പ്ലസ് വൺ: മലപ്പുറത്ത് പുതിയ സ്കൂളുകളും ബാച്ചുകളും വേണമെന്ന് വിദ്യാർഥി സംഘടനകൾ
text_fieldsമലപ്പുറം: പ്ലസ് വൺ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ നൽകിയവരുടെ എണ്ണം മുക്കാൽ ലക്ഷത്തിലേക്ക് നീങ്ങവെ അൺ എയ്ഡഡ് സ്കൂളുകളും എയ്ഡഡിലെ നോൺ മെറിറ്റ് സീറ്റുകളും ചേർത്താലും 15,000ത്തോളം വിദ്യാർഥികൾക്ക് അവസരമില്ലാത്ത സാഹചര്യം. 20 ശതമാനം വർധനയിൽ 8390 സീറ്റുകൾ കൂടി ചേരുമ്പോൾ ജില്ലയിൽ െറഗുലറായി ആകെ പ്രവേശനം ലഭിക്കുക 61,615 പേർക്കാണ്. ഇവരിൽ നല്ലൊരു ശതമാനം പേരും ഫീസ് കൊടുത്ത് പഠിക്കണം. സർക്കാർ/എയ്ഡഡ് മേഖലയിൽനിന്ന് കാൽ ലക്ഷത്തോളം പേർ പുറത്താവും. ബുധനാഴ്ച രാത്രി വരെയുള്ള കണക്ക് പ്രകാരം 73,919 വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. 75,554 പേരാണ് എസ്.എസ്.എൽ.സി പരീക്ഷയെഴുതി ഉപരിപഠനത്തിന് യോഗ്യത നേടിയത്. അടുത്ത ഘട്ടത്തിൽ 10 ശതമാനം സീറ്റ് വർധന വരുത്തിയാൽ 4195 പേർക്ക് കൂടി അവസരം ലഭിക്കും. ഇതോടെ ഓരോ ക്ലാസിലെയും കുട്ടികളുടെ എണ്ണം 65 ആവും. കൂടുതൽ ബാച്ചുകൾ അനുവദിക്കുകയും ഹയർ സെക്കൻഡറിയില്ലാത്ത സ്കൂളുകൾ ഉയർത്തുകയുമാണ് ശാശ്വതപരിഹാരം.
ആനുപാതിക വർധനയിൽ കാര്യമില്ല
കെ.എ. സക്കീർ
(എസ്.എഫ്.ഐ ജില്ല സെക്രട്ടറി)
മലപ്പുറത്ത് അധിക ബാച്ചുകൾ അനുവദിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. ആനുപാതിക വർധന കൊണ്ടുമാത്രം ഈ പ്രശ്നം പരിഹരിക്കപ്പെടാൻ പോവുന്നില്ല. 20 ശതമാനം സീറ്റ് കൂട്ടിയത് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ സർക്കാർ എടുത്ത നിലപാടിനെ അഭിനന്ദിക്കുന്നു. കൂടുതൽ ബാച്ചുകൾ അനുവദിച്ചുതന്നെ പ്രശ്നം പരിഹരിക്കേണ്ടതുണ്ട്. ജില്ലയിൽ ഒരു വിദ്യാർഥി പോലും പ്ലസ് വൺ പഠനാവസരമില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവരുത്. അതിനുള്ള സൗകര്യം സർക്കാർ ഒരുക്കണം.
20 ഹൈസ്കൂളുകൾ അപ്ഗ്രേഡ് ചെയ്യണം
കബീർ മുതുപറമ്പ്
(എം.എസ്.എഫ് ജില്ല പ്രസിഡൻറ്)
ജില്ലക്ക് വേണ്ടത് ആനുപാതിക സീറ്റ് വർധനയല്ല, ബാച്ചുകളാണ് വേണ്ടത്. നിലവിൽ 20 സർക്കാർ ഹൈസ്കൂളുകളെ ഉയർത്തി ഹയർ സെക്കൻഡറികളാക്കുകയും ജില്ലക്ക് സ്പെഷൽ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കുകയും വേണം. കൂടുതൽ ഫുൾ എ പ്ലസുകാരുള്ള ജില്ലയിൽ ഇഷ്ടമുള്ള കോഴ്സിന് പോലും അഡ്മിഷൻ ലഭിക്കാതെ വിദ്യാർഥികൾ പ്രയാസത്തിലാണ്. അൺ എയ്ഡഡ് സ്കൂളുകളുകളിലെ സീറ്റുകൾ പെരുപ്പിച്ച് കാണിച്ച് ജില്ലയിൽ പ്ലസ്വൺ സീറ്റുകൾ അധികമാണെന്ന് വരുത്താനും ശ്രമം നടക്കുന്നു.
