ഹയർ സെക്കൻഡറി പരീക്ഷാ ഫലം; എ പ്ലസിൽ മുന്നിൽ നമ്മള് തന്നെ
text_fieldsമലപ്പുറം: രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ജില്ലയില്‍ 79.63 ശതമാനം ജയം. കഴിഞ്ഞവർഷം 84.53 ശതമാനമായിരുന്നു വിജയം. ഇത്തവണ 4.90 ശതമാനത്തിന്റെ കുറവ്. ആകെ 243 സ്കൂളുകളിലായി സ്കൂള്‍ ഗോയിങ് റെഗുലര്‍ വിഭാഗത്തിൽ 61,213 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 48,744 വിദ്യാര്‍ഥികള്‍ ഉപരിപഠന യോഗ്യത നേടി. 5,654 പേര് എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ് നേടി. എല്ലാ വിഷയങ്ങൾക്കും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ എ പ്ലസ് നേടിയത് ജില്ലയിലാണ്. കഴിഞ്ഞവർഷം 4,897 കുട്ടികളാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. 11 പേർക്കാണ് 1200 മാർക്ക് ലഭിച്ചത്. കഴിഞ്ഞതവണ ആറു പേർക്കായിരുന്നു 1200 മാർക്ക് കിട്ടിയത്. ഇത്തവണ എണ്ണം ഉയർന്നു. 740 വിദ്യാര്‍ഥികളെ പരീക്ഷക്ക് സജ്ജരാക്കിയ പാലേമേട് എസ്.വി ഹയര്‍സെക്കന്‍ഡറി സ്കൂളിൽ 560 പേരും 717 പേരെ പരീക്ഷക്കിരുത്തിയ കല്ലിങ്ങല്‍ എം.എസ്.എം ഹയര്‍സെക്കൻഡറി സ്കൂളിൽ 673 പേരും ഉപരിപഠനത്തിന് അർഹരായി. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വിദ്യാഥികളെ പരീക്ഷക്ക് സജ്ജരാക്കിയ സര്‍ക്കാര്‍ സ്കൂളായ കോട്ടക്കൽ രാജാസ് എച്ച്.എസ്.എസിൽ 707 പേരിൽ 632 പേരാണ് ഉപരിപഠന യോഗ്യത നേടിയത്. ഒമ്പത് സ്കൂളുകളാണ് 100 ശതമാനം വിജയം കൈവരിച്ചത്. മൂന്ന് എയ്ഡഡും നാല് അൺ എയ്ഡഡും രണ്ട് സ്പെഷൽ സ്കൂളുകൾക്കുമാണ് 100 ശതമാനം. കഴിഞ്ഞതവണ 13 സ്കൂളുകളാണ് 100 ശതമാനം നേടിയിരുന്നത്.
ടെക്നിക്കലിൽ 58 ശതമാനം
ടെക്നിക്കല്‍ വിഭാഗത്തില്‍ 331 പേരിൽ 192 പേരാണ് ഉപരി പഠനത്തിന് അർഹരായത്. 58 ശതമാനമാണ് വിജയം. അഞ്ചുപേർക്കാണ് എ പ്ലസ്. കഴിഞ്ഞവർഷം 295 പേര് പരീക്ഷയെഴുതിയതില്‍ 196 പേര് ഉപരിപഠന യോഗ്യത നേടിയിരുന്നു. 66 ശതമാനമായിരുന്നു വിജയം. നാലുപേരായിരുന്നു എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത്.
ഓപണിൽ 37 ശതമാനം
ഓപണ്‍ വിഭാഗത്തില്‍ 15,402 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 5,762 പേർ ഉപരിപഠന യോഗ്യത നേടി. 37 ശതമാനമാണ് വിജയം. 204 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. കഴിഞ്ഞതവണ ഓപണ്‍ വിഭാഗത്തില്‍ 18,171 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 8,687 പേര് ഉപരിപഠനത്തിന് അര്‍ഹരായത്. 47.81മായിരുന്നു വിജയശതമാനം. 246 പേര്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസും കിട്ടിയിരുന്നു. ഓപണ്‍ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തിയതും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും ഒന്നാം സ്ഥാനം ജില്ലക്കാണ്.
വി.എച്ച്.എസ്.ഇയിൽ 69.40 ശതമാനം
രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 69.40 ശതമാനമാണ് വിജയം. 2,797 പേര് പരീക്ഷ എഴുതിയപ്പോള്‍ 1,941 പേര് ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ജില്ലയില്‍ 2,766 പേര് പരീക്ഷ എഴുതിയതില്‍ 2,279 പേര് ഉപരിപഠനത്തിന് യോഗ്യത നേടിയിരുന്നു. 81.90മായിരുന്നു വിജയം. ഈ വർഷം 12.5 ശതമാനത്തിന്റെ കുറവാണ് വി.എച്ച്.എസ്.ഇയിലുണ്ടായത്.
