പൊന്നാനിയിൽ കപ്പലടുപ്പിക്കൽ; പഠന റിപ്പോർട്ട് തയാർ
text_fieldsപൊന്നാനി: ചരക്ക്, യാത്ര ഗതാഗത സൗകര്യങ്ങൾക്ക് ഊന്നൽ നൽകി പൊന്നാനിയിൽ കപ്പൽ അടുപ്പിക്കുന്നതിനുള്ള സാധ്യത പഠന റിപ്പോർട്ട് തയാറായി. ഇത് രണ്ടാഴ്ചക്കകം സർക്കാറിന് സമർപ്പിക്കും. പദ്ധതി പ്രദേശം പി. നന്ദകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു.
ഹാർബറിന് സമീപം 150 മീറ്റർ നീളത്തിൽ കപ്പൽ ടെർമിനൽ നിർമിക്കാൻ പ്രാഥമിക ധാരണയായി. പുതിയ ജങ്കാർ ജെട്ടി മുതൽ കനോലി കനാൽ വരെ ഭാഗത്ത് പുതിയ വാർഫും നിർമിക്കും. കപ്പലുകൾ സുഗമമായി അടുപ്പിക്കാൻ 13 മീറ്റർ വരെ ആഴം വർധിപ്പിക്കാനാണ് തീരുമാനം. ആഴം വർധിപ്പിക്കുമ്പോൾ എടുക്കുന്ന മണൽ വിൽപന നടത്തി സാമ്പത്തിക ബാധ്യത ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.
200 മീറ്റർ നീളത്തിൽ ചരക്കുകപ്പലുകൾക്കുൾപ്പെടെ നങ്കൂരമിടാനാകുന്ന തരത്തിലുള്ള ഡി.പി.ആറാണ് സർക്കാറിന് സമർപ്പിക്കുക. നേരത്തേ നടത്തിയ ഹൈഡ്രോ ഗ്രാഫിക് സർവേയിൽ കപ്പലടുപ്പിക്കാൻ പൊന്നാനി തുറമുഖം അനുയോജ്യമെന്ന് കണ്ടെത്തിയിരുന്നു. നൂറു കോടി രൂപയോളം ചെലവ് വരുന്ന പദ്ധതി കേന്ദ്ര, സംസ്ഥാന സർക്കാറുകൾ സംയുക്തമായി വഹിക്കുന്ന തരത്തിലാകും പദ്ധതി തയാറാക്കുക. നിലവിൽ പൊന്നാനി അഴിമുഖത്ത് ചിലയിടങ്ങളിൽ ആറ് മീറ്ററോളം ആഴമുണ്ടെന്നാണ് സർവേയിൽ വ്യക്തമായത്. ഇവിടെ ഡ്രഡ്ജിങ് നടത്തി 10 മീറ്ററോളം ആഴം വർധിപ്പിക്കാനാണ് തീരുമാനം.
തുറമുഖ വകുപ്പിന് കീഴിലുള്ള സ്ഥലം ഉൾപ്പെടെ ഏറ്റെടുത്ത് കപ്പലുകൾ അടുപ്പിക്കുന്നതിനുള്ള വലിയ വാർഫുൾപ്പെടെ നിർമിക്കും. ഇതിന്റെ ഭാഗമായി കടലോരത്തെ പഴയ മത്സ്യബന്ധന ഷെഡുകൾ പൊളിച്ചുമാറ്റുന്നതിന് ഉടമകൾക്ക് നോട്ടീസ് നൽകാൻ പോർട്ട് കൺസർവേറ്ററെ ചുമതലപ്പെടുത്തി. ടൂറിസം രംഗത്തിന് ഊന്നൽ നൽകിയുള്ള പദ്ധതിയാണ് ആവിഷ്കരിക്കുന്നത്.
ലക്ഷദ്വീപുമായി ഏറ്റവും ദൂരക്കുറവുള്ള തുറമുഖം പൊന്നാനിയായതിനാൽ യാത്ര ഗതാഗതത്തിന് പുറമെ ചരക്ക് ഗതാഗതത്തിനും സാധ്യതകൾ ഏറെയെന്നാണ് നിഗമനം. കൂടാതെ കോയമ്പത്തൂരിലേക്കുൾപ്പെടെ വാണിജ്യ സാധനങ്ങൾ കയറ്റിയയക്കാനുള്ള സാധ്യതയും വർധിക്കും.
പുരാതന കാലത്ത് കപ്പലടുത്തിരുന്ന തുറമുഖമെന്നതിനാൽ കുറഞ്ഞ ചെലവിൽ സൗകര്യങ്ങൾ വർധിപ്പിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായാൽ മലബാറിലെ കപ്പൽ ഗതാഗതത്തിന്റെ പ്രധാന കവാടമായി പൊന്നാനി മാറും. ഡി.പി.ആറിന് അംഗീകാരം ലഭിച്ചാൽ വാർഫ് നിർമാണം ഉടൻ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.