കാത്തിരിപ്പ് അവസാനിച്ചു; ബിയ്യം കായൽ തൂക്കുപാലം അറ്റകുറ്റപ്പണി പൂർത്തിയായി
text_fieldsപൊന്നാനി: ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നഗരസഭക്ക് വിട്ടുനൽകിയ ബിയ്യം പുളിക്കടവ് പ്രദേശത്ത് നഗരസഭയുടെ അടിയന്തര ഇടപെടൽ. തകർന്ന് ഗതാഗതം നിലച്ച ബിയ്യം തൂക്കുപാലം അറ്റകുറ്റപ്പണികൾ നടത്തി നാടിന് സമർപ്പിക്കുന്നു. ബിയ്യം കായൽ ടൂറിസം പ്രദേശത്തിന് മിഴിവേകാൻ നവീകരിച്ച തൂക്കുപാലം തിങ്കളാഴ്ച തുറന്ന് കൊടുക്കും. കാൽ നടയാത്ര പോലും ദുസ്സഹമായ പുളിക്കകടവ് തൂക്കുപാലത്തിന്റെ അറ്റകുറ്റപണികളാണ് അടിയന്തരമായി പൂർത്തീകരിച്ചത്. പാലത്തിന്റെ പടികളിലെയും മുകൾ ഭാഗത്തെയും ഷീറ്റുകൾ മാറ്റിയാണ് പണികൾ പൂർത്തീകരിച്ചത്.
പ്രവൃത്തികൾ സുഗമമായി നടത്തുന്നതിന്റെ ഭാഗമായി ഇതിലൂടെയുള്ള സഞ്ചാരം നിരോധിച്ചിരുന്നു. ഷീറ്റുകൾ വെൽഡ് ചെയ്യുന്ന പ്രവൃത്തികൾ വളരെ വേഗമാണ് പൂർത്തിയാക്കിയത്. പെയിൻറിങ്ങും നടത്തി സഞ്ചാരയോഗ്യമാക്കി. കെൽകമ്പനിയാണ് നിർമാണം നടത്തിയത്. നേരത്തെ പുനർനിർമാണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം മൂലം അറ്റകുറ്റപണികൾ വൈകുകയായിരുന്നു.
17.5 ലക്ഷം രൂപ ചെലവിലാണ് പൊന്നാനി മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കക്കടവ് കായൽ തീരത്ത് നടപ്പാലം അറ്റകുറ്റപ്പണികൾ നടന്നത്. ബിയ്യം ജലോത്സവത്തിന്റെ ഭാഗമായി നൂറു കണക്കിനാളുകൾക്ക് ഇനി തൂക്കുപാലത്തിൽനിന്ന് വള്ളം കളി കാണാനാകും. തിങ്കളാഴ്ച വൈകീട്ട് നാലിന് പി. നന്ദകുമാർ എം.എൽ.എ നവീകരിച്ച പാലം ഉദ്ഘാടനം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.