പഴമയിൽ ആശങ്ക; പൊന്നാനിയിലെ കെട്ടിടങ്ങൾ ഓരോന്നായി തകരുമ്പോഴും കുലുക്കമില്ലാതെ അധികൃതർ
text_fieldsപൊന്നാനി (മലപ്പുറം): കാലപ്പഴക്കവും ബലക്ഷയവും മൂലം പൊന്നാനി അങ്ങാടിയിൽ പലതവണ കെട്ടിടങ്ങൾ തകർന്നു വീണിട്ടും നടപടി എടുക്കാതെ അധികൃതർ. ജീവന് ഭീഷണിയായി മാറിയ കെട്ടിടങ്ങൾ പൊളിക്കാൻ ഇച്ഛാശക്തിയില്ലാതെയാണ് ഭരണസമിതിയും അധികൃതരും മുന്നോട്ടുപോവുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്.
ഏതുനിമിഷവും നിലംപൊത്തുമെന്ന നിലയിൽ ഒട്ടനവധി കെട്ടിടങ്ങാണ് ടൗണിലുള്ളത്. നിരവധി കെട്ടിടങ്ങൾ പൊളിഞ്ഞു വീണിട്ടും രണ്ടുതവണ അഗ്നിബാധയുണ്ടായിട്ടും അധികൃതർക്ക് അനക്കമില്ലെന്നതിെൻറ അവസാനത്തെ ഉദാഹരണമാണ് ഫയർഫോഴ്സ് അധികൃതർ നൽകിയ റിപ്പോർട്ടിന്മേൽ തുടർനടപടികളില്ലാത്തത്.
ജനരോഷം ഉയർന്നാൽ മാത്രമെ ഇത്തരം കാര്യങ്ങളിൽ നടപടിയുണ്ടാകൂ എന്ന നിലപാടിലാണ് അധികൃതർ. ദുർബല കെട്ടിടങ്ങൾ പൊളിക്കാനായി സർവേ നടത്തി കണ്ടെത്തുകയും തുടർനടപടികളുമായി മൂന്നരവർഷം മുമ്പ് നഗരസഭ ഭരണസമിതി മുന്നോട്ടുപോയെങ്കിലും പാതിവഴിയിൽ നിലച്ചു.
പഴയ നിർമാണ രീതിയായതിനാൽ അപകടങ്ങൾ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പ്രയാസങ്ങളും ഫയർഫോഴ്സ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചെറിയൊരു തീ നാളമുണ്ടായാൽ പോലും തീ പടരുന്ന തരത്തിലാണ് കെട്ടിടങ്ങളുടെ നിർമാണം. ആവശ്യത്തിന് വാതിലുകളില്ലാത്തതിനാൽ കെട്ടിടത്തിനകത്ത് അപകടം സംഭവിച്ചാൽ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്.
വണ്ടിപ്പേട്ടയിൽ കെട്ടിടങ്ങളോട് ചേർന്നുതന്നെ പെട്രോൾ പമ്പ് പ്രവർത്തിക്കുന്നതിനാൽ തീപിടിത്തമുണ്ടായാൽ വൻ ദുരന്തത്തിനിടയാക്കുമെന്നും ഫയർഫോഴ്സ് നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം അറിഞ്ഞിട്ടും അധികൃതർ ഒരു നടപടിയും എടുക്കുന്നില്ല. ചില കെട്ടിട ഉടമകൾ സ്വന്തം ഇഷ്ടപ്രകാരം കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതൊഴിച്ചാൽ അധികൃതർ ഇക്കാര്യത്തിൽ അനങ്ങാപ്പാറ നയം കൈക്കൊള്ളുന്നതായാണ് ആക്ഷേപം.
ഫിറ്റ്നസില്ലാത്ത കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന കടകൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്ന് നഗരസഭ അധികൃതർ ആദ്യം അറിയിച്ചിരുന്നെങ്കിലും, പിന്നീട് ചില കടകൾക്ക് ലൈസൻസ് പുതുക്കി നൽകുകയും ചെയ്തു. ചില വ്യാപാര സംഘടനകളുടെ സമ്മർദം മൂലമാണ് ലൈസൻസ് പുതുക്കി നൽകിയതെന്നാണ് ആരോപണം.
തകർന്ന കെട്ടിടം മണിക്കൂറുകൾക്കകം പൊളിച്ചുനീക്കി
പൊന്നാനി വണ്ടിപ്പേട്ടയിൽ ഞായറാഴ്ച രാത്രി തകർന്ന കെട്ടിടത്തിെൻറ ബാക്കി ഭാഗങ്ങൾ മണിക്കൂറുകൾക്കകം പൊളിച്ചുനീക്കി. കെട്ടിടത്തിെൻറ ഭാഗങ്ങൾ പല തവണയായി പൊളിഞ്ഞു വീണിട്ടും കെട്ടിടം പൂർണമായി പൊളിച്ചു മാറ്റാത്തതിനെത്തുടർന്ന് കനത്ത പ്രതിഷേധമുയർന്നതോടെയാണ് മണിക്കൂറുകൾക്കകം പൊളിച്ചുമാറ്റിയത്. ഞായറാഴ്ച രാത്രിയുണ്ടായ അപകടത്തിൽ മുക്കാൽ ഭാഗവും തകർന്നിരുന്നു. ഇതേതുടർന്ന് കെട്ടിടം പൊളിച്ചു മാറ്റണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.
എന്നാൽ തിങ്കളാഴ്ച പകൽ കെട്ടിടം പൊളിക്കാമെന്ന നിലപാടിലായിരുന്നു അധികൃതർ. ഇതിനിടെ പ്രതിഷേധം ശക്തമായതിനാൽ വാർഡ് കൗൺസിലറും നഗരസഭ ചെയർമാനും അടിയന്തരമായി വിഷയത്തിൽ ഇടപെടുകയും തഹസിൽദാർക്ക് വിവരം നൽകുകയും ചെയ്തു. തുടർന്ന് തഹസിൽദാറുടെ നിർദേശ പ്രകാരം ഫയർഫോഴ്സും റവന്യൂ അധികൃതരും പൊലീസും സ്ഥലെത്തത്തിയാണ് കെട്ടിടം പൊളിച്ച് അപകട സാധ്യത ഒഴിവാക്കിയത്. പൊന്നാനി അങ്ങാടിയിൽ മനുഷ്യജീവന് ഭീഷണിയായി നിരവധി കെട്ടിടങ്ങളാണ് നിലകൊള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.