പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം; സീറ്റിനുള്ള നെട്ടോട്ടത്തിൽ വിദ്യാർഥികൾ
text_fieldsമലപ്പുറം: പ്ലസ് വൺ ക്ലാസുകൾ തിങ്കളാഴ്ച ആരംഭിക്കുമ്പോൾ ജില്ലയിൽ വിദ്യാർഥികൾ സീറ്റിനായി നെട്ടോട്ടത്തിൽ. ഒരുവിഭാഗം വിദ്യാർഥികൾ ആവശ്യത്തിന് സീറ്റില്ലാതെ പുറത്ത് നിൽക്കുമ്പോഴാണ് ക്ലാസുകൾ തുടങ്ങുന്നത്. ഇഷ്ട കോഴ്സുകൾക്കായി അപേക്ഷ നൽകി സപ്ലിമെന്ററിയിലെങ്കിലും സീറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് കുട്ടികളും രക്ഷിതാക്കളും. ആവശ്യത്തിന് സീറ്റില്ലെന്ന യാഥാർഥ്യം മുന്നിൽ നിൽക്കുമ്പോഴും മലപ്പുറത്തടക്കം സീറ്റുണ്ടെന്ന വാദത്തിലാണ് സംസ്ഥാന സർക്കാർ.
പ്രശ്നം ഗുതുതരമായി തുടരുന്ന സാഹചര്യത്തിൽ എം.എസ്.എഫ്, ഫ്രറ്റേണിറ്റി അടക്കമുള്ള വിദ്യാർഥി സംഘടനകൾ സമരം ശക്തമാക്കാൻ ഒരുങ്ങുകയാണ്. യാഥാർഥ്യം മുന്നിൽ കണ്ട് ഇടതുപക്ഷ വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐയും സമരത്തിന് ഇറങ്ങാൻ തീരുമാനിച്ചിട്ടുണ്ട്.
സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടി എം.എസ്.എഫ് നാല് ദിവസങ്ങളിൽ തുടർച്ചയായി ആർ.ഡി.ഡി ഓഫിസ് പൂട്ടിയിടല്‍ സമരം സംഘടിപ്പിച്ചിരുന്നു. തിങ്കളാഴ്ചയും സമരം തുടരും. റോഡ് ഉപരോധിച്ചാണ് ഫ്രറ്റേണിറ്റി സമരം നടത്തിയത്. നിലവിൽ പ്ലസ് വണിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം കൈകൊണ്ടില്ലെങ്കിൽ മുസ്ലിം ലീഗ് സമരം ഏറ്റെടുക്കുമെന്ന് സംസ്ഥാന നേതൃത്വവും അറിയിച്ചിട്ടുണ്ട്.
ക്ലാസുകളിൽ പഠിക്കേണ്ടി വരിക 60/65 പേർ
വലിയ പ്രയാസമാണ് ജില്ലയിൽ പ്ലസ് വൺ ക്ലാസുകൾ തുടങ്ങുന്നതോടെ അനുഭവിക്കാൻ പോകുന്നത്. ഒരു ക്ലാസിൽ 40 വിദ്യാർഥികൾ ഇരുന്ന് പഠിക്കേണ്ട സ്ഥലത്ത് മലപ്പുറത്ത് 60/65 വരെ പേരാണ് പഠിക്കേണ്ടി വരിക. ഇത് വിദ്യാർഥികളുടെ പഠന നിലവാരത്തെ ബാധിക്കും. അധ്യാപകരുടെ ജോലിഭാരം ഇരട്ടിക്കുകയും ഓരോ വിദ്യാർഥികളെ പ്രത്യേകം ശ്രദ്ധിക്കാനും അവരുടെ പഠനമികവ് ഉയർത്തുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനും വെല്ലുവിളിയാകും.
