അധ്യാപികയുടെ സ്മരണയിൽ അംഗൻവാടിക്ക് സ്വന്തം കെട്ടിടമുയരുന്നു
text_fieldsപൊന്നാനി: അംഗൻവാടി പ്രവർത്തകയായി സേവനം അനുഷ്ഠിക്കവേ അകാലത്തിൽ മരിച്ച പ്രസന്ന ടീച്ചറുടെ ഓർമയിൽ അംഗൻവാടിക്ക് സ്വന്തം കെട്ടിടമുയരും. ഈശ്വരമംഗലം സ്വദേശിയായിരുന്ന വാകൂറ്റിൽ പ്രസന്ന കുമാരിയുടെ ഓർമക്കായാണ് കുടുംബം അംഗൻവാടിക്ക് സൗജന്യമായി ഭൂമി വിട്ടുനൽകിയത്.
പതിറ്റാണ്ടുകളായി വാടക കെട്ടിടത്തിൽ കഴിഞ്ഞ ഈശ്വരമംഗലത്തെ 64ാം നമ്പർ അംഗൻവാടിക്കാണ് സ്ഥലം വിട്ടുകൊടുക്കുന്നത്. ഈശ്വരമംഗലം വാകൂറ്റിൽ മോഹനെൻറ വീടിനോട് ചേർന്നുള്ള രണ്ട് സെൻറ് ഭൂമിയാണ് നഗരസഭക്കായി വിട്ടുനൽകിയത്. പൊന്നാനി നഗരസഭയുടെ കീഴിൽ ആകെ 83 അംഗൻവാടികളാണുള്ളത്. അതിൽ 55 എണ്ണത്തിന് സ്വന്തമായി കെട്ടിടമുണ്ട്. പലതിനും സുമനുസ്സുകൾ സൗജന്യമായി സ്ഥലം വിട്ട് നൽകിയതാണ്. പുതിയ ഭരണസമിതി നിലവിൽ വന്ന് ഒരു വർഷം ആകുമ്പോഴേക്കും നാല് അംഗൻവാടികൾക്ക് ഇതുവരെ സ്വന്തമായി സ്ഥലം ലഭിച്ചു. ഇവിടങ്ങളിൽ നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ പണിയാനാണ് ലക്ഷ്യമിടുന്നത്.
ഭൂമിയുടെ രേഖകൾ നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം വക്കുറ്റിൽ മോഹനിൽനിന്ന് ഏറ്റുവാങ്ങി. വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, വാർഡ് കൗൺസിലർ നസീമ, ഐ.സി.ഡി.എസ് സൂപ്പർവൈസർ പ്രമീള, അംഗൻവാടി വർക്കർ റഹ്മത്ത്, മുൻ കൗൺസിലർ പി. രാമകൃഷ്ണൻ, കെ.പി. സുകേഷ് രാജ്, യു. ഷിജുലേഷ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.