പ്ലസ് വൺ ആദ്യ അലോട്ട്മെന്റ്: കണക്ക് കൂട്ടിയിട്ടും കുട്ടികൾ പുറത്ത് തന്നെ
text_fieldsമലപ്പുറം: പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമായ ജില്ലയിൽ ആദ്യ അലോട്ട്മെന്റ് അവസാനിക്കവേ, പകുതിയിലേറെ അപേക്ഷകരും പ്രവേശനം കിട്ടാതെ പുറത്തായി. ഉയർന്ന മാർക്ക് വാങ്ങി എസ്.എസ്.എൽ.സി പാസായവർക്കുപോലും ഇഷ്ടപ്പെട്ട സ്കൂളിലോ കോമ്പിനേഷനിലോ പ്രവേശനം ഉറപ്പായില്ല. വിജയികളുടെ എണ്ണം ഉയരുകയും സീറ്റുകളുടെ എണ്ണത്തിൽ കാര്യമായ വർധന ഇല്ലാതിരിക്കുകയും ചെയ്തതാണ് പ്രവേശനം ദുഷ്കരമാക്കിയത്.
ജില്ലയിൽ 81,022 വിദ്യാർഥികളാണ് ഏകജാലകം വഴി പ്ലസ് വണിന് അപേക്ഷിച്ചത്. ആകെയുള്ള 47,621 സീറ്റുകളിൽ 34,889 എണ്ണത്തിലേക്കാണ് ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് നടന്നത്. ബാക്കി 12,732 സീറ്റുകളിലേക്കുള്ള പ്രവേശനം തുടർന്ന് നടക്കും. ജില്ലയിലെ സീറ്റ് ക്ഷാമം കാരണം 33,401 കുട്ടികൾ പട്ടികയിൽനിന്ന് പുറത്തുപോകുന്ന സ്ഥിതിയാണ്. സീറ്റ് സംബന്ധിച്ച അനിശ്ചിതത്വം മൂലം വിദ്യാർഥികളിൽ ആശങ്ക പെരുക്കുകയാണ്. എസ്.എസ്.എൽ.സി പാസായ 77,929ഉം സി.ബി.എസ്.ഇയിലെ 2016ഉം ഐ.സി.എസ്.ഇ സിലബസിൽ പരീക്ഷ എഴുതിയ 29 പേരും മറ്റു വിഭാഗങ്ങളിൽ നിന്നായി 951 പേരും ഇതര ജില്ലകളിലെ 6,995 പേരും ഉൾപ്പെടെ അപേക്ഷകരായി എത്തിയതോടെയാണ് ജില്ലയിലെ ആകെ അപേക്ഷകർ 80,000 കടന്നത്.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ 11,876 കുട്ടികൾ ജില്ലയിലുണ്ട്. സർക്കാർ ക്വാട്ടയിൽ 31,395ഉം എയ്ഡഡിൽ 23,220ഉം സീറ്റേ ജില്ലയിലുള്ളു. 11,291 സീറ്റുള്ള അൺ എയ്ഡഡ് സ്കൂളിൽ ചേർന്ന് പഠിക്കാൻ ഉയർന്ന ഫീസ് നൽകണം. സാധാരണക്കാർക്ക് ഇത് പ്രയാസകരമാണ്. പത്തനംതിട്ട, കോട്ടയം ഉൾപ്പെടെ ചില തെക്കൻ ജില്ലകളിൽ സീറ്റിന് അനുസരിച്ച് അപേക്ഷകർ ഇല്ലാതിരിക്കെയാണ് ജില്ലയിൽ പ്ലസ് വൺ സീറ്റിന് കുട്ടികൾ നെട്ടോട്ടമോടുന്നത്. 14 താൽക്കാലിക ബാച്ചുകൾ ജില്ലയിലേക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും സീറ്റ് ക്ഷാമം പരിഹരിക്കാൻ പര്യാപ്തമല്ല. സർക്കാർ സ്കൂളുകളിൽ കൂടുതൽ ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം. മെറിറ്റ് സീറ്റിൽ പ്രവേശനം ദുഷ്കരമായതോടെ, മാനേജ്മെന്റ് ക്വാട്ടയിൽ സീറ്റുറപ്പിക്കാനുള്ള തത്രപ്പാടിലാണ് രക്ഷിതാക്കൾ.
ജനറൽ, ഇ.ടി.ബി, മുസ്ലിം: മുഴുവൻ സീറ്റിലേക്കും അലോട്ട്മെന്റായി
മലപ്പുറം: ജില്ലയിൽ പ്ലസ് വൺ ഒന്നാം അലോട്ട്മെന്റിൽ തന്നെ മുഴുവൻ ജനറൽ സീറ്റിലേക്കും ഇ.ടി.ബി, മുസ്ലിം സംവരണ സീറ്റുകളിലേക്കും അലോട്ട്മെന്റായി. ജനറലിൽ 22,386ഉം ഇ.ടി.ബിയിൽ 2,518ഉം മുസ്ലിം സംവരണ വിഭാഗത്തിൽ 2,336ഉം സീറ്റുകളാണ് അലോട്ട് ചെയ്തത്.
മറ്റു വിഭാഗങ്ങളുടെ അലോട്ട്മെന്റ് ക്രമം: എൽ.എസ്.എ-ആകെ സീറ്റ് 994, അലോട്ട് ചെയ്തത് 41, ഒഴിവുള്ളത് 953. ക്രിസ്ത്യൻ ഒ.ബി.സി ആകെ സീറ്റ് 356, അലോട്ട് ചെയ്തത് 32, ഒഴിവ് 324. ഹിന്ദു ഒ.ബി.സി-ആകെ സീറ്റ് 994, അലോട്ട് ചെയ്തത് 677, ഒഴിവുള്ള സീറ്റുകൾ 317. എസ്.സി-ആകെ സീറ്റുകൾ 6,843, അലോട്ട് ചെയ്തത് 4,527, ഒഴിവുള്ള സീറ്റുകൾ 2,316. പട്ടികവർഗം-ആകെ സീറ്റ് 4,459, അലോട്ട് ചെയ്തത് 249, ഒഴിവുള്ളത് 4,210. ഭിന്നശേഷി-ആകെ സീറ്റ് 1,196, അലോട്ട് ചെയ്തത് 786, ഒഴിവ് 410. കാഴ്ചപരിമിതിയുള്ളവർ-ആകെ 221, അലോട്ട് ചെയ്തത് 23, ഒഴിവുള്ള സീറ്റുകൾ 198.
ധീവര-ആകെ സീറ്റ് 638, അലോട്ട് ചെയ്തത് 14, ഒഴിവുള്ളത് 624. വിശ്വകർമ-ആകെ സീറ്റ് 638, അലോട്ട് ചെയ്തത് 638. കുശവ-ആകെ സീറ്റ് 356, അലോട്ട് ചെയ്തത് 84, ഒഴിവുള്ളത് 272. കുടുമ്പി-ആകെ സീറ്റ് 356, അലോട്ട് ചെയ്തത് രണ്ട്, ഒഴിവുള്ളത് 354. സാമ്പത്തിക ദുർബല വിഭാഗം-ആകെ സീറ്റുകൾ 3,330 അലോട്ട് ചെയ്തത് 576, ഒഴിവുള്ളത് 2,754. സ്പോർട്സ് ക്വാട്ട-ആകെ അപേക്ഷകർ 1,014, ആകെ സീറ്റ് 1,163, അലോട്ട് ചെയ്തത് 917, ഒഴിവുള്ളത് 246.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.