മരണം മുഖാമുഖം കണ്ട ഒന്നര ദിവസം...
text_fieldsപൊന്നാനി: ജീവിതത്തിനും മരണത്തിനുമിടയിലൂടെയുള്ള നൂൽപാലത്തിലൂടെയാണ് അപകടത്തിൽപെട്ട വള്ളത്തിലെ തൊഴിലാളികൾ ഒന്നരദിവസം കഴിച്ചുകൂട്ടിയത്. വീശിയടിയടിക്കുന്ന കാറ്റിൽ ആടിയുലഞ്ഞായിരുന്നു ഈ സമയമത്രയും വള്ളത്തിെൻറ സഞ്ചാരം. കരകാണാകടലിൽ 53 കിലോമീറ്റർ ദൂരമാണ് എൻജിൻ നിലച്ചതിനുശേഷം വള്ളം ഒഴുകിനടന്നത്. നേരിയ പ്രതീക്ഷയായി കണ്ണെത്താ ദൂരത്ത് കടന്നുപോകുന്ന യാനങ്ങൾക്കുവേണ്ടി ആർത്ത് വിളിച്ചു. എന്നാൽ, നിലവിളികളെല്ലാം നിഷ്ഫലമായി.
ശനിയാഴ്ച പുലർച്ച മത്സ്യബന്ധനം കഴിഞ്ഞ് തിരികെ മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു വള്ളത്തിലുണ്ടായിരുന്ന കളരിക്കൽ ബദറുവും ആല്യാമാക്കാന കത്ത് നാസറും കല്ലിങ്ങൽ ജമാലും. ഇതിനിടെയാണ് എൻജിനിൽ വെള്ളം കയറിയത്. ഉടൻ എൻജിൻ നിലക്കുകയും ചെയ്തു. വള്ളത്തിൽ കൂടുതൽ മത്സ്യം സംഭരിച്ചാൽ അപകടമാണെന്ന തിരിച്ചറിവിൽ മത്സ്യം കടലിൽ ഉപേക്ഷിച്ചു. ഈ സമയം വിശപ്പടക്കാൻ ആകെയുണ്ടായിരുന്നത് കുറച്ച് പഴം മാത്രം.
ശുദ്ധജലം പോലുമില്ലാതെ ദുരിതത്തിലായ മൂവരും പിന്നീട് കാറ്റിെൻറ ഗതിക്കനുസരിച്ച് നീങ്ങി. പൊന്നാനി ഭാഗത്തുനിന്നും 10 നോട്ടിക്കൽ മൈൽ അകലെ വെച്ച് അപകടമുണ്ടായ വള്ളം പിന്നീട് ദിക്കറിയാതെ ഒഴുകി. ഓരോ നിമിഷവും പ്രതീക്ഷകൾ മങ്ങി തുടങ്ങിയപ്പോഴാണ് ഞായറാഴ്ച ഉച്ചയോടെ താനൂരിൽനിന്ന് മത്സ്യ ബന്ധനത്തിനിറങ്ങിയ പരപ്പനങ്ങാടി സ്വദേശികളുടെ കുദ്ദൂസ് എന്ന വള്ളം ഇവരെ കണ്ടത്. ഇതോടെ പുതുജീവിതത്തിലേക്ക് തിരിച്ചുകയറുകയായിരുന്നു മൂവരും. തുടർന്ന് ഫിഷറീസ് ബോട്ടിൽ രാത്രിയോടെ പൊന്നാനി ഹാർബറിൽ എത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.