ബിയ്യം കായൽ ജലോത്സവം: കായൽ കുതിര ജലരാജാവ്
text_fieldsപൊന്നാനി: ഓളപ്പരപ്പുകൾക്ക് നിറച്ചാർത്ത് നൽകി ആവേശകരമായ പൊന്നാനി ബിയ്യം കായൽ ജലോത്സവത്തിൽ കായൽ കുതിര കിരീടം ചൂടി. അവിട്ടം നാളിൽ ജല വീരന്മാരുടെ മാസ്മരിക പ്രകടനം കാണാൻ തടിച്ചുകൂടിയ കാഴ്ചക്കാരെ സാക്ഷിനിർത്തിയാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മേജർ വിഭാഗത്തിലും മൈനർ വിഭാഗത്തിലും കായൽ കുതിര വിജയ തീരമണിഞ്ഞത്. മൈനർ വിഭാഗത്തിൽ യുവരാജയെയും വജ്രയെയുമാണ് തോൽപിച്ചത്. രണ്ടാം സ്ഥാനം യുവരാജക്ക് ലഭിച്ചു. മേജർ വിഭാഗത്തിൽ പറക്കും കുതിരയും കെട്ടുകൊമ്പനുമായിരുന്നു Aഎതിരാളികൾ. രണ്ടാം സ്ഥാനം കെട്ടുകൊമ്പന് ലഭിച്ചു.
കായിക മന്ത്രി വി. അബ്ദുറഹിമാൻ ജലോത്സവം ഉദ്ഘാടനം ചെയ്തു. പി. നന്ദകുമാർ എം.എൽ.എ അധ്യക്ഷത വഹിച്ചു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അഡ്വ. ഇ. സിന്ധു, സി. രാമകൃഷണൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, എ.ഡി.എം എൻ.എം. മെഹറലി, ആർ.ഡി.ഒ സുരേഷ്, തഹസിൽദാർ ഷാജി എന്നിവരും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സന്നിഹിതരായിരുന്നു.
മേജർ, മൈനർ വിഭാഗങ്ങളിലായി 24 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ എം.എൽ.എ വിതരണം ചെയ്തു
മലബാറിലെ ഏറ്റവും പ്രശസ്തമായ ബിയ്യം കായൽ ജലോത്സവം കാണാൻ മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽനിന്നായി ആയിരക്കണക്കിനാളുകളാണ് കായലിന്റെ ഇരുകരകളിലുമായി തടിച്ചുകൂടിയത്. മത്സരത്തിന് മുന്നോടിയായി വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ ജലഘോഷയാത്രയും ശിങ്കാരിമേളവും നടന്നു. ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയുമാണ് സമ്മാനത്തുക. മേജറിലും മൈനറിലും ഒന്നാം സ്ഥാനം നേടിയ കായൽ കുതിരയുടെ തുഴക്കാരായെത്തിയത് നെഹ്റു ട്രോഫി വള്ളം കളിയിലെ വിജയികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.