പ്ലസ് വൺ: താൽക്കാലിക ബാച്ചുകൾ വന്നാലും 910 പേർ പുറത്താകും
text_fieldsമലപ്പുറം: പ്ലസ് വൺ സപ്ലിമെന്ററി ആദ്യ പ്രവേശന നടപടികൾ പൂർത്തിയായതോടെ ജില്ലയിൽ സർക്കാർ-എയ്ഡഡ് മേഖലയിലായി ആകെ പ്രവേശനം നേടിയത് 58,640 പേർ. മെറിറ്റിൽ 49,224, സ്പോർട്സ് ക്വാട്ടയിൽ 994, മോഡൽ റസിൻഡൻഷ്യൽ സ്കൂളിൽ 25, കമ്യൂണിറ്റി ക്വാട്ടയിൽ 3,526, മാനേജ്മെന്റ് ക്വാട്ടയിൽ 4,871 അടക്കമാണിത്. അൺ എയ്ഡഡ് മേഖലയിൽ 4,403 പേരും പ്രവേശനം പൂർത്തീകരിച്ചു. ആകെ 63,043 പേരാണ് പ്രവേശന നടപടികൾ പൂർത്തിയാക്കിയത്. മെറിറ്റിൽ 1,170 സീറ്റുകളാണ് ഇനി ഒഴിവുള്ളത്. മുഖ്യഘട്ടത്തിൽ ജില്ലയിൽ ആകെ 82,446 അപേക്ഷകരാണുണ്ടായിരുന്നത്. ഏകജാലകം, മോഡൽ റസിൻഡൻഷ്യൽ സ്കൂൾ(എം.ആർ.എസ്), കമ്യൂണിറ്റി, മാനേജ്മെന്റ് കോട്ടകളിലൂടെ 50,014 പേർ പ്രവേശനം നേടിയിരുന്നു. സപ്ലിമെന്ററി ഘട്ടത്തിൽ 16,881 അപേക്ഷകരുമുണ്ടായിരുന്നു. ഇതിൽ 16,879 പേരെയാണ് അലോട്ട്മെന്റിന് പരിഗണിച്ചത്. 6,999 പേർക്കാണ് പ്രവേശനത്തിന് അവസരം ലഭിച്ചത്. 9,880 പേർ സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുകയാണ്. ഇതിനിടെയാണ് ജില്ലക്ക് വകുപ്പ് 120 താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ തീരുമാനമെടുത്തത്. ജില്ലയിലെ 74 സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലായി 59 ഹ്യൂമാനിറ്റീസ് ബാച്ചുകളും 61 കൊമേഴ്സ് ബാച്ചുകളുമാണ് വരിക. ഒരു ബാച്ചിൽ 65 പേർക്ക് പ്രവേശനം നൽകുമെന്നാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇതുവഴി 7,800 പേർക്കു കൂടി സീറ്റ് ലഭിക്കും. എങ്കിലും 2,080 പേർ സീറ്റില്ലാതെ പുറത്ത് നിൽക്കും. നിലവിൽ പുറത്ത് വന്ന കണക്കിൽ മെറിറ്റിൽ 1,170 ഒഴിവുണ്ട്. ഇതിലേക്ക് പ്രവേശനം നടത്തിയാലും 910 പേർ സീറ്റ് ലഭിക്കാത്ത സ്ഥിതിയുണ്ട്. അൺ എയ്ഡഡ് മേഖലയിൽ 6,833 സീറ്റുകൾ കൂടി ഒഴിവുണ്ട്. എന്നാൽ ഇവ പണം മുടക്കി പഠിക്കേണ്ടതിനാൽ സാധാരണക്കാരന് പ്രയോഗികമാക്കില്ല.
ഔദ്യോഗിക ഉത്തരവും കാത്ത് വിദ്യാലയങ്ങൾ
മലപ്പുറം: പ്ലസ് വണിന് താൽക്കാലിക ബാച്ച് അനുവദിച്ചത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവും കാത്ത് ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ. നിലവിൽ വിദ്യാഭ്യാസ മന്ത്രി 120 ബാച്ചുകൾ അനുവദിക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതൊക്കെ വിദ്യാലയങ്ങളാണ് പരിഗണിച്ചതെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. ജില്ലയിലെ 74 സർക്കാർ ഹയർസെക്കൻഡറി സ്കൂകളിലായി 59 ഹ്യൂമാനിറ്റീസ് ബാച്ചുകളും 61 കോമേഴ്സ് ബാച്ചുകളുമാണ് വരിക. വിഷയത്തിൽ കൃത്യമായ ഉത്തരവ് ലഭിച്ചിട്ട് വേണം വിദ്യാലയങ്ങൾക്ക് സൗകര്യമൊരുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ. കൂടാതെ അടിസ്ഥാന സൗകര്യമൊരുക്കണമെങ്കിലും സ്കൂൾ അധികൃതർക്കും പി.ടി.എകൾക്കും സമയം വേണ്ടി വരും. സ്കൂളുകൾക്ക് മുന്നോട്ടുപോകണമെങ്കിൽ അധികൃതരുടെ ഉത്തരവ് വരണ്ടേതുണ്ട്. ബാച്ചുകൾ അനുവദിക്കുകയാണെങ്കിൽ സൗകര്യമൊരുക്കാൻ ഒരുക്കമാണെന്ന് സ്കൂളുകൾ വകുപ്പിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്. സീറ്റ് വിഷയത്തിൽ ജൂലൈ ഒന്ന് മുതൽ മൂന്ന് വരെ രണ്ടംഗ സമിതിയിലെ ഹയർസെക്കൻഡറി അക്കാദമിക് വിഭാഗം ജോയന്റ് ഡയറക്ടർ ആർ. സുരേഷ് കുമാറും ഹയർസെക്കൻഡറി ആർ.ഡി.ഡി പി.എം. അനിലും നടത്തിയ ഫീൽഡ് തല സന്ദർശനത്തിലും പി.ടി.എകൾ ഉറപ്പ് നൽകിയിരുന്നു. തിരൂർ, പെരിന്തൽമണ്ണ താലൂക്കൂകളിലാണ് കൂടുതൽ സീറ്റ് പ്രതിസന്ധിയെന്നാണ് രണ്ടംഗ സമിതി നടത്തിയ സന്ദർശനത്തിൽ വ്യക്തമായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.