നഷ്ടങ്ങളുടെ മറ്റൊരു സീസണും അവസാനത്തിലേക്ക്
text_fieldsപൊന്നാനി: കടലൊന്ന് ശാന്തമാകുമ്പോൾ പ്രതീക്ഷയുടെ തുഴയെറിഞ്ഞ് കടലിലിറങ്ങുമ്പോഴേക്കും കാലാവസ്ഥ മുന്നറിയിപ്പ്, മാസങ്ങൾക്ക് ശേഷം കടലിലിറങ്ങിയാൽ മത്സ്യലഭ്യത കുറഞ്ഞതിനാൽ വെറുംകൈയോടെ തിരിച്ചുവരവ്. ഇതിനിടെ തൊഴിലാളികളെയും ബോട്ടുടമകളെയും വലച്ച് സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളും. കടം വാങ്ങിയും ലോണെടുത്തും കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നിരാശ മാത്രം സമ്മാനിച്ച ഒരു സീസൺ കൂടി പിന്നിടുന്നു. ജൂൺ 10 മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം.
മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുതത് 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് ഏർപ്പെടുത്തിയത്. ഈ സമയത്ത് കരയിൽനിന്നും 12 നോട്ടിക്കൽ മൈൽ വരെയുള്ള മേഖലയിൽ ട്രോളിങ് നടത്തുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. ട്രോളിങ് നിരോധന കാലത്ത് തീരക്കടലിൽ മത്സ്യബന്ധനം നടത്താന്‍ ചെറുവള്ളങ്ങൾക്ക് നിരോധനമില്ല. 4000ത്തോളം ട്രോൾ ബോട്ടുകൾക്കും വിദൂര മേഖലകളിലേക്ക് മീന്‍ പിടിക്കാന്‍ പോകുന്ന ബോട്ടുകൾക്കും ഈ നിരോധനം ബാധകമാണ്.
ജൂൺ 10 മുതൽ 52 ദിവസം പട്ടിണിയുടെയും പരിവട്ടത്തിന്റേയും ദിനങ്ങൾ. 10 മാസത്തെ സീസണിൽ ഈ വർഷം ആകെ കടലിലിറങ്ങാനായത് നാലഞ്ച് മാസം മാത്രം. ദുരിതങ്ങൾ മാത്രമായിരുന്നു കഴിഞ്ഞ കാലയളവിൽ മത്സ്യമേഖല അഭിമുഖീകരിച്ചത്. കടലാക്രമണവും കാലാവസ്ഥ മുന്നറിയിപ്പും മത്സ്യലഭ്യതക്കുറവും മൂലം തീരം നേരത്തെ തന്നെ പട്ടിണിയിലേക്ക് നീങ്ങി. മാസങ്ങൾക്ക് മുമ്പുണ്ടായ കടലാക്രമണത്തിന്റെ ദുരിതം ഇനിയും വിട്ടു മാറിയിട്ടില്ല. ഇനിയുള്ള ദിവസങ്ങളിൽ ബോട്ടുകളുടെയും വലകളുടെയും അറ്റകുറ്റപണികളുടെ കാലമാണ്.
ട്രോളിങ് നിരോധന കാലയളവിൽ സൗജന്യ റേഷൻ മാത്രമാണ് ലഭിക്കുന്നത്. ആശ്വാസ ധനസഹായം കൂടി ലഭ്യമാക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ട്രോളിങ് നിരോധനം തുടങ്ങുന്നതിന് മുമ്പുതന്നെ ഇതര സംസ്ഥാന ബോട്ടുകള്‍ തീരം വിട്ടുപോയെന്ന് ഉറപ്പാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.