പൊന്നാനി കോൾ മേഖലയിലെ ജലക്ഷാമം പരിഹരിക്കും
text_fieldsപൊന്നാനി: പൊന്നാനി കോൾ മേഖലയിലെ കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാൻ ചമ്രവട്ടം-ബിയ്യം സംയോജന കനാൽ പദ്ധതിയുടെ നിർമാണം വേഗത്തിലാക്കാൻ റവന്യൂ മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്തുനടന്ന യോഗത്തിൽ തീരുമാനമായി. 3000ലധികം ഏക്കർ കോൾ മേഖലയിലേക്ക് കൃഷിക്കാവശ്യമായ വെള്ളം ഇതുവഴി ലഭ്യമാകും. നിലവിൽ നൂറടി തോട്ടിൽനിന്നുള്ള വെള്ളം മാത്രമാണ് ഉപയോഗിക്കാൻ കഴിയുന്നത്. വേനലിൽ തോട് വറ്റുന്നതോടെ കൃഷിയും പ്രതിസന്ധിയിലാവുന്ന സ്ഥിതിയാണ്. ഇതിന് പരിഹാരം കാണാൻ കൂടിയാണ് സംയോജന കനാൽ പദ്ധതി നടപ്പാക്കുന്നത്.
കൂടാതെ മേഖലയിലെ കാർഷികപദ്ധതികൾ സമയബന്ധിതമായി നടപ്പാക്കാൻ കാർഷിക കലണ്ടർ തയാറാക്കുകയും ചെയ്തിട്ടുണ്ട്. മോട്ടോർ, പമ്പ് എന്നിവ സ്ഥാപിക്കാൻ കോൾ മേഖലയിലേക്ക് അനുവദിച്ച 5.72 കോടി രൂപയുടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനിച്ചു. ഭാരതപ്പുഴ ബിയ്യം സംയോജന കനാൽ പദ്ധതിയുടെ പാരിസ്ഥിതിക പഠനത്തിന് നിലവിൽ തുടക്കം കുറിച്ചിട്ടുണ്ട്. മാസത്തിലെ ആദ്യ തിങ്കളാഴ്ച കെ.എൽ.ഡി.സിയുടെ അവലോകന യോഗം ചേരാനും തീരുമാനിച്ചു. ഇതിന്റെ നോഡൽ ഓഫിസറായി തിരൂർ ആർ.ഡി.ഒയെ ചുമതലപ്പെടുത്തി. റവന്യൂമന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, കൃഷിമന്ത്രി പി. പ്രസാദ് എന്നിവരും പങ്കെടുത്തു.
കോൾ മേഖലയിലെ കർഷകപ്രശ്നങ്ങൾ; പെരുമ്പടപ്പിൽ കെ.എൽ.ഡി.സി സബ് ഓഫിസ് തുടങ്ങി
പൊന്നാനി: കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കെ.എൽ.ഡി.സി സബ് ഓഫിസ് പെരുമ്പടപ്പിൽ പ്രവർത്തനമാരംഭിച്ചു. രണ്ട് ദിവസങ്ങളിൽ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകും.
പൊന്നാനി കോൾ മേഖലയിലെ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും മാർഗനിർദേശം നൽകുകയുമെന്ന ലക്ഷ്യത്തോടെയാണ് കേരള ലാൻഡ് ഡെവലപ്മെൻറ് കോർപറേഷന്റെ സബ് ഓഫിസ് പെരുമ്പടപ്പ് ബ്ലോക്ക് ഓഫിസ് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചത്. കെ.എൽ.ഡി.സി എക്സിക്യൂട്ടിവ് എൻജിനീയർ ഉൾപ്പെടെ രണ്ട് ഉദ്യോഗസ്ഥരുടെ സേവനമാണ് ലഭ്യമാകുക. തിങ്കൾ, വ്യാഴം എന്നീ ദിവസങ്ങളിലാണിത്. നേരത്തേ കെ.എൽ.ഡി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം അയൽജില്ലയായ തൃശൂരിൽ പ്രവർത്തിക്കുന്ന കെ.എൽ.ഡി.സി ഓഫിസിനെ ആശ്രയിക്കേണ്ട സ്ഥിതിയിലായിരുന്നു കർഷകർ. ഇതിന് പരിഹാരം കാണാനായാണ് കെ.എൽ.ഡി.സി സബ് ഓഫിസ് പെരുമ്പടപ്പിൽ ആരംഭിച്ചത്. പാടശേഖര സമിതി അംഗങ്ങൾ, കർഷകർ എന്നിവർക്ക് പ്രശ്ന പരിഹാരത്തിനുള്ള മാർഗമായി ഓഫിസ് ഉപയോഗിക്കാമെന്നും സേവനം കർഷകർ പ്രയോജനപ്പെടുത്തണമെന്നും പി. നന്ദകുമാർ എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.