പൊന്നാനി മണ്ഡലത്തിലെ കടൽഭിത്തി നിർമാണം: 10 കോടിയുടെ ഭരണാനുമതിയായി
text_fieldsപൊന്നാനി: പൊന്നാനി നിയോജക മണ്ഡലത്തിലെ കടലോര പ്രദേശമായ പൊന്നാനി നഗരസഭ, വെളിയങ്കോട്, പാലപ്പെട്ടി ഭാഗങ്ങളിൽ കടൽഭിത്തി നിർമാണത്തിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ചുഴലിക്കാറ്റുകളുൾപ്പെടെ തീരപ്രദേശങ്ങളിലുണ്ടാക്കുന്ന കടലാക്രമണത്തിൽ നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നിരുന്നു.
ശാശ്വതമായ കടൽഭിത്തി കെട്ടി തീരദേശ പ്രദേശങ്ങൾ സംരക്ഷിക്കാൻ എൽ.ഡി.എഫ് സർക്കാർ അധികാരമേറ്റ ഉടൻ തീരദേശ സംരക്ഷണ പദ്ധതി ആവിഷ്കരിച്ചിരുന്നു. രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന പ്രദേശങ്ങൾ ഉൾപ്പെടുത്തി രൂപവത്കരിച്ച റെഡ് സ്പോട്ടിൽ പൊന്നാനിയും ഉൾപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി ടെട്രാപോഡ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കടൽഭിത്തി നിർമാണം കടലാക്രമണ ഭീഷണിയുള്ള കൊച്ചിയിലെ ചെല്ലാനത്ത് പുരോഗമിക്കുകയാണ്. ചെല്ലാനത്തെ പണി പൂർത്തീകരിക്കുന്നതോടെ റെഡ് സ്പോട്ടിൽ ഉൾപ്പെട്ട പൊന്നാനി അടക്കമുള്ള മണ്ഡലങ്ങളിലേക്കും ടെട്രാപോഡ് പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
പൊന്നാനിയിൽ തുടർച്ചയായി ഉണ്ടാകുന്ന കടലാക്രമണ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെയും ജലവിഭവ മന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തിയതിന്റെ ഭാഗമായാണ് ദ്രുതഗതിയിൽ നടപടിയുണ്ടായത്.
സർക്കാറിന് മുന്നിൽ സമർപ്പിച്ച നിർദേശം അഡ്മിനിസ്ട്രേറ്റിവ് സാങ്ഷൻ കമ്മിറ്റി തത്ത്വത്തിൽ അംഗീകരിച്ച് ഭരണാനുമതി നൽകുകയായിരുന്നു. ഉടൻ സാങ്കേതികാനുമതി നേടാനും മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഏപ്രിൽ-മേയ് മാസത്തോടെ പണി തീർക്കാനുമാണ് ജലവിഭവ വകുപ്പ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.