പ്ലസ് വൺ സീറ്റ്: മലപ്പുറം ജില്ല പഞ്ചായത്ത് ഭാരവാഹികൾ മുഖ്യമന്ത്രിയെ കാണും
text_fieldsമലപ്പുറം: ജില്ലയിലെ പ്ലസ് വൺ സീറ്റുകളുടെ അപര്യാപ്ത പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വിദ്യാഭ്യസ മന്ത്രിക്കും നിവേദനം നൽകാൻ ജില്ല പഞ്ചായത്ത് ബോർഡ് യോഗം തീരുമാനിച്ചു. ഇതിനായി ജില്ല പഞ്ചായത്ത് ഭാരവാഹികൾ തിരുവനന്തപുരത്തുപോകും. മേയ് 20ന് ശേഷമായിരിക്കും കൂടിക്കാഴ്ച. ആനുപാതിക സീറ്റ് വർധന പരിഹാരമല്ലെന്നും അധിക ബാച്ചുകളാണ് ആവശ്യമെന്നും വൈസ് പ്രസിഡന്റ് ഇസ്മയിൽ മൂത്തേടം പറഞ്ഞു.
അധിക ബാച്ചുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യം സർക്കാർ ഒരുക്കണമെന്ന് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ നസീബ അസീസ് താപ്പി ആവശ്യപ്പെട്ടു. അതിരൂക്ഷമായ വരൾച്ചയിൽ ജില്ലയിൽ വൻ കൃഷിനാശം സംഭവിച്ചതായി ജില്ല പഞ്ചായത്തംഗം വി.കെ.എം. ഷാഫി ചൂണ്ടിക്കാട്ടി. പൊന്നാനി കോൾമേഖലയിൽ ഹെക്ടർ കണക്കിന് നെൽകൃഷി കരിഞ്ഞുണങ്ങി. കൃഷി നശിച്ച ജില്ലയിലെ മുഴുവൻ കർഷകർക്കും സർക്കാർ ഉചിതമായ നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൃഷിനാശം ചർച്ച ചെയ്യാൻ മേയ് 28ന് ജില്ല കൃഷി ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുള്ള യോഗം വിളിക്കുമെന്ന് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു.
36 പ്രവൃത്തികൾ ഒഴിവാക്കി
ട്രഷറി നിയന്ത്രണം മൂലം നഷ്ടമായ പദ്ധതി വിഹിതം തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് ജില്ലയിലെ എം.എൽ.എമാരും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും മുഖ്യമന്ത്രിയേയും തദേശഭരണ മന്ത്രിയേയും സന്ദർശിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അറിയിച്ചു. 2023-24ലെ പദ്ധതി വിഹിതമായി കിട്ടേണ്ട 62 കോടി രൂപയാണ് ജില്ല പഞ്ചായത്തിന് നഷ്ടമായത്. പദ്ധതി നിർവഹണത്തെ ഇത് സാരമായി ബാധിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പല കാരണങ്ങളാൽ നടക്കാതിരുന്ന 2023-24ലെ 36 പ്രവൃത്തികൾ തുടർന്ന് നടപ്പാക്കേണ്ടതില്ലെന്ന് ഭരണസമിതി യോഗം തീരുമാനിച്ചു. കരാറുകാരുടെ അലംഭാവംമൂലം മന്ദഗതിയിലുള്ള ഒമ്പത് പ്രവൃത്തികൾ വേഗത്തിലാക്കും.
ഇതിനായി മേയ് 24ന് രാവിലെ പത്തിന് ജില്ല പഞ്ചായത്ത് ഓഫിസിൽ ബന്ധപ്പെട്ട കരാറുകാരുടേയും എൻജിനീയറിങ് വിഭാഗത്തിന്റെയും യോഗം ചേരും. 2024-25 വാർഷിക പദ്ധതി പ്രവൃത്തികളുടെ എസ്റ്റിമേറ്റ് ജൂൺ 30നകം തയാറാക്കും. ജൂലൈ 10ന് അവലോനം നടത്തും. കരിപ്പൂർ ഹജ്ജ് ക്യാമ്പിലെ ഹാജിമാർക്കുള്ള ജില്ല പഞ്ചായത്തിന്റെ ആയുർവേദ, ഹോമിയോ മരുന്ന് കിറ്റുകളുടെ വിതരണം മേയ് 20ന് നടക്കും.
ഇതിനായി ഹജ്ജ് ഹൗസിൽ രണ്ട് കൗണ്ടറുകൾ ഒരുക്കും. പദ്ധതിക്ക് പ്രത്യേകം സോഫ്റ്റ്വെയർ തയാറാക്കിയിട്ടുണ്ട്. സാക്ഷരത മിഷന്റെ ‘മുന്നേറ്റം’ തുടർവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി പഠിതാക്കളുടെ രജിസ്ട്രേഷനും ബോധവത്കരണവും മേയ് 23ന് വഴിക്കടവ് പുഞ്ചക്കൊല്ലി കോളനിയിൽ നടക്കും. രണ്ട് മത്സ്യത്തൊഴിലാളികളുടെ ദാരുണ മരണത്തിലേക്ക് നയിച്ച പൊന്നാനി ബോട്ടപകടത്തിൽ ബോർഡ് യോഗം അനുശോചിച്ചു.
അധ്യയന വർഷാരംഭം വിലയിരുത്താൻ നാളെ യോഗം
അധ്യയന വർഷാരംഭത്തോടനുബന്ധിച്ച് ജില്ലതല വിദ്യാഭ്യാസ ഓഫിസർമാരുടേയും ഗവ. സ്കൂളുകളിലെ പി.ടി.എ ഭാരവാഹികൾ, പ്രധാനാധ്യാപകർ എന്നിവരുടേയും യോഗം മേയ് 17ന് ഉച്ചക്ക് ശേഷം 2.30ന് ജില്ല പഞ്ചായത്തിൽ ചേരും. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, ഫിറ്റ്നസ്, കിണറുകളിലെ ക്ലോറിനേഷൻ എന്നിവ യോഗം വിലയിരുത്തും. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നെസ് പരിശോധന വേഗത്തിലാക്കാൻ എക്സിക്യുട്ടീവ് എൻജിനീയർക്ക് ജില്ല പഞ്ചായത്ത് നിർദേശം നൽകി.
ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള ലാപ്ടോപ് വിതരണം ജൂൺ ആദ്യവാരത്തിൽ നടത്തും. ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ ഡിഗ്രി മുതൽ പഠിക്കുന്ന ജില്ലയിലെ ആദിവാസി വിദ്യാർഥികളുടെ സംഗമം ജൂൺ ഒന്നിന് രാവിലെ 10.30ന് നിലമ്പൂർ േബ്ലാക്ക് പഞ്ചായത്ത് ഹാളിൽ ചേരും. എസ്.ടി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് വിനിയോഗവുമായി ബന്ധപ്പെട്ടാണ് ഈ പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.