ദേശീയപാതയിൽ അപകടം കുതിക്കുന്നു; ദേശീയപാത നിർമാണത്തിനിടെ അപകടങ്ങളും പതിവാകുന്നു
text_fieldsപൊന്നാനി: ജില്ലയിൽ ആറുവരി ദേശീയപാതയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നതിനിടയിൽ വാഹനാപകടങ്ങളും പെരുകുന്നു. ശനിയാഴ്ച രാത്രി യുവാക്കളുടെ ദാരുണാന്ത്യത്തിന് വഴിവെച്ചത് അപകട മുന്നറിയിപ്പ് ബോർഡുകളുടെ അഭാവമായിരുന്നു.
നേരത്തെ അണ്ടത്തോട് പാപ്പാളിയിൽ മെറ്റൽക്കൂനയിൽ കയറി സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യാത്രികർ കഴിഞ്ഞ ദിവസം മരിച്ചു. മാസങ്ങൾക്ക് മുമ്പ് വെളിയങ്കോട് സ്വദേശി യൂസുഫും, പള്ളിപ്പടിയിൽ ബൈക്ക് യാത്രികർ ദേശീയപാതക്കായി കുഴിച്ച റോഡിൽ വീണും മരിച്ചിരുന്നു.
ഓരോ ദിവസം കഴിയും തോറും റോഡിലുണ്ടാകുന്ന മാറ്റം സ്ഥിരം സഞ്ചരിക്കുന്നവർക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്. ഇതോടൊപ്പം മുന്നറിയിപ്പ് ബോർഡുകൾ കൂടി ഇല്ലാതാകുന്നതോടെ അപകടസാധ്യത വർധിക്കുന്നു.
റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി വ്യക്തമായ മാർഗനിർദേശം നൽകിയിട്ടുണ്ടങ്കിലും കരാർ കമ്പനികൾ ഇത് അവഗണിക്കുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ദേശീയപാത നിർമാണത്തിലെ അപാകത മൂലം കഴിഞ്ഞ ഒരു വർഷത്തിനിടെ ആറ് ജീവൻ പൊലിഞ്ഞിരുന്നു. സർവിസ് റോഡ് അവസാനിക്കുന്നിടത്ത് മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
നിർമാണ സാമഗ്രികകൾ അലക്ഷ്യമായി സൂക്ഷിക്കുന്നതും ഇവിടെ പതിവാണ്. രാത്രികളിൽ തെരുവ് വിളക്കില്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. പുതുപൊന്നാനി പുഴക്ക് കുറുകെ പാലം നിർമിക്കുന്നതിനായി പുഴയുടെ ഒരുഭാഗം മണ്ണിട്ട് നികത്തിയിരുന്നു.
വലിയ കോൺക്രീറ്റ് പാളികളുൾപ്പെടെയാണ് പുഴയിലിട്ടത്. ഇങ്ങനെയിട്ട കല്ലിൽ തട്ടി വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മുമ്പ് യുവാവ് മരിച്ചിരുന്നു. ദേശീയപാത കരാർ കമ്പനികളുടെ ലോറികൾ ചരൽമണ്ണ് കൊണ്ടുപോകുന്നത് മുകൾഭാഗം മുടാതെയാണെന്നും ആക്ഷേപമുണ്ട്.
വെളിയങ്കോട് ബൈക്കപകടം; യുവാക്കൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
വൻജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി
പൊന്നാനി: പിറന്നാൾ ദിനത്തിൽ ബന്ധുവിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ അപകടത്തിൽ മരിച്ച ആഷിഖിനും ഫാസിലിനും നാട് കണ്ണീരിൽ കുതിർന്ന യാത്രമൊഴിയേകി.
പൊന്നാനി- ചാവക്കാട് ദേശീയപാതയിൽ വെളിയങ്കോട് പാലത്തിന്റെ നിർമാണത്തിനായുള്ള കോൺക്രീറ്റ് ബീമിൽ ബൈക്ക് ഇടിച്ചായിരുന്നു ഇരുവരുടേയും ദാരുണാന്ത്യം.
പള്ളിത്താഴത്ത് ആഷിഖിന്റെ ഖബറടക്കം വെളിയങ്കോട് കോയസ്സൻമരക്കാർ പള്ളി ഖബർസ്ഥാനിലും പൊന്നാനി വളവ് സ്വദേശിയായ മാട്ടേരിവളപ്പിൽ ഫാസിലിന്റെ ഖബറടക്കം പൊന്നാനി കറുകത്തിരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിലും നടന്നു.
നാട്ടുകാരും ബന്ധുക്കളുമുൾപ്പെടെ നൂറുകണക്കിനാളുകളാണ് ഖബറടക്ക ചടങ്ങിനെത്തിയത്. ശനിയാഴ്ച രാത്രി ഒമ്പതരക്കാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.
ദേശീയപാത വികസനത്തിന്റെ ഭാഗമായി വെളിയങ്കോട് നിർമാണം പുരോഗമിക്കുന്ന അടിപ്പാതയുടെ മുകളിൽ ഗതാഗതത്തിനു തുറന്നുകൊടുക്കാത്ത പാലത്തിനോടു ചേർന്നുള്ള സ്ഥലത്ത് ആഷിഖും സുഹൃത്തുക്കളും സംസാരിച്ചിരിക്കുകയായിരുന്നു.
ഇതിനിടെ മഴയെത്തിയതോടെ ആഷിഖും ഫാസിലും ബൈക്കിൽ വീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു.,ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പാലം നിർമാണത്തിനു തയ്യാറാക്കിയ കോൺക്രീറ്റ് ബീമിൽ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.