സീറ്റ് വർധന പതിവ് നാടകം
ഹാരിസ് മുതൂർ
(കെ.എസ്.യു ജില്ല പ്രസിഡൻറ്)
പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട് വലിയ അവഗണനയും വിവേചനവുമാണ് ജില്ല നേരിടുന്നത്. തെക്കുഭാഗത്ത് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയും മലബാറിൽ സീറ്റില്ലാതെ വിദ്യാർഥികൾ സ്കൂളിനു പുറത്തുനിൽക്കുന്ന സാഹചര്യം മന്ത്രിമാരുടെയും സർക്കാറിെൻറയും കഴിവുകേടാണ്. 20 ശതമാനം സീറ്റ് വർധന എന്ന പതിവ് നാടകം കൊണ്ട് ഗുണം ലഭിക്കുന്നില്ല. എല്ലാ വർഷവും വിദ്യാർഥി സംഘടനകൾ സമരം ചെയ്ത് തലപൊട്ടിച്ചാലും കണ്ണ് തുറക്കില്ല എന്ന സർക്കാർ സമീപനം വെല്ലുവിളിയാണ്.
അനുപാതം താളം തെറ്റുന്നു
ഡോ. എ.കെ. സഫീർ
(ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ്)
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രക്ഷോഭങ്ങളുയരുമ്പോൾ കാലങ്ങളായി സർക്കാർ ചെയ്യുന്ന ചെപ്പടിവിദ്യയാണ് 20 ശതമാനം താൽക്കാലിക സീറ്റ് വർധന. 50 പേർക്കിരിക്കാവുന്ന ക്ലാസിൽ 60 വിദ്യാർഥികൾക്ക് തിങ്ങി നിറഞ്ഞ് ഇരിക്കേണ്ട അവസ്ഥയാണ് ഇതിലൂടെ സംഭവിക്കുന്നത്. വിദ്യാർഥി-അധ്യാപക അനുപാതം താളം തെറ്റുന്നത് മൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് നേരെ സർക്കാർ കണ്ണടക്കുകയാണ്. മലപ്പുറത്തെ വിദ്യാർഥികൾക്ക് വേണ്ടത് സ്വസ്ഥമായി പഠിക്കാനാവശ്യമായ ക്ലാസ് റൂമുകളാണ്. പുതിയ ബാച്ചുകളും പുതിയ ഹയർസെക്കൻഡറി സ്കൂളുകളും അനുവദിക്കുക എന്നതാണ് സീറ്റ് പ്രതിസന്ധി പരിഹരിക്കാനുള്ള പ്രതിവിധി.
ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ മലപ്പുറത്തേക്ക്
കൊണ്ടുവരണം
അർഷഖ് ശർബാസ്
(കാമ്പസ് ഫ്രണ്ട് ജില്ല പ്രസിഡൻറ്)
ഉയർന്ന മാർക്ക് വാങ്ങി ജയിച്ചവർക്ക്പോലും സ്വകാര്യ സംവിധാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ് മലപ്പുറത്ത്. പല ജില്ലകളിലും മിനിമം മാർക്കിൽ ജയിച്ചാൽ പോലും ഇഷ്ടമുള്ള കോഴ്സ് തെരഞ്ഞെടുത്ത് പഠിക്കാം. ചിലയിടങ്ങളിൽ വിദ്യാർഥികളില്ലാതെ ബാച്ചുകൾ തന്നെ ഒഴിഞ്ഞുകിടക്കുന്നുണ്ട്. എന്നാൽ, ആവശ്യത്തിന് സീറ്റില്ലാത്തതിനാൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് പോലും മലപ്പുറത്ത് അവസരമുണ്ടാവുന്നില്ല. മുന്നാക്കാർക്കുള്ള അശാസ്ത്രീയമായ സംവരണവും സീറ്റ് പ്രതിസന്ധി സങ്കീർണമാക്കി. മറ്റു ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ മലപ്പുറത്തേക്ക് കൊണ്ടുവരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.