സ്കൂളിലെ പീഡനം: പ്രതിയായ സി.പി.എം മുൻ കൗൺസിലർ ശശി കുമാർ ജയിൽമോചിതനായി
text_fieldsമലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ ജാമ്യം ലഭിച്ച മലപ്പുറം നഗരസഭയിലെ മുൻ സി.പി.എം കൗൺസിലറും സെൻറ് ജെമ്മാസ് സ്കൂളിലെ റിട്ട. അധ്യാപകനുമായ മലപ്പുറം ഡി.പി.ഒ റോഡിൽ രോഹിണിയിൽ കിഴക്കേ വെള്ളാട്ട് കെ.വി. ശശികുമാർ ജയിൽ മോചിതനായി. മഞ്ചേരി ജയിലിൽനിന്ന് ഇന്നലെ രാത്രിയോടെയാണ് മോചിതനായത്.
ഈ വർഷം സ്കൂളിൽനിന്നു വിരമിച്ചപ്പോൾ ശശികുമാർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിനുതാഴെ പൂർവ വിദ്യാർഥികളിലൊരാൾ കമന്റിട്ടതോടെയാണ് 30 വർഷം നീണ്ടുനിന്ന പീഡന വിവരം പുറത്തറിഞ്ഞത്. പിന്നാലെ നിരവധിപേർ സമാന അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തി. വിവാദമായതോടെ ഒളിവിൽ പോയ ഇയാളെ കഴിഞ്ഞ മാസം 13ന് വയനാട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്.
ഉച്ചയോടെ മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയിൽ നിന്നും രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചിരുന്നു. 50,000 രൂപയുടെ രണ്ടാള് ജാമ്യം, എല്ലാ ശനി, തിങ്കള്‍ ദിവസങ്ങളിലും രാവിലെ ഒമ്പതിനും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകണം, ഇരകളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല, സമാനമായ കേസുകളില്‍ ഉള്‍പ്പെടരുത്, അന്വേഷണവുമായി സഹകരിക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം. തുടർന്ന് മറ്റുനാല് കേസുകളിൽ പെരിന്തൽമണ്ണ കോടതി ജാമ്യം അനുവദിച്ചതോടെ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിൽ നിന്നും നടപടികൾ പൂർത്തിയാക്കി വൈകിട്ട് ആറരയോടെ പുറത്തിറങ്ങി.
അതിനിടെ, പൊലീസ് കേസ് ദുർബലപ്പെടുത്തിയതിന്റെ സൂചനയാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങളോടെ കൂടുതൽ പരാതികളുണ്ടായിട്ടും പൊലീസ് വേണ്ടത്ര ഗൗരവത്തിലെടുത്തിരുന്നില്ല. നേരിട്ട് വന്ന പരാതികളിൽ മൊഴിയെടുത്ത് ഒഴുക്കൻ മട്ടിലായിരുന്നു അന്വേഷണം. വിവിധ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണം ഏറെക്കുറെ പൂർത്തീകരിച്ചിട്ടുണ്ടെന്ന റിപ്പോർട്ടാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.
ഈ റിപ്പോർട്ട് പ്രകാരമാണ് ജാമ്യം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അന്വേഷണത്തിലെ കളികൾ കോടതിയിൽ അധ്യാപകന് അനുകൂലമായിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്. പൊലീസും ബന്ധപ്പെട്ട അധികാരികളും കേസ് ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപം പൂർവ വിദ്യാർഥികളുടേയടക്കം വിവിധ ഭാഗങ്ങളിൽ നിന്നുയരുന്നുണ്ട്.
അധ്യാപകനെതിരെ ഗുരുതര പരാതികൾ ഉയർന്നിട്ടും പൊലീസ് നേരിട്ട് ലഭിച്ച പരാതികൾ രജിസ്റ്റർ ചെയ്തുവെന്നല്ലാതെ കൂടുതൽ അന്വേഷണത്തിലേക്ക് കടന്നിട്ടില്ലെന്നത് വ്യക്തമാകുകയാണ്. ശശികുമാറിനെതിരെ ഏഴ് പരാതികളാണ് മലപ്പുറം വനിത സ്റ്റേഷനിൽ ലഭിച്ചത്. ഇതിൽ രണ്ട് പോക്സോ കേസുകളായിരുന്നു രജിസ്റ്റർ ചെയ്തത്. മറ്റു അഞ്ച് കേസുകൾ പോക്സോ വകുപ്പ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പായിരുന്നതിനാൽ മറ്റു വകുപ്പുകളാണ് ചുമത്തിയത്. പീഡനവിവരം അറിഞ്ഞിട്ടും മറച്ചുവെച്ചവർക്കെതിരെ അന്വേഷണം നടത്തി പോക്സോ വകുപ്പ് പ്രകാരം നടപടിയെടുക്കണമെന്ന ആവശ്യവും പരാതിക്കാർ ഉന്നയിച്ചിരുന്നു.
കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും 30 വര്‍ഷം നീണ്ടുനിന്ന ഒരു പീഡന പരമ്പരയെന്ന് ശശികുമാറിന്റെ ലൈംഗികാതിക്രമങ്ങൾ വിവരിച്ച് ഫ്രീലാൻസ് ജേർണലിസ്റ്റ് ശരണ്യ എം. ചാരു കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ വെളിപ്പെടുത്തിയിരുന്നു. 'അധ്യാപകന് കുട്ടികളെ പീഡിപ്പിച്ചു' എന്ന ഒറ്റവരിയില്‍ ഒതുങ്ങേണ്ടതല്ല ശശി വര്‍ഷങ്ങളോളം കുഞ്ഞുകുട്ടികളോട് ചെയ്ത പീഡന പരമ്പരയെന്നും കുറിപ്പിൽ പറയുന്നു.
30 വർഷത്തെ പീഡനം: പൊലീസ് അന്വേഷിച്ചില്ല -അഡ്വ. ബീന പിള്ള
മലപ്പുറം: സെന്റ് ജെമ്മാസ് സ്കൂളിൽ അധ്യാപകനായിരിക്കെ 30 വർഷം കെ.വി. ശശികുമാർ നടത്തിയ പീഡനങ്ങളെ കുറിച്ച് പൊലീസ് അന്വേഷിച്ചില്ലെന്ന് പൂർവ വിദ്യാർഥിനി കൂട്ടായ്മ പ്രതിനിധി അഡ്വ. ബീന പിള്ള ആരോപിച്ചു. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പൂർവ വിദ്യാർഥിനി കൂട്ടായ്മ പൊലീസിന് പരാതി നൽകിയിരുന്നു. കൂട്ടപ്പരാതിയാണ് നൽകിയതെന്ന് പറഞ്ഞ് കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല.
പീഡനം സംബന്ധിച്ച് 2019ൽ ഒരു രക്ഷിതാവ് സ്കൂളിന് പരാതി നൽകിയിരുന്നു. 2014ലും സ്കൂളിന് പരാതി നൽകിയ കാര്യം ഇതേ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഈ രണ്ടു പരാതികളും പൊലീസിന് കൈമാറാതെ പീഡനം മറച്ചുവെച്ച സ്കൂളധികൃതരും പോക്സോ നിയമപ്രകാരം പ്രതികളാണ്. ഇവരെ പ്രതിചേർത്ത് അന്വേഷണം നടത്താൻ ഇതുവരെ പൊലീസ് തയാറായിട്ടില്ലെന്നും ബീന പിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.