സഹോദരിയുടെ മകളുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
text_fieldsപൊന്നാനി: പ്രണയിച്ച് വിവാഹം കഴിച്ചതിന് സഹോദരിയുടെ മകളുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഒളിവിലായിരുന്ന പ്രതി പൊന്നാനി പൊലീസിന്‍റെ പിടിയിലായി. അഴീക്കൽ സ്വദേശി ഹംസത്താണ് (41) പിടിയിലായത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ഹംസത്തിന്‍റെ സഹോദരിയുടെ മകളുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. ഇവർക്ക് ഒരു വയസ്സായ ആൺകുട്ടിയുണ്ട്.
പൊന്നാനി എം.ഇ.എസിന് പിൻവശത്താണ് ഇവർ ഉമ്മയുമൊന്നിച്ച് വാടകക്ക് താമസിച്ചിരുന്നത്. ഇതിനിടെ അയൽവാസി സവാദ് യുവതിയെ പ്രണയിക്കുകയും വീട്ടിലെത്തി വിവാഹം കഴിച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്തു. വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും വിഷയത്തിൽ നാട്ടുകാർ ഇടപെട്ടതിനെത്തുടർന്ന് നിക്കാഹ് ചെയ്തുനൽകി.
വിവാഹം കഴിഞ്ഞതോടെ യുവതിയുമായി ഒരു ബന്ധവുമില്ലെന്ന് വീട്ടുകാർ അറിയിക്കുകയും ചെയ്തു. ഇതിനിടെ, കുഞ്ഞിനെ കാണാനും സമ്മാനം നൽകാനും എത്തിയ ബന്ധുക്കളെ സവാദ് തിരിച്ചയച്ചു. ഇതിനെച്ചൊല്ലി യുവതിയുടെ മാതാവ് പ്രശ്നമുണ്ടാക്കിയിരുന്നു.
ഇതിനിടെയാണ് മാതാവിന്‍റെ സഹോദരനായ ഹംസത്ത് വീട്ടിൽ അതിക്രമിച്ചുകയറി സവാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വയറ്റിൽ കുത്തേറ്റ സവാദിന്‍റെ കുടൽ മുറിഞ്ഞിരുന്നു. പിടിച്ചുമാറ്റാൻ ശ്രമിച്ച സവാദിന്‍റെ സഹോദരനും മാരക പരിക്കേറ്റു.
നിരവധി കേസുകളിൽ പ്രതിയായ ഹംസത്ത് സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് സവാദിനുനേരെ വധശ്രമം നടന്നത്. തൃശൂർ പൊലീസിന്‍റെ സഹായത്തോടെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്.വധശ്രമത്തിനിടെ പരിക്കേറ്റ ഹംസത്ത് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.