പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സർക്കാർ ഇടപെടൽ തുണയായി -മുഖ്യമന്ത്രി
text_fieldsമലപ്പുറം: ജില്ലയിൽ ഹയർ സെക്കൻഡറിക്ക് അധിക ബാച്ചുകൾ അനുവദിച്ചതിലൂടെ പത്താം ക്ലാസ് പൂർത്തിയാക്കിയ എല്ലാവർക്കും ഉപരിപഠനത്തിന് അവസരമൊരുക്കാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ മലപ്പുറം ഉൾപ്പെടെ മൂന്ന് ജില്ലകളിലെ വികസന പദ്ധതികളും പ്രശ്നങ്ങളും അവലോകനം ചെയ്യാൻ തൃശൂരിൽ ചേർന്ന മേഖലതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
2018നുശേഷം തെക്കൻ ജില്ലകളിൽനിന്ന് 32 ബാച്ചുകൾ മലപ്പുറത്തേക്ക് മാറ്റി. ഇപ്പോൾ രണ്ട് വർഷങ്ങളിലായി ആകെ 169 താൽക്കാലിക ബാച്ചുകൾ അനുവദിച്ചതിൽ 84 എണ്ണം ജില്ലക്കാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിദരിദ്ര പട്ടികയിൽ ഉൾപ്പെട്ട കുടുംബങ്ങളിലെ പത്താം ക്ലാസ് പൂർത്തിയാക്കിയവരുടെ തുടർപഠനം സംബന്ധിച്ച വിഷയത്തിൽ ജില്ലയിൽനിന്ന് പട്ടിക ലഭിക്കുന്ന മുറക്ക് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും ചീഫ് സെക്രട്ടിയും ബന്ധപ്പെട്ട ജില്ലകളിലെ കലക്ടര്‍മാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
തീരദേശ ഹൈവേ മാറ്റത്തിന് വഴിയൊരുക്കും
തീരദേശ ഹൈവേ പൂർത്തീകരിക്കുന്നതോടെ വലിയ മാറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യംവഹിക്കുകയെന്ന് മുഖ്യമന്ത്രി. ജില്ലയിലെ പടിഞ്ഞാറേക്കര മുതൽ ഉണ്ണിയാൽ വരെയും മുഹിയുദ്ദീൻ പള്ളി മുതൽ കെട്ടുങ്ങൽ ബീച്ച് വരെയും നിർമാണം അന്തിമഘട്ടത്തിലാണ്. ഹൈവേയുടെ ഭാഗമായ മുദിയം പാലത്തിന് കിഫ്ബി സാമ്പത്തിക അനുമതി നൽകിയിട്ടുണ്ട്. ആറ് റീച്ചുകളിലായി 38.66 കിലോമീറ്റർ ആണ് നിർമിക്കേണ്ടത്. ഇതിൽ 19.08 കിലോമീറ്ററിന് സാമ്പത്തിക അനുമതി ലഭ്യമായിട്ടുണ്ട്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീങ്ങിയതായി കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
ദേശീയപാത പ്രവൃത്തി അതിവേഗം
ദേശീയപാത നിർമാണത്തിൽ രാമനാട്ടുകര മുതൽ വളാഞ്ചേരി വരെ 40.09 ശതമാനം പ്രവൃത്തികളും വളാഞ്ചേരി മുതൽ കാപ്പിരിക്കാട് വരെ 45.5 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചു. 2024 ജൂലൈ മാസത്തോടെ ഇവ പൂർത്തികരിക്കാനാണ് ലക്ഷ്യം.
കൂടാതെ ജില്ലയിലെ നാഷനൽ ഹൈവേ അതോറിറ്റിക്ക് കീഴിലുള്ള ഗ്രീൻഫീൽഡ് ഹൈവേയുടെ എടത്തനാട്ടുകര-കാരക്കുന്ന്, കാരക്കുന്ന്-വാഴയൂർ സെക്ഷനുകളുടെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
വിദ്യാലയങ്ങൾ പുതുമോടിയിൽ
പൊതുവിദ്യാഭ്യാസ മേഖലയിൽ 7,76,683 കുട്ടികൾ പഠിക്കുന്ന ജില്ലയിൽ ‘വിദ്യാകിരണം’ പദ്ധതി പ്രകാരം അഞ്ചുകോടിയുടെ കിഫ്ബി ഫണ്ടനുവദിച്ച 18 സ്കൂളുകളിലെയും നിർമാണം പൂർത്തിയായി. മൂന്നുകോടി കിഫ്ബി ഫണ്ടുപയോഗിച്ച് 31 സ്കൂളുകളുടെ നിർമാണം പൂർത്തിയായി.
മൂന്ന് സ്കൂളുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഒരുകോടി കിഫ്ബി ഫണ്ടിൽ 33 സ്കൂളുകളുടെ നിർമാണവും പൂർത്തിയായി. കെ-ഡിസ്കുമായി സഹകരിച്ച് വിദ്യാഭ്യാസ വകുപ്പിലെ വിവിധ ഏജൻസികളുടെ സഹായത്തോടെ നടപ്പാക്കുന്ന ‘മഞ്ചാടി’ ശിശു സൗഹൃദ ഗണിത ശാസ്ത്ര പഠന പദ്ധതി ജില്ലയിൽ ഒരു സ്കൂളിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കി.
സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ജില്ലയിലെ 212 സ്കൂളുകളിൽ ഒക്ടോബർ മുതൽ ആരംഭിക്കും. വർണക്കൂടാരം പദ്ധതി 55 സ്കൂളുകളിൽ ആരംഭിച്ചതായും യോഗം വിലയിരുത്തി.
