സങ്കടതീരം; കാത്തിരിപ്പിെൻറ മണിക്കൂറുകളിൽ തീരമേഖല
text_fieldsപൊന്നാനി: ഞായറാഴ്ച പുലർച്ച ശാന്തമായ കടലിലിറങ്ങുമ്പോൾ മത്സ്യത്തൊഴിലാളികൾ കരുതിയില്ല, വരാനിരിക്കുന്നത് അഗ്നിപരീക്ഷയുടെ മണിക്കൂറുകളാണെന്ന്.
രാവിലെ മുതൽ കാലാവസ്ഥയിൽ മാറ്റമുണ്ടാവുകയും കടൽ പ്രക്ഷുബ്ധമാവുകയും ചെയ്തതോടെ തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളും വള്ളങ്ങളും കരക്കെത്തി തുടങ്ങി. ഇതിനിടെ കാലാവസ്ഥ മുന്നറിയിപ്പും വന്നു. ആഴക്കടൽ മത്സ്യബന്ധനം നടത്തിയിരുന്ന തൊഴിലാളികൾ തിരിച്ച് കരയിലെത്തുമ്പോഴേക്കും കടലിെൻറ സ്വഭാവം പാടെ മാറി.
കരയിൽനിന്ന് പത്ത് നോട്ടിക്കൽ മൈൽ അകലെയെത്തിയവർ പോലും ചുഴിയിൽപെട്ട് മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് കരയിലേക്കെത്തിയത്.
കഴിഞ്ഞ ദിവസം രാത്രി നൂറുൽ ഹുദ എന്ന ഫൈബർ വള്ളം അപകടത്തിൽപെട്ട് ഒരാളെ കാണാതായെന്ന വിവരമാണ് ആദ്യം ലഭിച്ചത്.
പൊന്നാനി സ്വദേശിയായ കബീറിന് വേണ്ടി തിരച്ചിൽ നടത്തുന്നതിനിടെയാണ് താനൂരിൽനിന്ന് മീൻപിടിത്തത്തിന് പോയ 'പൊന്നൂസ്' വള്ളം അപകടത്തിൽപെട്ടതും വള്ളത്തിലെ ഉബൈദ്, കുഞ്ഞിമോൻ എന്നിവരെ കാണാനില്ലെന്നതും അറിഞ്ഞത്. ഇതിനിടെ പൊന്നാനിയിൽനിന്ന് പോയ മഹാലക്ഷ്മി ബോട്ടും ആറ് തൊഴിലാളികളും അപകടത്തിൽപെട്ട വിവരവും വന്നു.
പൊന്നാനി സ്വദേശികളായ ചൊക്കിൻറകത്ത് സുബൈർ, ഹാജിയാരകത്ത് നാസർ, കുഞ്ഞിരായിൻ വീട്ടിൽ മുനവ്വിർ, കുഞ്ഞൻ ബാവ, ഷെഫീർ, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.
രണ്ട് വള്ളങ്ങളിലുണ്ടായിരുന്ന പൊന്നാനി മുക്കാടി സ്വദേശി മദാറിെൻറ വീട്ടിൽ കബീർ (35), താനൂർ സ്വദേശികളായ കെട്ടുങ്ങൽ കുഞ്ഞുമോൻ, കുഞ്ഞാലകത്ത് ഉബൈദ് എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. ഞായറാഴ്ച രാത്രി ആദ്യ അപകടം സംഭവിച്ചപ്പോൾ തന്നെ ഫിഷറീസ് ബോട്ട് വഴിയുള്ള രക്ഷാപ്രവർത്തനം ദുഷ്കരമായി.
വാടകക്കെടുത്ത ഫിഷറീസ് ബോട്ടിന് കേടുപാടുള്ളതിനാൽ ആഴക്കടലിൽ പോകാൻ കഴിയാതെ അഴിമുഖത്ത് പരിശോധനയാണ് നടന്നത്. കൂടുതൽ പേർ അപകടത്തിൽപെട്ടതിനാൽ കോസ്റ്റ് ഗാർഡ് ഡോണിയർ വിമാനവും മറൈൻ എൻഫോൻമെൻറും രക്ഷാപ്രവർത്തനത്തിനിറങ്ങി. പ്രാർഥനയോടെ കുടുംബവും മത്സ്യത്തൊഴിലാളികളും.
ജീവെൻറ കാവൽക്കാരായി 'കേരള സൈന്യം'
പൊന്നാനി: സർക്കാർ സംവിധാനങ്ങൾ ഇഴഞ്ഞുനീങ്ങിയപ്പോൾ ജീവെൻറ കാവൽക്കാരായത് കേരളത്തിെൻറ 'സൈന്യം'. കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടിയുള്ള തിരച്ചിലിനായി പൊന്നാനിയിൽനിന്ന് പുറപ്പെട്ട ബോട്ടുകളിലെ മത്സ്യത്തൊഴിലാളികളാണ് അപകടത്തിൽ പെട്ടവർക്ക് രക്ഷകരായത്.
ഞായറാഴ്ച രാത്രിയിൽ രണ്ട് ഫൈബർ വള്ളങ്ങളും ഒരു ബോട്ടും അപകടത്തിൽ പെട്ടിട്ടും രക്ഷാപ്രവർത്തനം ഇഴഞ്ഞു നീങ്ങിയിടത്ത് ആത്മധൈര്യത്തോടെയുള്ള ഇവരുടെ പരിശ്രമമാണ് ബോട്ടപകടത്തിൽ പെട്ട ആറ് പേരുടെ ജീവൻ രക്ഷിച്ചത്.
അപകടത്തിൽ പെട്ട ബോട്ട് കൊച്ചി ഭാഗത്തുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലാണ് ബോട്ടുകൾ പൊന്നാനിയിൽ നിന്ന് പുറപ്പെട്ടത്. ഇതിനിടെ തൃശൂർ മന്ദലാംകുന്ന് ഭാഗത്ത് വെച്ച് ലൈഫ് ജാക്കറ്റ് ധരിച്ച് നീന്താൻ പോലും അവശരായി കടലിൽ പൊങ്ങിക്കിടക്കുന്നവരെ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ആറ് ബോട്ടുകളിലായി 70ൽപരം മത്സ്യത്തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത്. പൊന്നാനി സ്വദേശികളുടെ അലിഫ്, മദനിയ, ഫിദ മോൾ, ഷിഫാന മോൾ, അക്ബർ, ആയിഷാബി എന്നീ ബോട്ടുകളാണ് തിരച്ചിലിനായി പോയത്.
കോസ്റ്റ് ഗാർഡും എയർക്രാഫ്റ്റും മറൈൻ എൻഫോഴ്സ്മെൻറും ഫിഷറീസ് ഡിപ്പാർട്ട്മെൻറും കൊച്ചി മുതൽ ബേപ്പൂർ വരെ പ്രത്യേകം തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും ഫലം കാണാത്തതുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലും തിരച്ചിലിനായി പുറപ്പെട്ടത്.
ബോട്ടുകൾക്ക് കടലിലിറങ്ങാൻ ഉദ്യോഗസ്ഥർ ആദ്യം അനുമതി നൽകിയില്ല. ഏറെ സമ്മർദങ്ങൾക്കൊടുവിലാണ് അനുമതി ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.