പരാതിക്കൊടുവിൽ റോഡ് പണി
text_fieldsപൊന്നാനി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ പൊളിച്ചിട്ട റോഡുകളുടെ ടാറിങ് ആരംഭിച്ചു. എട്ട് മാസം മുമ്പ് പൊളിച്ചിട്ട റോഡിലാണ് ടാറിങ് ആരംഭിച്ചത്. പൊന്നാനി നരിപ്പറമ്പ് മുതൽ ചമ്രവട്ടം ജങ്ഷൻ വരെയുള്ള റോഡ് പൊളിച്ചിട്ട് പൈപ്പിടൽ പ്രവൃത്തി പൂർത്തീകരിച്ചിട്ടും റോഡിന്റെ പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്നാണ് ടാറിങ് അടിയന്തരമായി നടത്തുന്നത്.
പൊന്നാനി കണ്ട കുറുമ്പക്കാവ് ഭാഗത്താണ് ആദ്യം ടാറിങ് നടത്തുന്നത്. പൊന്നാനി ചമ്രവട്ടം ജങ്ഷൻ മുതൽ നരിപ്പറമ്പ് വരെയുള്ള ഭാഗങ്ങളിലാണ് ആദ്യഘട്ട പ്രവൃത്തി നടത്തുന്നത്. അതേസമയം, പൊന്നാനി കുണ്ടുകടവ് ജങ്ഷൻ ഭാഗത്ത് പൈപ്പിടാനായി റോഡ് പൊളിക്കുന്ന പ്രവൃത്തി പുനരാരംഭിച്ചു.
രാത്രിയിലാണ് കുഴിയെടുക്കൽ നടക്കുന്നത്. റോഡ് പൊളിച്ചതിനെത്തുടർന്നുണ്ടായ പൊടിശല്യം മൂലം കടകളിലെ സാധനങ്ങൾ പൊടിപിടിച്ച് നശിക്കുകയാണെന്നും ഉപഭോക്താക്കൾ കടകളിലേക്ക് വരാൻ മടിക്കുകയാണെന്നും ആരോപിച്ച് വ്യാപാരികൾ വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിച്ചിരുന്നു. ഇതേത്തുടർന്നാണ് പ്രവൃത്തി ആരംഭിച്ചത്. വാട്ടർ അതോറിറ്റിയുടെ ടാറിങ് പൂർത്തിയായാൽ ദേശീയപാത വിഭാഗം അനുവദിച്ച 20 കോടി രൂപ ചെലവഴിച്ച് ബി.എം.ബി.സി പ്രവൃത്തികൾ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.