അലീഗഢ് കേന്ദ്രത്തിൽ കോഴ്സുകൾ: നടപ്പാക്കേണ്ടത് യൂനിവേഴ്സിറ്റി
അലീഗഢ് യൂനിവേഴ്സിറ്റിയുടെ മലപ്പുറം കേന്ദ്രത്തിൽ കൂടുതൽ കോഴ്സുകൾ അനുവദിക്കാനുള്ള നിർദേശം നടപ്പാക്കേണ്ടത് യൂനിവേഴ്സിറ്റി ആണെന്നും അതിന് സംസ്ഥാന സർക്കാറും ഉന്നത വിദ്യാഭ്യാസ വകുപ്പും സഹായവും പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബി.വോക്, എൽ.എൽ.എം, ബി.ഫാം, എം.എഡ്, ഇന്റഗ്രേറ്റഡ് ബി.എഡ് ഉൾപ്പെടെ അഞ്ച് കോഴ്സുകൾക്ക് പ്രൊപ്പോസൽ നൽകിയിട്ടുണ്ടെങ്കിലും കേന്ദ്ര യൂനിവേഴ്സിറ്റിയിൽനിന്ന് അംഗീകാരം ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ ജില്ല കലക്ടറുടെ നേതൃത്വത്തിൽ സമ്മർദം ഉണ്ടാവണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
7687 കുടുംബങ്ങൾക്ക് മൈക്രോ പ്ലാൻ തയാറാക്കി
അതിദാരിദ്ര്യ നിർമാർജന പദ്ധതി പ്രകാരം ജില്ലയിൽ കണ്ടെത്തിയ 8553 കുടംബങ്ങളിൽ 7687 കുടുംബങ്ങൾക്കുള്ള മൈക്രോ പ്ലാൻ തയാറാക്കിയതായി യോഗം വിലയിരുത്തി. അംഗത്തിന്റെ മരണം കാരണം മാറ്റിവെച്ചതൊഴിച്ച് അവശേഷിക്കുന്ന 204 കുടുംബങ്ങൾക്കുള്ള മൈക്രോ പ്ലാൻ സമയബന്ധിതമായി തീർക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.
മാലിന്യമുക്ത നവകേരളം: 17,23,750 രൂപ പിഴ
മാലിന്യമുക്ത നവകേരള പദ്ധതി കാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 225 കേസുകൾ രജിസ്റ്റർ ചെയ്യുകയും 17,23,750 രൂപ പിഴ ചുമത്തുകയും ചെയ്തു. ജില്ലയിൽ ആകെ 567 മിനി എം.സി.എഫുകളും 145 എം.സി.എഫുകളും ഒമ്പത് ആർ.ആർ.എഫുകളും പ്രവർത്തനം തുടങ്ങി. 224 മിനി എം.സി.എഫുകളും 14 എം.സി.എഫുകളും കാമ്പയിൻ ഒന്നാംഘട്ടത്തിന്റെ പ്രവർത്തന നേട്ടമാണ്.
മാലിന്യത്തിൽനിന്ന് ഊര്‍ജം ഉൽപാദിപ്പിക്കുന്ന പ്ലാന്റ് സ്ഥാപിക്കാൻ തിരൂര്‍ താലൂക്കിലെ നടുവട്ടം വില്ലേജില്‍ എട്ട് ഏക്കര്‍ സ്ഥലം 30 വര്‍ഷത്തേക്ക് കെ.എസ്.ഐ.ഡി.സിക്ക് ലീസിന് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ട്. ദ്രവമാലിന്യ സംസ്കരണത്തിനായി പെരിന്തല്‍മണ്ണ, തിരൂര്‍, വളാഞ്ചേരി എന്നിവിടങ്ങളില്‍ എഫ്.എസ്.ടി.പിയും മഞ്ചേരിയില്‍ മൊബൈല്‍ എഫ്.എസ്.ടി.പിയും സ്ഥാപിക്കാൻ നടപടി ആരംഭിച്ചു. സ്ഥലമെടുപ്പാണ് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ പ്രധാന പ്രശ്നമെന്നതിനാൽ ഇക്കാര്യത്തിൽ നടപടി താരിതപ്പെടുത്താൻ ജില്ല കലക്ടർമാർമാരെ ചുമതലപ്പെടുത്തി.
ജല ഗുണനിലവാര നിർണയ ലാബിനുള്ള നടപടികൾ ത്വരിതപ്പെടുത്തണം
കുടിക്കുന്ന വെള്ളം ശുദ്ധവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കാൻ ജില്ലയിൽ ജല ഗുണനിലവാര നിർണയ ലാബുകൾ ആരംഭിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിർദേശം നൽകി. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും ഒരു ഹയർ സെക്കൻഡറി സ്കൂളിൽ ലാബ് സ്ഥാപിക്കാൻ സർക്കാർ ലക്ഷ്യമിട്ടതാണെങ്കിലും മലപ്പുറത്ത് ഒരിടത്ത് പോലും തുടങ്ങാനായിട്ടില്ല.
കുടിവെള്ളത്തിൽ മനുഷ്യവിസർജ്യത്തിന്റെ അംശം കലരുന്നത് വ്യാപകമാകുന്ന സാഹചര്യത്തിൽ ജില്ലകളിൽ പരിശോധന സംവിധാനം സജീവമാക്കേണ്ടത് ആവശ്യമാണ്. സെപ്റ്റിക് ടാങ്കുകളുടെ ആധിക്യവും ശാസ്ത്രീയ സംസ്കരണ സംവിധാനങ്ങളുടെ അഭാവവും കിണർ വെള്ളം പോലും ശുദ്ധമാണെന്ന് പറയാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.