സ്കൂളുകളുടെ ഈ പ്രതിസന്ധി അധികൃതരും കണ്ടില്ലെന്ന് നടിക്കേണ്ടി വരും. വിജയനിലവാരത്തെയും ബാധിച്ചേക്കും. 2023-24 വർഷത്തെ പ്ലസ് ടു പരീക്ഷയില്‍ സ്കൂൾ ഗോയിങ് വിഭാഗത്തിൽ ജില്ലയില്‍ 84.53 ശതമാനം വിജയമായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.27 ശതമാനം വിജയത്തിൽ കുറവ് വന്നിരുന്നു. 2022ൽ 86.80 ശതമാനമായിരുന്നു ജയം.
ബാക്കിയുള്ളത് 8,916 സീറ്റുകൾ
മൂന്നുഘട്ടങ്ങളിലായി പ്ലസ് വൺ മുഖ്യ അലോട്ടുമെന്റ് പൂർത്തിയായപ്പോൾ ആകെ 8,916 സീറ്റാണ് ബാക്കിയുള്ളത്. മുഖ്യ അലോട്ട്മെന്റിന് 82,446 പേരാണ് അപേക്ഷ നൽകിയത്. ഇതുപ്രകാരം 32,432 പേരാണ് പുറത്തുള്ളത്. ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് ഇവരെ പരിഗണിച്ചാൽ 23,516 പേർ പ്രവേശനം ലഭിക്കാതെ പുറത്താണ്. സർക്കാർ വാദപ്രകാരം സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിലെല്ലാം കൂടി 9,215 ഒഴിവുണ്ടെന്നാണ് പറയുന്നത്.
ഇതുപ്രകാരം 23,217 പേർക്ക് അലോട്ട്മെന്റ് ലഭിക്കില്ലെന്ന് കണക്കുകൾ തന്നെ വ്യക്തമാക്കുന്നുണ്ട്. ഏകജാലകം വഴിയുള്ള 50,080 സീറ്റിൽ 45,152 പേർ പ്രവേശനം നേടി. ഇതിൽ ഇനി 4,928 സീറ്റുകൾ ബാക്കിയുണ്ട്. കമ്മ്യൂണിറ്റി, മാനേജ്മെന്റ് ക്വാട്ടകളിലുള്ള 8,850 സീറ്റുകളിൽ 4,862 പേർ പ്രവേശനം നേടി. ഇതിൽ 3,988 സീറ്റുകളും ഒഴിവുണ്ട്. ഇതടക്കം ആകെ 8,916 സീറ്റുകളാണു ബാക്കിയുള്ളത്.
മുന്നേറ്റമുണ്ടായിട്ടും സീറ്റിൽ കിതപ്പ് തന്നെ
വർഷങ്ങളായി ജില്ലയിൽ വിദ്യാഭ്യാസ രംഗം മുന്നേറ്റ പാതയിലാണ്. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, ഉന്നത പഠന രംഗത്തടക്കം ഓരോ വർഷവും പിന്നിടുമ്പോഴും കുതിപ്പിന്റെ ശക്തി ഉയരുകയാണ്. എസ്.എസ്.എൽ.സിയിലും പ്ലസ് ടുവിലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടുന്നത് ജില്ലയിലാണ്.
നാല് വിദ്യാഭ്യാസ ജില്ലകളുള്ള മലപ്പുറത്ത് ഇത്രയും കുട്ടികളുടെ മുന്നേറ്റം ജില്ലക്ക് അഭിമാനകരവുമാണ്. 2006ൽ എസ്.എസ്.എൽ.സിക്ക് 61.91 ശതമാനമായിരുന്നു ജില്ലയുടെ വിജയശതമാനം. 2024ലെത്തിയപ്പോൾ 99.79 ശതമാനമായി ഇത് ഉയർന്നു. മറ്റ് ജില്ലകളെ അപേക്ഷിച്ച് കൂടുതൽപേർ പരീക്ഷ എഴുതുകയും കൂടുതൽപേർ ഉപരിപഠനത്തിന് അർഹത നേടുന്നത് കൂടി പരിഗണിക്കുമ്പോൾ ജില്ലയുടെ മുന്നേറ്റത്തിന് തിളക്കം ഇരട്ടിയാണ്. എന്നാൽ സീറ്റ് വിഷയം വരുമ്പോൾ കുട്ടികൾ വിഷമിക്കേണ്ടി വരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.