മുറവിളികൾക്കൊടുവിൽ നവീകരണം പൂർത്തിയായി; ബിയ്യം തൂക്കുപാലം നാടിന് സമർപ്പിച്ചു
text_fieldsപൊന്നാനി: കാത്തിരിപ്പിനും മുറവിളികൾക്കുമൊടുവിൽ ബിയ്യം തൂക്കുപാലം അറ്റകുറ്റപ്പണികൾ തീർത്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തു.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ നഗരസഭക്ക് വിട്ടുനൽകിയ ബിയ്യം പുളിക്കടവ് പ്രദേശത്ത് നഗരസഭയുടെ അടിയന്തര ഇടപെടലിനെതുടർന്നാണ് തൂക്കുപാലം അറ്റകുറ്റപ്പണികൾ തീർത്തത്. ഇതിലൂടെ കാൽ നടയാത്ര പോലും ദുസ്സഹമായിരുന്നു.
പടികളിലെയും മുകൾ ഭാഗത്തെയും ഷീറ്റുകൾ മാറ്റിയാണ് പാലം നവീകരിച്ചത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി ഇതിലൂടെ സഞ്ചാരം നിരോധിച്ചിരുന്നു. ഷീറ്റുകൾ വെൽഡ് ചെയ്യുന്ന പ്രവൃത്തികൾ വളരെ വേഗമാണ് പൂർത്തിയാക്കിയത്.
തുടർന്ന് പെയിൻറിങ്ങും നടത്തി സഞ്ചാരയോഗ്യമാക്കി. കെൽ കമ്പനിയാണ് നിർമാണം നടത്തിയത്. 17.5 ലക്ഷം രൂപ ചെലവിലാണ് പൊന്നാനി, മാറഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കക്കടവ് കായൽ തീരത്ത് തൂക്കുപാലം അറ്റകുറ്റപ്പണികൾ നടത്തിയത്. ബിയ്യം ജലോത്സവം ഇനി നൂറുകണക്കിനാളുകൾക്ക് തൂക്കുപാലത്തിൽനിന്ന് കാണാനാകും. നവീകരിച്ച തൂക്കുപാലം പി. നന്ദകുമാർ എം.എൽ.എ നാടിന് സമർപ്പിച്ചു.
നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർത്ഥൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രജീഷ് ഊപ്പാല, ഒ.ഒ. ശംസു, ഡി.ടി.പി.സി പ്രതിനിധി പി.വി. അയ്യൂബ്, നഗരസഭ കൗൺസിലർ പി.വി. ലത്തീഫ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.