നോട്ടീസ് നൽകിയിട്ടും പൊളിച്ചുമാറ്റാതെ തകർന്നുവീഴാറായ കെട്ടിടം
text_fieldsപൊന്നാനി: നോട്ടീസ് നൽകിയിട്ടും പൊളിച്ചുമാറ്റാതെ തകർന്നുവീഴാറായ കെട്ടിടം. പൊന്നാനി അങ്ങാടിയിലാണ് വലിയ ദുരന്തത്തിനിടയാക്കുന്ന തരത്തിൽ കെട്ടിടം നിലകൊള്ളുന്നത്. കാലപ്പഴക്കംമൂലം പാതി തകർന്ന കെട്ടിടത്തിന്‍റെ ഒരുഭാഗം ഉടമ പൊളിച്ചുമാറ്റിയതാണ് അപകടസാധ്യത വർധിപ്പിച്ചത്. നഗരസഭയുടെ നിർദേശപ്രകാരം കെട്ടിടത്തിന്‍റെ പടിഞ്ഞാറു ഭാഗമാണ് പൊളിച്ചുമാറ്റിയത്.
രണ്ട് ഉടമകളുള്ള കെട്ടിടമായതിനാൽ ഒരു ഉടമ മാത്രമാണ് ഒരുഭാഗം പൊളിച്ചത്. എന്നാൽ, അടുത്ത ഭാഗം പൊളിക്കാൻ ഉടമ തയാറാവാത്തതാണ് ജീവന് ഭീഷണിയായി മാറിയിരിക്കുന്നത്. ഇപ്പോൾ കെട്ടിടത്തിന്‍റെ മുൻഭാഗം റോഡിലേക്ക് വീഴാറായി തള്ളിനിൽക്കുന്ന സ്ഥിതിയാണ്. ഈ ഭാഗം മുളകൊണ്ട് താങ്ങിനിർത്തിയിരിക്കയാണ്. അപകടാവസ്ഥയെക്കുറിച്ച് ഫയർഫോഴ്സ് റിപ്പോർട്ട് നൽകിയിട്ടും പൊളിച്ചുമാറ്റാൻ ഉടമ തയാറാവുന്നില്ലെന്നാണ് പരാതി.
ആയിരക്കണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന സംസ്ഥാന പാതയോരത്തെ ഈ കെട്ടിടം തകർന്നാൽ വലിയ ദുരന്തമാണുണ്ടാവുക.
മുന്നിൽ വൈദ്യുതിക്കാൽ നിലനിൽക്കുന്നത് ദുരന്തത്തിന്‍റെ ആഘാതം ഇരട്ടിയാക്കും. കെട്ടിടത്തിന് പിറകു വശത്തോട് ചേർന്ന് ആൾത്താമസമുള്ള വീടുമുണ്ട്. കെട്ടിടത്തിന്‍റെ അപകടാവസ്ഥ കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിലാണ് ഈ കുടുംബം.
തകർച്ചയിലായ കെട്ടിടം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് വർഷങ്ങൾക്കു മുമ്പ് വീട്ടുകാർ നഗരസഭ അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും കെട്ടിടം പൊളിച്ചുവെന്നാണ് ഉടമകൾ മറുപടി നൽകിയത്. ഇപ്പോൾ കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങൾ ഓരോന്നും വീടിന് പിൻവശത്തേക്ക് വീഴുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്.
പലതവണ കെട്ടിട ഉടമകളോട് നേരിട്ട് പരാതിപ്പെട്ടിട്ടും പൊളിച്ചുമാറ്റുന്നതിന് നടപടിയായില്ല. തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അടുത്തിടെ ജില്ല കലക്ടർക്കും പരാതി നൽകിയിരുന്നു.
വിഷയത്തിൽ ജില്ല ഭരണകൂടം ഇടപെട്ടിട്ടും തകർച്ചയിലായ കെട്ടിടം പൊളിച്ചുമാറ്റാൻ തയാറായിട്ടില്ല. നഗരസഭയുടെ ഇച്ഛാശക്തി ഇല്ലാത്തതാണ് കെട്ടിടം പൊളിച്ചുനീക്കാൻ വൈകുന്നതെന്നാണ് ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.