ജില്ലയിൽ 11 പേർക്ക് 1200
മലപ്പുറം: ജില്ലയിൽ ആകെ 11 പേർക്കാണ് 1200 മാർക്ക് ലഭിച്ചത്. ഒമ്പതുപേർ സയൻസ് വിഭാഗത്തിലും രണ്ടുപേർ ഹ്യൂമാനിറ്റീസ് വിഭാഗത്തിലുമാണ് മുഴുവൻ മാർക്കും നേടിയത്. യൂനിവേഴ്സിറ്റി മോഡേൺ എച്ച്.എസ്.എസിലെ പി. ശ്രീനാഥ് സുധീഷ് (സയൻസ്), അരിയല്ലൂർ എം.വി.എച്ച്.എസ്.എസിലെ കെ.എസ്. ദേവിക (ഹ്യൂമാനിറ്റീസ്), കൊണ്ടോട്ടി ഇ.എം.ഇ.എയിലെ വി.വി. ഫാത്തിമ ഷഹർബാനു (സയൻസ്), പാർവണ എസ്. പ്രകാശ് (ഹ്യൂമാനിറ്റീസ്), രാമനാട്ടുകര എച്ച്.എസ്.എസിലെ കെ.ടി. ശ്വേത (സയൻസ്), പള്ളിക്കൽ പുത്തൂരിലെ വി.പി.കെ.എം.എം.എച്ച്.എസ്.എസിലെ എ. അഫ്ര (സയൻസ്), അഹ്ദ ടി. ബഷീർ (സയൻസ്), വളവന്നൂർ ബി.വൈ.കെ.വി.എച്ച്.എസ്.എസിലെ കെ. അംന (സയൻസ്), മഞ്ചേരി ജെ.എസ്.ആർ.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ മെഹ്ന റഹീം (സയൻസ്), മഞ്ചേരി എച്ച്.എം.എസ്.എച്ച്.എസ്.എസിലെ സ്നേഹ സുരേഷ് (സയൻസ്), എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസിലെ കെ. ജൂന (സയൻസ്) എന്നിവരാണ് 1200ന് അർഹരായത്.
100 ശതമാനത്തിൽ ഉൾപ്പെടാതെ സർക്കാർ വിദ്യാലയങ്ങൾ
മലപ്പുറം: ജില്ലയിൽ 100 ശതമാനം വിദ്യാലയങ്ങളുടെ പട്ടികയിൽ ഒരു സർക്കാർ വിദ്യാലയം പോലും ഇല്ലാതെ പോയത് നിരായായി. ബുധനാഴ്ച എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചപ്പോൾ 70 വിദ്യാലയങ്ങളായിരുന്നു പട്ടികയിൽ ഇടം പിടിച്ചിരുന്നത്. എന്നാൽ ഹയർ സെക്കൻഡറിയുടെ ഫലത്തിൽ പൂജ്യമായിരുന്നു ഫലം. കഴിഞ്ഞവർഷവും സർക്കാർ സ്കൂളുകളുടെ പട്ടികയിൽ നിരാശ തന്നെയായിരുന്നു. കഴിഞ്ഞതവണ എയ്ഡഡ്, അൺ എയ്ഡഡ് തലങ്ങളിലായി 13 വിദ്യാലയങ്ങൾക്ക് 100 ശതമാനം കിട്ടിയപ്പോൾ ഇത്തവണ ഒമ്പത് വിദ്യാലയങ്ങളാണ് പട്ടികയിൽ ഇടംപിടിച്ചത്.
കഴിഞ്ഞവർഷം എയ്ഡഡ് ഏഴ്, അൺ എയ്ഡഡിൽ അഞ്ച്, സ്പെഷൽ സ്കൂൾ വിഭാഗത്തിൽ ഒന്നും 100 ശതമാനം നേടിയിരുന്നു. ഇത്തവണ എയ്ഡഡിൽ മൂന്ന്, അൺ എയ്ഡഡിൽ നാല്, സ്പെഷൽ സ്കൂൾ വിഭാഗത്തിൽ രണ്ടുമാണ് 100 ശതമാനത്തിന് അർഹത നേടിയത്. മുൻവർഷത്തെ അപേക്ഷിച്ച് സ്പെഷൽ സ്കൂൾ വിഭാഗത്തിൽ മാത്രമാണ് മുന്നേറ്റമുണ്ടാക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.