പൊന്നാനിയിൽ ആറ് കോടിയുടെ മണൽ കാണാതായ സംഭവം; പരസ്പരം പഴിചാരി തുറമുഖ വകുപ്പും ഹാർബർ എൻജിനീയറിങ് വകുപ്പും
text_fieldsപൊന്നാനി: പൊന്നാനി ഹാർബർ പ്രദേശത്തുനിന്ന് ആറ് കോടിയുടെ മണൽ കാണാതായ സംഭവത്തിൽ പരസ്പരം പഴിചാരി തുറമുഖ വകുപ്പും ഹാർബർ എൻജിനീയറിങ് വകുപ്പും.
സംഭവം ഹാർബർ എൻജിനീയറിങ് വകുപ്പിെൻറ തലയിൽ കെട്ടിവെക്കാനുള്ള നീക്കമാണ് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്നത്. ഹാർബറിലെ നിർമാണ പ്രവൃത്തികളുടെ ഭാഗമായി നാലായിരം ടൺ മണൽ നിയമപ്രകാരം എടുത്തെന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പിെൻറ മറുപടി. 30,000 ടൺ മണൽ എവിടെപ്പോയി എന്നതിന് ഒരു തെളിവോ രേഖയോ ഇവരുടെ കൈയിലില്ല. രേഖകളിൽ കാണുന്ന ആറ് കോടിയുടെ മണൽ എവിടെപ്പോയി എന്നതിന് കൃത്യമായ ഉത്തരവുമില്ല. 2018ൽ നടന്ന ഖനനത്തിെൻറ ഭാഗമായി എടുത്ത മണലാണ് നഷ്ടപ്പെട്ടത്.
ഖനനം ചെയ്ത മണൽ അളന്ന് തിട്ടപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഖനനത്തിനു മുൻപും ശേഷവും ഹാർബറിലെ മണൽ ശേഖരത്തിൽ വർധനയുണ്ടായില്ലെന്നും കാണിച്ച് പോർട്ട് കൺസർവേറ്റർ, കോഴിക്കോട് പോർട്ട് ഓഫിസർക്ക് റിപ്പോർട്ട് നൽകിയതോടെയാണ് വൻ മണൽകൊള്ള പുറത്തായത്. പൊന്നാനി ഹാർബർ പ്രദേശത്ത് 2018 സെപ്റ്റംബറിൽ നടന്ന മെക്കാനിക്കൽ ഡ്രഡ്ജിങ്ങിെൻറ ഭാഗമായി പുറത്തെടുത്ത മണലാണ് അപ്രത്യക്ഷമായത്. ഹാർബർ പ്രദേശത്ത് ബോട്ടുകൾ നങ്കൂരമിടുന്ന ഭാഗത്തുനിന്ന് മൂന്നര മീറ്ററോളം ആഴത്തിൽ മണലെടുത്തിരുന്നു. കരാറുകാരൻ നൽകിയ ബില്ല് പാസാക്കുന്നതിനു മുന്നോടിയായി പോർട്ട് കൺസർവേറ്റർ നടത്തിയ പരിശോധനയിലാണ് ഈ മണൽ ഹാർബർ പരിസരത്തില്ലെന്നു മനസ്സിലായത്.
2010ൽ നടന്ന മണൽ ഖനനത്തിെൻറ ഭാഗമായി 60,000 ടൺ മണൽ ഹാർബർ പ്രദേശത്ത് കൂട്ടിയിട്ടിരുന്നു. ഈ മണൽ ശേഖരത്തിെൻറ മുകളിലേക്കും ഹാർബറിെൻറ മറ്റ് ഭാഗത്തുമായാണ് 2018ൽ നടന്ന ഖനനത്തിെൻറ ഭാഗമായി പുറത്തെടുത്ത മണൽ കൂട്ടിയിട്ടിരുന്നതെന്നാണ് ഉദ്യോഗസ്ഥരിൽനിന്ന് ലഭിച്ച വിവരം. എന്നാൽ, ഹാർബറിലെ പഴയ മണൽ ശേഖരത്തിൽ വർധന തനിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്ന് പൊന്നാനി പോർട്ട് കൺസർവേറ്റർ പോർട്ട് ഓഫിസർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്. മൂന്ന് വർഷം മുൻപ് നടന്ന ഡ്രഡ്ജിങ്ങിൽ പുറത്തെടുത്ത മണൽ എവിടെപ്പോയെന്ന ചോദ്യമാണ് ഉയരുന്നത്. വ്യക്തമായ ഉത്തരം നൽകാൻ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല. ചില രാഷ്ട്രീയ നേതാക്കന്മാരുടെ ഒത്താശയോടെയാണ് മണൽ കൊള്ള നടന്നിട്ടുള്ളതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.