സി.പി.എം പൊന്നാനി ഏരിയ സമ്മേളനത്തിൽ വ്യക്തമായ വിഭാഗീയതയെന്ന് വിലയിരുത്തൽ
text_fieldsപൊന്നാനി: സി.പി.എം പൊന്നാനി ഏരിയ സമ്മേളനത്തിൽ നിഴലിച്ചത് വ്യക്തമായ വിഭാഗീയതയെന്ന് വിലയിരുത്തൽ. ഏരിയ സമ്മേളനത്തിൽ നടന്ന മത്സരം ആസൂത്രിതമായിരുന്നെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.
നിലവിലുള്ള ഏരിയ കമ്മിറ്റി അംഗീകരിച്ച് അവതരിപ്പിച്ച 19 അംഗ പാനലിനെതിരെ നാല് പേരാണ് മത്സരിച്ചത്. നാല് പേർക്കും ശരാശരി 65 വോട്ടുകൾ ലഭിച്ചു. മത്സരിച്ച പി. ശശി -67, നൂറുദ്ദീൻ പെരുമ്പടപ്പ് -61, ഇ.കെ. ഖലീൽ -73, ഈഴുവത്തിരുത്തിയിലെ പി.വി. ലത്തീഫ് -78 എന്നിങ്ങനെയാണ് മത്സരിച്ചവർ നേടിയ വോട്ട് നില. പാനലിൽ ഉണ്ടായിരുന്ന മഹിള അസോസിയേഷൻ ജില്ല നേതാവും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ അഡ്വ. ഇ. സിന്ധു, സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ, എം.എ. ഹമീദ്, സി.ഐ.ടി.യു ഏരിയ സെക്രട്ടറിയും ഏരിയ സെൻറർ അംഗവുമായ സുരേഷ് കാക്കനാത്ത് എന്നിങ്ങനെ നാല് പേരെ ഒരു വിഭാഗം പ്രതിനിധികൾ തിരഞ്ഞു പിടിച്ച് വെട്ടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പു വേളയിൽ ഉണ്ടായ വിവാദങ്ങളിലും തുടർന്ന് നേതൃത്വം അന്വേഷണ കമീഷൻ പ്രഖ്യാപിച്ചപ്പോഴും സി.പി.എം നേതാവായ ടി.എം. സിദ്ധീഖിനെതിരെ അച്ചടക്ക നടപടി കൈക്കൊണ്ടപ്പോഴും ശ്രീരാമകൃഷ്ണൻ പക്ഷത്ത് നിലയുറപ്പിച്ച നേതാക്കളാണിവർ.
ഇ. സിന്ധുവിന് 80, എം.എ. ഹമീദിന് 95, പി.കെ. ഖലീമുദ്ധീന് 106, സുരേഷ് കാക്കനാത്തിന് 76 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. സുരേഷ് കാക്കനാത്തിനെതിരെ രണ്ട് വോട്ടു മാത്രം അധികം നേടിയാണ് മത്സരിച്ച പി.വി. ലത്തീഫ് ഏരിയ കമ്മിറ്റിയിലെത്തിയത്. മത്സരിച്ചവരെല്ലാം ടി.എം. സിദ്ധീഖിനെതിരെയുള്ള അന്വേഷണ കമീഷനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരാണ്. പൊതു ചർച്ചയിൽ നേതൃത്വത്തെ നിശിതമായി വിമർശിച്ച പി.വി. ലത്തീഫിന് ജയിക്കാനുമായി. മത്സരിച്ച് ജയിച്ച പി.വി. ലത്തീഫിനെ പിന്തുണച്ചതും നിർദേശിച്ചതും ടി.എം. സിദ്ദീഖ് പക്ഷത്തുള്ള യുവജന നേതാക്കളാണ്.
മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം ചേർത്തു വെച്ചാണ് ഔദ്യോഗിക നേതൃത്വം മത്സരത്തിന് പിന്നിൽ ആസൂത്രണമുണ്ടായിരുന്നു എന്ന് വിലയിരുത്തുന്നത്. എന്നിരുന്നാലും മത്സരത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് സമ്മേളനത്തിൽ മേൽക്കൈ നേടാനായില്ല. അതുകൊണ്ട് തന്നെ വിഭാഗീയ പ്രവണത ഉണ്ടായത് അന്വേഷിക്കാനും നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.