പൊന്നാനി വാണിജ്യ തുറമുഖ നിർമാണം പുതിയ കമ്പനിയെ ഏൽപിക്കാൻ ശ്രമം
text_fieldsപൊന്നാനി: പൊന്നാനിയുടെ സ്വപ്ന പദ്ധതികളൊന്നായ വാണിജ്യ തുറമുഖ നിർമാണം സമയപരിധി കഴിഞ്ഞിട്ടും പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കാത്ത മലബാർ പോർട്സ് കമ്പനിയെ പദ്ധതിയിൽനിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾക്ക് സർക്കാർ തുടക്കം കുറിച്ചു.
2015ൽ നിർമാണം ഏറ്റെടുത്ത കമ്പനി കാലാവധിക്കകം പൂർത്തിയാക്കാത്തതും വിശ്വാസ്യത തെളിയിക്കാത്തതും കണക്കിലെടുത്താണ് ഇവരെ ഒഴിവാക്കുന്നത്. കരാർ കമ്പനി സാമ്പത്തിക സ്രോതസ്സ് ബോധ്യപ്പെടുത്തിയില്ലെങ്കിൽ കമ്പനിയെ ഒഴിവാക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
പൊന്നാനി വാണിജ്യ തുറമുഖത്തിന് പുതിയ ടെൻഡർ ക്ഷണിക്കുമെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചതോടെ വീണ്ടും സന്നദ്ധത പ്രകടിപ്പിച്ച് മലബാർ പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയിരുന്നു.
എന്നാൽ, ഇവരുമായുള്ള കൂടിക്കാഴ്ചയിൽ ഉടൻ സാമ്പത്തിക സ്രോതസ്സ് ബോധ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും, ആഴ്ചകൾ കഴിഞ്ഞിട്ടും കമ്പനി മറുപടി നൽകിയിട്ടില്ല.
ഇതോടെയാണ് നിലവിലെ കമ്പനിയെ ഒഴിവാക്കി പുതിയ ടെൻഡർ ക്ഷണിക്കാൻ സർക്കാർ ആലോചിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് നിർമാണം ഇഴഞ്ഞു നീങ്ങിയതെന്നും, ഇപ്പോൾ സാമ്പത്തിക ഭദ്രത കമ്പനിക്കുണ്ടെന്നുമാണ് മലബാർ പോർട്സ് പ്രതിനിധികൾ ചർച്ചയിൽ പറഞ്ഞതെങ്കിലും രേഖകൾ ഇതുവരെ ഹാജരാക്കിയിട്ടില്ല.
പദ്ധതിക്കായി 29 ഏക്കർ ഭൂമി വേണമെന്ന് അക്കാലത്ത് ആവശ്യപ്പെട്ട കമ്പനിക്ക് 20 ഏക്കർ ഭൂമിയും സർക്കാർ കണ്ടെത്തി നൽകിയിരുന്നു. എന്നാൽ, ഒമ്പത് ഏക്കർ കൂടി വിട്ടു നൽകണമെന്നാണ് മലബാർ പോർട്സിെൻറ ആവശ്യം.
നിർമാണ കമ്പനി രേഖകൾ ഹാജരാക്കുന്ന മുറക്ക് ബാക്കി ഒമ്പത് ഏക്കർ നൽകാമെന്ന നിലപാടിലാണ് സർക്കാർ. ഈ സ്ഥലം വിട്ടുനൽകാതെ മറ്റു നടപടികളിലേക്ക് സർക്കാർ നീങ്ങിയാൽ നിലവിലെ കമ്പനി കേസുമായി പോകുമോ എന്ന ആശങ്കയും സർക്കാറിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.