കാത്തിരിപ്പിന് വിരാമം; പൊന്നാനി കർമ പാലം 25ന് നാടിന് സമർപ്പിക്കും
text_fieldsപൊന്നാനി: നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും തുറന്ന് കൊടുക്കാതിരുന്ന പൊന്നാനി കർമ പാലം ഒടുവിൽ നാടിന് സമർപ്പിക്കുന്നു. ഈ മാസം 25 ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ നീളമേറിയ പുഴയോര പാതയിലൊന്നായ കർമ റോഡിൽ നിർമാണം പൂർത്തീകരിച്ച് മാസങ്ങളായിട്ടും പാലം ഗതാഗതത്തിന് തുറന്ന് നൽകാനുള്ള നടപടികൾ അനന്തമായി നീളുകയായിരുന്നു. വിളക്കുകൾ സ്ഥാപിക്കാനുള്ള കാലതാമസം മൂലമാണ് ഉദ്ഘാടനം വൈകുന്നതെന്നായിരുന്നു അധികൃതർ പറഞ്ഞത്. പാലം തുറന്ന് നൽകിയാൽ ഈശ്വരമംഗലം മുതൽ ഹാർബർ വരെ എളുപ്പത്തിൽ സഞ്ചരിക്കാനാകും. കിലോമീറ്ററുകൾ ലാഭിക്കാനുമെന്നതിന് പുറമെ പൊന്നാനി അങ്ങാടിപ്പാലത്തിലെ ഗതാഗതക്കുരുക്കിനും വലിയൊരളവിൽ പരിഹാരമാകും. റമദാനിൽ വൈകുന്നേരങ്ങളിൽ വലിയ ഗതാഗതക്കുരുക്കാണ് അങ്ങാടിപ്പാലത്ത് അനുഭവപ്പെടുന്നത്. കർമപാലം ഗതാഗതത്തിനായി തുറന്ന് നൽകിയിട്ടില്ലെങ്കിലും രാത്രിയിൽ നിരവധി പേരാണ് കാൽനടയായി പാലത്തിലെത്തുന്നത്. പൊന്നാനി മത്സ്യബന്ധന തുറമുഖവുമായി ബന്ധിപ്പിക്കുന്ന കർമപാലം പണി പൂർത്തീകരിച്ചിട്ടും തുറന്നുകൊടുക്കാത്തതിനെതിരെ നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.