പ്ലസ് വൺ സീറ്റ് പ്രശ്നം: ആർ.ഡി.ഡി ഓഫിസ് പൂട്ടിയിട്ട് എം.എസ്.എഫ്
text_fieldsമലപ്പുറം: പ്ലസ് വൺ മുഴുവൻ അപേക്ഷകർക്കും സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് ഹയർ സെക്കൻഡറി റീജിനൽ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഡി.ഡി) ഓഫിസ് പൂട്ടിയിട്ട് എം.എസ്.എഫ് പ്രതിഷേധം. ശനിയാഴ്ച രാവിലെ 11.45 ഓടെയാണ് സംഭവം. ജില്ലയിൽ ഉപരിപഠനത്തിന് സീറ്റില്ലാത്ത വിഷയത്തിൽ ആർ.ഡി.ഡി ഡോ. പി.എം. അനിലുമായി എം.എസ്.എഫ് നേതൃത്വം ചർച്ച നടത്തുന്നതിനിടെ പുറത്ത് കൂടിനിന്ന എം.എസ്.എഫ് പ്രവർത്തകർ 11.55 ഓടെ കലക്ടറേറ്റിലെ ഓഫിസ് പുറത്തുനിന്ന് പൂട്ടുകയായിരുന്നു. ഈ സമയം ഓഫിസിലെ ജീവനക്കാരും അകത്തുണ്ടായിരുന്നു. തുടർന്ന് എം.എസ്.എഫ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി ഓഫിസിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതോടെ ഓഫിസും പരിസരവും സംഘർഷഭരിതമായി. പ്രവർത്തകർ 12.15 ഓടെ മലപ്പുറം പൊലീസെത്തി പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അകത്തുള്ളവരെ പൂട്ട് തുറന്നാണ് അറസ്റ്റ് ചെയ്തത്.
പ്രവർത്തകരുടെ നീക്കം ആസൂത്രിതം
ആസൂത്രിതമായിട്ടായിരുന്നു എം.എസ്.എഫ് പ്രവർത്തകർ പ്രതിഷേധം ഒരുക്കിയത്. നേതാക്കൾ ഓഫിസിനുള്ളിൽ കയറിയെന്ന് ഉറപ്പാക്കിയ ശേഷം ഓഫിസ് പുറത്ത് നിന്ന് പൂട്ടുകയായിരുന്നു. പുറത്ത് കുത്തിയിരുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴും ഓഫിസിനുള്ളിൽ നേതാക്കളുണ്ടായിരുന്നു. പിന്നീട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം സംഘമായെത്തി പൊലീസ് താക്കോൽ ഉപയോഗിച്ച് തുറന്ന് ആർ.ഡി.ഡി ഓഫിസിനകത്ത് കയറി. ഈ സമയം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, സംസ്ഥാന സെക്രട്ടറി പി.എ. ജവാദ്, ജില്ല ജനറൽ സെക്രട്ടറി വി.എ. വഹാബ്, യൂനിറ്റിവേഴ്സിറ്റി സെനറ്റ് അംഗം റഹീസ് ആലുങ്ങൽ, അഡ്വ. ജലീൽ പറമ്പൻ എന്നിവർ ആർ.ഡി.ഡിയുടെ ക്യാബിനിലുണ്ടായിരുന്നു.
സീറ്റ് വർധിപ്പിക്കാൻ സമരം തുടരുമെന്ന് നേതൃത്വം
ജില്ലയിൽ പ്ലസ് വണിന് സീറ്റിനായി സമരം തുടരുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് നീക്കി പൊലീസ് വാഹനത്തിൽ കയറ്റുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിരവധി വിദ്യാർഥികളാണ് സീറ്റിനായി കാത്തിരിക്കുന്നത്. ഇവരുടെ പ്രയാസം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നേതാക്കൾക്കെതിരെ കേസ്
ആർ.ഡി.ഡി ഓഫിസ് പൂട്ടിയിട്ട സംഭവത്തിൽ കേസെടുത്തു. പിന്നീട് ഉപാധികളോടെ ജാമ്യം അനുവദിച്ചു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, സംസ്ഥാന സെക്രട്ടറി പി.എ. ജവാദ്, ജില്ല ജനറൽ സെക്രട്ടറി വി.എ വഹാബ്, യൂനിവേഴ്സിറ്റി സെനറ്റ് അംഗം റഹീസ് ആലുങ്ങൽ, ഹക്കീം തങ്ങൾ, സനീൻ ബാബു ജസീൽ പറമ്പൻ, കെ.പി.നവാഫ്, മുബശീർ, അഹ് ലഹ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പ്രതിഷേധാർഹം -കെ.എസ്.ടി.എ
മലപ്പുറം: ആർ.ഡി.ഡി ഓഫിസിന് നേരെയുണ്ടായ എം.എസ്.എഫ് അക്രമ നടപടി പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കെ.എസ്.ടി.എ ജില്ല കമ്മിറ്റി. ഓഫിസ് ഫർണിച്ചറുകളും ഫയലുകളും നശിപ്പിച്ച് നടത്തിയ സമരത്തിൽ പങ്കെടുത്തവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് ഇ.എസ്. അജിത് ലൂക്ക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി. രത്നാകരൻ, ഷൈജി ടി. മാത്യൂ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.