷ നൽകിയിരുന്നത്.
മാനേജ്മെന്റ് ക്വാട്ടകളിൽ കോമ്പിനേഷൻ ട്രാൻസ്ഫർ പ്രവേശനം: കാലാവധി കുറച്ചത് വിദ്യാർഥികൾക്ക് തിരിച്ചടി
മലപ്പുറം: മാനേജ്മെന്റ് ക്വാട്ടകളിൽ കോമ്പിനേഷൻ ട്രാൻസ്ഫർ പ്രവേശനം നേടാനുള്ള കാലാവധി കുറച്ചത് എയ്ഡഡ് ഹയർ സെക്കൻഡറി വിദ്യാലയങ്ങൾക്കും വിദ്യാർഥികൾക്കും തിരിച്ചടിയായി. സാധാരണ മാനേജ്മെന്റ് ക്വാട്ടകളിൽ പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയാക്കുന്നത് വരെ കോമ്പിനേഷൻ ട്രാൻസ്ഫർ അനുവദിക്കുകയാണ് പതിവ്. ഇത് വഴി നേരത്തെ വേറൊരു കോഴ്സിന് പ്രവേശനം ലഭിച്ച വിദ്യാർഥിക്ക് ഈ ട്രാൻസ്ഫർ സംവിധാനം വഴി ഇഷ്ട കോഴ്സ് മാനേജ്മെന്റ് സീറ്റിലൂടെ ലഭിക്കുമായിരുന്നു. എന്നാൽ, ഇത്തവണ ജൂൺ 27 മുതൽ ജൂലൈ ഒന്ന് വരെ അഞ്ച് ദിവസമാണ് സമയം അനുവദിച്ചത്.
ഇത് കാരണം മറ്റൊരു കോഴ്സിന് ചേർന്ന വിദ്യാർഥിക്ക് ആ കോഴ്സിൽനിന്ന് മാറി മാനേജ്മെന്റ് ക്വാട്ടയിലൂടെ ചേരാൻ ആവശ്യത്തിന് സമയം ലഭിക്കാതെ വന്നിട്ടുണ്ട്. ഇതിനിടെ നേരത്തെ പ്രവേശനം കിട്ടിയ ചില വിദ്യാർഥികൾ ട്രാൻസ്ഫർ സർട്ടിഫിക്കറ്റുമായി മാനേജ്മെന്റ് ക്വാട്ടയിൽ ചേരാൻ അവസരം തേടി എത്തിയെങ്കിലും സമയം കഴിഞ്ഞതോടെ വെട്ടിലായി. ഇതോടെ രണ്ടിടത്തും സീറ്റില്ലാതെ പുറത്ത് നിൽക്കേണ്ട സ്ഥിതിയിലാണ് ഈ വിദ്യാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.