വീട് കടൽ കവരുമ്പോഴും തളർന്ന ശരീരവുമായി നിസ്സഹായതയോടെ ആയിഷ
text_fieldsപൊന്നാനി: വീശിയടിക്കുന്ന തിരമാലകൾ തെൻറ കട്ടിലിനടിയിലൂടെ ആർത്തലച്ച് പോകുമ്പോഴും ശരീരമനക്കാനാകാതെ വിധിയോട് മല്ലിടുകയാണ് പൊന്നാനി ഹിള്ളർ പള്ളിക്ക് വടക്ക് ഭാഗം താമസിക്കുന്ന കണ്ടത്ത് വീട്ടിൽ ആയിഷയെന്ന വയോധിക. കടലാക്രമണങ്ങളിൽ വീട്ടിനുള്ളിലേക്ക് തിരമാലകൾ പാഞ്ഞെത്തുമ്പോഴും മക്കൾക്ക് ആശ്വാസമായും വീട്ടിലെ കടൽവെള്ളവും ചളിയും കോരിക്കളഞ്ഞും ആത്മവിശ്വാസം പകർന്നിരുന്ന ആയിഷ ഇന്ന് എല്ലാം വിധിയെന്ന് സമാധാനിച്ച് അനക്കമില്ലാതെ വീടിനുള്ളിൽ കഴിയുകയാണ്.
ഓരോ കടലാക്രമണം കഴിഞ്ഞാലും പുതിയ പ്രതീക്ഷയുമായി കടലിനരികിലെ വീട്ടിൽ തന്നെ കഴിഞ്ഞുകൂടുന്നതിനിടെയാണ് വിധി ഇവർക്ക് മറ്റൊരു ദുരിതം കൂടി നൽകിയത്. മൂന്നുമാസം മുമ്പ് വീടിനകത്ത് വീണ് പരിക്കേറ്റതിനെത്തുടർന്ന് ചലനശേഷി നഷ്ടമായ ആയിഷയെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനാകാതെ കിടപ്പിലായി. ഈ ദുരിതത്തിനിടെയാണ് പെരുന്നാൾ ദിനത്തിലെത്തിയ കടലിെൻറ താണ്ഡവത്തിൽ ഈ കുടുംബം ശരിക്കും പകച്ചുപോയത്.
കടൽത്തിരമാലകൾ വീട്ടിലൂടെ കയറിയിറങ്ങുമ്പോൾ ചലനമറ്റ് കിടക്കുന്ന ഉമ്മയെ മുട്ടോളം വെള്ളത്തിൽ എങ്ങോട്ട് കൊണ്ടുപോകണമെന്നറിയാതെ ആദ്യം ഭയന്നെങ്കിലും പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിെൻറ ഇടപെടലിലൂടെ ഇവരുടെ ബന്ധുവീട്ടിലേക്ക് ആംബുലൻസിൽ മാറ്റി. ദുരിതപൂർണമായ നിലയിൽ നിരവധി കുടുംബങ്ങളാണ് ഇപ്പോഴും കടലാക്രമണ ഭീതിയിൽ പൊന്നാനി താലൂക്കിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.