കുത്തിയൊഴുകി ഭാരതപ്പുഴ; ജലനിരപ്പ് മൂന്നര മീറ്ററായി
text_fieldsപൊന്നാനി: വെള്ളിയാങ്കല്ല് റഗുലേറ്റർ കം ബ്രിഡ്ജിന്‍റെ ഷട്ടറുകൾ ഉയർത്തിയതോടെ ഭാരതപ്പുഴയിലെ നീരൊഴുക്ക് വർധിച്ചു. മൂന്ന് ദിവസം കൊണ്ട് ജലനിരപ്പ് മൂന്നര മീറ്ററായി. ഇനിയുമുയർന്നാൽ കരകവിയുമെന്ന ഭീതിയിലാണ് പുഴയോര വാസികൾ. പ്രളയ സമയത്ത് 4.8 മീറ്ററായിരുന്നു ഭാരതപ്പുഴയിലെ ജലനിരപ്പ്.
ഷട്ടറുകൾ ഉയർത്തിയതോടെ നീരൊഴുക്കും ഗണ്യമായി വർധിച്ചു. ഭാരതപ്പുഴയിൽ കർമ റോഡരികിൽ ഇരുകരയും മുട്ടിയാണ് ഒഴുകുന്നത്. പുഴയോരത്തെ പുൽക്കാടുകളെല്ലാം വെള്ളത്തിനടിയിലായി. ജലവിതാനം ഉയർന്നാൽ ഭാരതപ്പുഴയിലേക്ക് മഴവെള്ളം ഒഴുക്കി വിടാൻ സ്ഥാപിച്ച പൈപ്പുകളിലൂടെ വെള്ളം തിരിച്ചൊഴുകും.
ഇത് ജനവാസ മേഖലയിലേക്കാണ് എത്തുക. നിരപ്പ് ഇനിയും ഉയർന്നാൽ പ്രദേശങ്ങൾ വെള്ളക്കെട്ടിലാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. എന്നാൽ, നിലവിൽ ആശങ്കക്കുള്ള സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു.
ഭാരതപ്പുഴയോരങ്ങൾ പഞ്ചായത്ത് അധികൃതർ സന്ദർശിച്ചു
എടപ്പാൾ: മഴക്കെടുതി മുന്നൊരുക്ക ഭാഗമായി കാലടി ഗ്രാമപഞ്ചായത്ത് അധികൃതർ സന്ദർശനം നടത്തി. ഭാരതപ്പുഴയോരങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. അത്യാവശ്യ സാഹചര്യം വന്നാൽ ആളുകളെ മാറ്റിത്താമസിപ്പിക്കാനുള്ള ഒരുക്കവും സംഘം പരിശോധിച്ചു.
എല്ലാ വാർഡിലും വാർഡ് അംഗങ്ങളുടെ നേതൃത്വത്തിൽ മുന്നൊരുക്കം നടത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം കെ. തിരുത്തി പറഞ്ഞു. പൊന്നാനി തഹസിൽദാർ ഷീല, ഡെപ്യൂട്ടി തഹസിൽദാർ സുരേഷ്, പഞ്ചായത്ത് പ്രസിഡന്റ് അസ്‌ലം കെ. തിരുത്തി, പഞ്ചായത്ത് സെക്രട്ടറി ഷാജി എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.