പി.എം.എ.വൈ: മലപ്പുറം നഗരസഭയിൽ 800 ഗുണഭോക്താക്കൾ
text_fieldsമലപ്പുറം: പി.എം.എ.വൈ (പ്രധാനമന്ത്രി ആവാസ് യോജന) നഗരം പദ്ധതിയുടെ കാലാവധി ഡിസംബറോടെ അവസാനിക്കുമ്പോൾ മലപ്പുറം നഗരസഭയിൽ പദ്ധതിയിലുൾപ്പെടുത്തി വീട് പണി പൂർത്തിയാക്കാത്തവരും കരാർ പ്രകാരമുള്ള തുക കൈപ്പറ്റാത്തവരും ആയുള്ളത് 800 ഗുണഭോക്താക്കൾ.
ഡിസംബറിൽ വീട് പണി പൂർത്തിയാക്കിയില്ലെങ്കിൽ കേന്ദ്ര വിഹിതം നഷ്ടപ്പെടും. നഗരസഭയിൽ അംഗീകാരം ലഭിച്ചതിൽ തറനിർമാണം പൂർത്തീകരിക്കാത്ത 125 വീടുകളും തറ, ലിൻറൽ പണി മാത്രം കഴിഞ്ഞ 604 വീടുകളും ഉണ്ട്. അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും പണി പൂർത്തിയാക്കിയില്ലെങ്കിൽ ഫണ്ട് അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതോടെ ആ ബാധ്യത കൂടി തലയിൽ വരുമെന്നാണ് നഗരസഭയുടെ ആശങ്ക.
4.25 ലക്ഷം രൂപ നാല് ഗഡുക്കളായാണ് പി.എം.എ.വൈ പദ്ധതിയിലുൾപ്പെടുത്തി വീട് നിർമാണത്തിനു അനുവദിക്കുക. 1.5 ലക്ഷം രൂപ കേന്ദ്ര വിഹിതവും അരലക്ഷം രൂപ സംസ്ഥാനവും രണ്ട് ലക്ഷം രൂപ നഗരസഭയും വഹിക്കും 25,000 രൂപ തൊഴിലുറപ്പ് പദ്ധതി ആനുകൂല്യമാണ് ഈ തുകയും നഗരസഭയാണ് നൽകേണ്ടത്. കാലാവധിക്ക് മുൻപ് ഭവനനിർമാണം പൂർത്തിയായില്ലെങ്കിൽ കേന്ദ്രസർക്കാർ വിഹിതം നഗരസഭ നൽകേണ്ടി വരും.
അതു വൻ ബാധ്യതയും മറ്റു പദ്ധതികളെ ബാധിക്കുകയും ചെയ്യും. നിലവിൽ മലപ്പുറം നഗരസഭയിൽ 13, 14 ഡി.പി.ആറുകൾ മുഖേനയുള്ള ഭവനനിർമാണ നടപടികളാണ് പുരോഗമിക്കുന്നത്. എന്നാൽ ഗുണഭോക്താക്കളിൽ പലരും കരാർ വയ്ക്കുകയും ഒന്നാം ഗഡു വാങ്ങുകയും ചെയ്തെങ്കിലും പണി ആരംഭിച്ചിട്ടില്ല. പണം ഒന്നിച്ചു ലഭിക്കാത്തതാണ് ഗുണഭോക്താക്കളുടെ പ്രതിസന്ധി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.