പ്ലസ് വൺ പ്രവേശനം: മലപ്പുറം ജില്ലയിൽ നാലുദിവസത്തിനിടെ 44,838 അപേക്ഷ
text_fieldsമലപ്പുറം: അപേക്ഷ സമർപ്പണം തുടങ്ങി നാല് ദിവസം പിന്നിട്ടപ്പോൾ ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത് 44,838 പേർ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചത് മലപ്പുറത്താണ്. 53,793 പേരാണ് അപേക്ഷ സമർപ്പിക്കാനുള്ള കാന്റിഡേറ്റ് ലോഗിൻ നടപടികൾ പൂർത്തിയാക്കിയത്.
തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെയുള്ള കണക്ക് പ്രകാരമാണിത്. അടുത്ത ദിവസങ്ങളിൽ അപേക്ഷകരുടെ എണ്ണം 60,000 കടന്നേക്കും. ജൂൺ ഒമ്പതാണ് അവസാന തീയതി. ജില്ലയിൽ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി ആകെയുള്ളത് 65,906 സീറ്റുകളാണ്.സർക്കാർ തലത്തിൽ 31,395, എയ്ഡഡിൽ 23,220, അൺ എയ്ഡഡിൽ 11,291 എന്നിങ്ങനെയാണ് സീറ്റ്. അൺ എയ്ഡഡ് മേഖലയിലെ സീറ്റുകൾ കുട്ടികൾ പണം മുടക്കി പഠിക്കേണ്ടതാണ്.
ഇത്തവണ 10ാംതരത്തിൽ 77,967 കുട്ടികൾ പരീക്ഷ എഴുതിയതിൽ 77,827 പേരാണ് ഉപരിപഠനത്തിന് അർഹത നേടിയത്. സി.ബി.എസ്.ഇയിൽ 3,389, ഐ.സി.എസ്.ഇയിൽ 36 കുട്ടികളും ഉപരിപഠനത്തിന് അർഹരായി. മൂന്ന് വിഭാഗങ്ങളിലുമായി 81,252 പേരാണ് ആകെ ഉപരിപഠനത്തിന് യോഗ്യത നേടിയത്.
ഇത്രയും കുട്ടികൾ ഹയർസെക്കൻഡറി മേഖലയെ ആശ്രയിക്കുകയാണെങ്കിൽ ജില്ലയിൽ സീറ്റിന്റെ കാര്യം പരുങ്ങലിലാകും. വി.എച്ച്.എസ്.ഇ, ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി, പോളി ടെക്നിക്, ഐ.ടി.സി/ ഐ.ടി.ഐ, ഐ.എച്ച്.ആര്.ഡി വിഭാഗങ്ങളിലായി 8,590 സീറ്റുകളും ജില്ലയിലുണ്ട്. ഇത്രയും സീറ്റുകളിൽ കൂടി പ്രവേശനം പൂർത്തിയാക്കിയാൽ മാത്രമേ ജില്ലയിൽ എത്ര കുട്ടികൾ ഹയർസെക്കൻഡറിക്ക് പുറത്ത് പോകൂവെന്ന് അറിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.