മനോഹരം, പുളിക്കക്കടവിലെ രാത്രികാല കാഴ്ചകൾ
text_fieldsപൊന്നാനി: മാറ്റത്തിന്റെ പാതയിലാണ് പൊന്നാനി പുളിക്കക്കടവ്. അറ്റകുറ്റപ്പണികൾ പൂർത്തിയായ ബിയ്യം തൂക്കുപാലത്തിൽ അക്ബർ ട്രാവത്സിന്റെ സഹകരണത്തോടെ അലങ്കാര വിളക്കുകളാൽ മനോഹരമാക്കിയതോടെ ഇതിലൂടെ നടക്കാനും രാത്രി കായൽക്കാറ്റ് ആസ്വദിക്കാനും കുടുംബസമേതം നിരവധി പേരാണ് എത്തുന്നത്.
ജില്ലയിലെ നമ്പർ വൺ കായൽ ടൂറിസം സ്പോട്ടിലേക്ക് പൊന്നാനിയിലെ ഈ കായൽ തീരം മാറുകയാണ്. രാത്രി കായലിലെ അതിമനോഹര കാഴ്ചയായി ഈ പാലം മാറി.
കായൽത്തീരത്തെ സുന്ദരിയാക്കാൻ നഗരസഭ സമർപ്പിച്ച ഒരു കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചു. ലാൻഡ്സ്പേക്, മനോഹര ചുറ്റുമതിൽ, പവിലിയൻ പുനർനിർമാണം, സെക്യൂരിറ്റി കാബിൻ, ഇലക്ട്രിക്കൽ ആൻഡ് പ്ലംബിങ് പ്രവൃത്തികൾ തുടങ്ങി കായൽത്തീരത്ത് പൂർണാടിസ്ഥാന സൗകര്യങ്ങളൊരുക്കും.
കായലിൽ ടൂറിസം പാർക്കും വിവിധ റൈഡുകളും തുടങ്ങാനായി സ്വകാര്യ കമ്പനിക്ക് കരാറും നൽകി. നേരത്തേ ഡി.ടി.പി.സിയുടെ കൈവശമായിരുന്നു കായൽപ്രദേശം. ഇതിനാൽ നഗരസഭയുടെ ഇടപെടലുകളും പദ്ധതികളും കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല. അറ്റകുറ്റപ്പണികൾ വരെ വർഷങ്ങളോളം നീണ്ടുപോകുന്ന സാഹചര്യമുണ്ടായി.
തൊട്ടുപിന്നാലെയാണ് നഗരസഭ ഡി.ടി.പി.സിയിൽനിന്ന് ഭൂമി ഏറ്റെടുക്കുന്നത്. ഇതിനുശേഷം 17 ലക്ഷം രൂപയോളം ചെലവഴിച്ച് നവീകരിച്ചു. അനുബന്ധ ടൂറിസം പദ്ധതികൾ കൂടി യാഥാർഥ്യമായാൽ പൊന്നാനിയുടെ ഹൃദയകേന്ദ്രമായി പുളിക്കക്കടവ് മാറുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.